Breaking News

ബൈക്കിന് കൊമ്പ് മുളച്ചാല്‍

ചെവികളാട്ടി, തുമ്പിക്കൈയില്‍ പനമ്പട്ടയും ചുരുട്ടി തലയെടുപ്പുള്ളൊരു കൊമ്പന്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്നതുപോലെയാണ് ഒരു റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സെന്റര്‍ സ്റ്റാന്‍ഡില്‍ വീട്ടുവാതില്‍ക്കലുണ്ടെങ്കില്‍ . കഴിഞ്ഞ വര്‍ഷം ഒന്നേമുക്കാല്‍ ലക്ഷം ഇന്ത്യക്കാര്‍ ഇങ്ങനെ കരുതിയപ്പോള്‍ ബുള്ളറ്റിന്റെ നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്‌സ് നേടിയത് മുന്‍വര്‍ഷത്തേക്കാള്‍ 55 ശതമാനം വളര്‍ച്ച.

ഇന്ത്യ കാണാനെത്തിയ വിദേശിയെ നോക്കുന്ന അതേ കണ്ണുകളായിരുന്നു 2010ല്‍ ഇവിടെ എത്തിയ ഹാര്‍ലി ഡേവിഡ്‌സണിനെ പിന്തുടര്‍ന്നത്. കൊതിമൂത്ത ചിലര്‍ ഈ വിദേശിയെ ‘ലൈഫ്ബുക്കിന്റെ പ്രൊഫൈല്‍ പിക്’ ആക്കാന്‍ തീരുമാനിച്ചു. 2013 അവസാനിച്ചപ്പോഴേക്കും 4,000 ഇന്ത്യക്കാര്‍ ഇരുചക്രത്തിലോടുന്ന ഈ വിദേശ പൗരന്‍മാരുടെ പുറത്തേറി. കൂടിപ്പോയാല്‍ ഒരു വര്‍ഷം 800 ഹാര്‍ലി വാങ്ങാനേ ഇന്ത്യയില്‍ ആളുണ്ടാവു എന്നായിരുന്നു കടുത്ത ആരാധകര്‍ പോലും കരുതിയിരുന്നത്, ഒരുപക്ഷെ കമ്പനിയും!

ഇനി കാത്തിരിക്കുന്നത് മിസ്റ്റര്‍ വേള്‍ഡ് പട്ടം കിട്ടിയപോലെ മസിലൊക്കെ ഉരുട്ടിയും വിറപ്പിച്ചും വരുന്ന ബ്രിട്ടീഷുകാരന്‍ ട്രയംഫിന്റെ മോഡലുകളെയാണ്. എത്ര മിസ്റ്റര്‍മാര്‍ ട്രയംഫിന്റെ മസില്‍ കണ്ട് ഭ്രമിക്കും എന്ന് മറ്റ് കമ്പനികളും ഭയക്കുന്നുണ്ട്. പക്ഷെ ഭയം അസ്ഥാനത്താണെന്ന് ഇതിനകം ഇന്ത്യന്‍ ഹൈ-എന്‍ഡ് ബൈക്ക് വിപണി തെളിയിച്ചു കഴിഞ്ഞു.

ഹൈ-എന്‍ഡ് ബൈക്കുകളുടെ ഇരുചക്രങ്ങള്‍ ഇന്ത്യയില്‍ തലങ്ങും വിലങ്ങും തരംഗം തീര്‍ക്കുകയാണ്. ഇതിലേക്ക് ഇന്ത്യന്‍ യുവത്വത്തെ നയിച്ചതില്‍ മുന്‍നിരക്കാര്‍ റോയല്‍ എന്‍ഫീല്‍ഡ് ആണ്. തരംഗത്തെ ആളികത്തിക്കാന്‍ എണ്ണ പകര്‍ന്നത് ഹാര്‍ലിയും. രണ്ട് ബ്രാന്‍ഡുകളും തമ്മില്‍ അറിയാതെയെങ്കിലും ചില കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിയിട്ടുണ്ട്, ബൈക്കിങ് ഒരു വികാരമായി കൊണ്ടുനടക്കുന്നവരുടെ മനസ്സുകളിലൂടെ. എന്നും ആരാധനയോടെ മാത്രം ആളുകള്‍ കണ്ടിരുന്ന ബുള്ളറ്റായിരുന്നു ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും വില കൂടിയ ബൈക്ക്.
ഹാര്‍ലി ഇന്ത്യയിലെത്തിയപ്പോഴാണ് ആളുകളുടെ മനസ്സില്‍ ഒരു ചാഞ്ചാട്ടം വന്നത്. ആരാധനയുണ്ടെങ്കിലും വാങ്ങാതിരുന്നവരൊക്കെ ബുള്ളറ്റ് ബുക്ക് ചെയ്യാന്‍ തുടങ്ങി. കാരണം ലളിതമായിരുന്നു. വിലകുറഞ്ഞ ബൈക്കുകളുടെയും വിലകൂടിയ ബൈക്കിന്റെയും ‘ഇടനിലക്കാരന്‍’ ആയിരുന്നു ബുള്ളറ്റ്. മറ്റു ബൈക്കുകള്‍ക്ക് 45,000-50,000 രൂപയില്‍ നിന്ന് 70,000-80,000 രൂപയായപ്പോള്‍, ആളുകള്‍ അല്‍പ്പം കൂടി വിലയുള്ള ബുള്ളറ്റിലേക്ക് നോക്കി.
ബുള്ളറ്റിന് ഉടമസ്ഥര്‍ കൂടിയപ്പോള്‍ ബൈക്ക് ആഡംബരത്തിന്റെ മറുകര കാണാന്‍ മോഹിച്ചവര്‍ ഹാര്‍ലിക്ക് പിന്നാലെ പോയി. ഹാര്‍ലിയുടെ വരവ് എന്‍ഫീല്‍ഡിനും എന്‍ഫീല്‍ഡിന്റെ വളര്‍ച്ച ഹാര്‍ലിക്കും വളമായെന്ന് ചുരുക്കം.
ലോകത്ത് ഏറ്റവുമധികം കാലം തുടര്‍ച്ചയായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഒറ്റ ബൈക്കേയുള്ളു അത് റോയല്‍ എന്‍ഫീല്‍ഡ് ആണ്. എന്നിട്ടും വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറിയ കഥയാണ് ഈ രാജകീയ ബ്രാന്‍ഡിന്റേത്. ബ്രിട്ടീഷ് കമ്പനിയായ റോയല്‍ എന്‍ഫീല്‍ഡ് ആണ് ബുള്ളറ്റ് പുറത്തിറക്കിയത്. എന്നാല്‍ 1971ല്‍ കമ്പനി പൂട്ടി. ബുള്ളറ്റിന്റെ മദ്രാസിലെ (ഇപ്പോള്‍ ചെന്നൈ) ഇന്ത്യന്‍ നിര്‍മാണ യൂണിറ്റ് റോയല്‍ എന്‍ഫീല്‍ഡ് എന്ന ബ്രാന്‍ഡും നിര്‍മ്മാണ അവകാശവും വാങ്ങി. അതോടെ, ജന്മംകൊണ്ട് വിദേശിയായ ബുള്ളറ്റ് ഇന്ത്യന്‍ പൗരനായി.
എന്നാല്‍ 70കളും 80കളും കമ്പനിയുടെ ജാതകത്തില്‍ കണ്ടകശനിയായിരുന്നു. കടം ഫസ്റ്റ് ഗിയറില്‍ നിന്ന് ഇടവേളയെടുക്കാതെ ഫോര്‍ത്ത് ഗിയറിലെത്തി. 2000 പിറന്നതോടെ കമ്പനിക്ക് ഗജകേസരിയോഗത്തിന്റെ ശൈശവം തുടങ്ങി. 2009ല്‍ ‘ക്ലാസ്സിക്’ ബ്രാന്‍ഡ് വിപണിയിലെത്തിച്ചതോടെ ഗജം കേസരിത്തലയുള്ള സിംഹാസനമേറി.
2010ല്‍ മാത്രം 50,000 ബുള്ളറ്റുകള്‍ ഇന്ത്യയിലിറങ്ങി (ഹാര്‍ലി ഇന്ത്യയിലവതരിച്ച വര്‍ഷവുമായി ചേര്‍ത്തുവായിക്കണം). 2012ല്‍ 1.13 ലക്ഷവും.ഇതിനിടെ ഒരു ശ്രമവുമില്ലാതെ മറ്റൊരു വിപണി കൂടി വളര്‍ന്നു. ബുള്ളറ്റിന്റെ സെക്കന്‍ഡ് ഹാന്‍ഡ് വില്‍പ്പന. പഴയ ബുള്ളറ്റ് പറയുന്ന വില നല്‍കി എടുക്കാന്‍ ആളുണ്ട്. മൂന്ന് മുതല്‍ 10 മാസം വരെയാണ് പുതിയ ബുള്ളറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടിവരുന്നത്. ക്ലാസ്സിക് യുഗത്തോടെ കേവലം 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും വിറ്റൊഴിവാക്കിയിരുന്ന പഴയ ബുള്ളറ്റിന് വില ഒരു ലക്ഷം കടന്നു.
ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്നു പറഞ്ഞപോലെ കഴിഞ്ഞവര്‍ഷം മറ്റൊന്നു കൂടി സംഭവിച്ചു. സ്പീഡ് ലക്ഷ്യമിട്ട് ‘കോണ്ടിനന്റല്‍ ജി.ടി’ എന്ന മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് പരമ്പരയില്‍ നിന്നിറങ്ങി. ആശാന്‍ ‘ന്യൂ ജെന്‍’ന്റെ അത്യന്താധുനികനാണ്. ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്പേ ലണ്ടനില്‍. ബ്രിട്ടീഷ് കമ്പനി, ഇന്ത്യന്‍ കമ്പനിയായ ശേഷം ഉത്പന്നം ജന്മനാട്ടില്‍ വില്‍ക്കാന്‍ കൊണ്ടുചെന്നു! പ്രമുഖ ബൈക്ക് ബ്രാന്‍ഡുകളൊക്കെ ഇന്ത്യയിലേക്ക് വരാന്‍ തുടങ്ങിയപ്പോള്‍ ഇന്ത്യന്‍ ബ്രാന്‍ഡ് ആയ എന്‍ഫീല്‍ഡ് വിദേശത്തേക്ക് കണ്ണ് വെച്ചാണ് പുതിയ മോഡല്‍ ഇറക്കിയിരിക്കുന്നത്. മിഡ്‌സൈസ് ബൈക്ക് വിഭാഗത്തില്‍ ഈ മോഡലിലൂടെ ലോകവിപണിയില്‍ ശക്തമായ സാന്നിധ്യമുറപ്പിക്കാമെന്നാണ് എന്‍ഫീല്‍ഡിന്റെ കണക്കുകൂട്ടല്‍. കോണ്ടിനന്റല്‍ ജി.ടി.ക്ക് 2.05 ലക്ഷം രൂപയാണ് കേരളത്തിലെ വില. ബേസ് മോഡലായ ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡിന് 1.10 ലക്ഷവും.

എന്‍ഫീല്‍ഡ് കുറഞ്ഞവിലയുള്ള മോഡലുകളില്‍ നിന്ന് കൂടുതല്‍ വിലയിലേക്ക് കടന്നപ്പോള്‍ ഹാര്‍ലി കൂടുതല്‍ വിലയുള്ള മോഡലുകളില്‍ നിന്ന് എന്‍ട്രി ലെവല്‍ മോഡലിലേക്കാണ് ചക്രമുരുട്ടുന്നത്. ഹാര്‍ലിയുടെ ബേസ് മോഡലുകളിലൊന്നായ സ്ര്ടീറ്റ് 750യെ വൈകാതെ ഇന്ത്യന്‍ നിരത്തില്‍ കാണാം. അഞ്ച് ലക്ഷം രൂപയില്‍ താഴെയായിരിക്കും വില.

ജയ്പൂരില്‍ പുതിയ ഷോറൂം തുടങ്ങിയതുള്‍പ്പടെ 13 ഡീലര്‍ഷിപ്പുകളാണ് ഹാര്‍ലിക്ക് ഇന്ത്യയിലുള്ളത്. കൊച്ചിയിലുമുണ്ട് സാന്നിധ്യം. വിലനിലവാരത്തില്‍ 29 ലക്ഷത്തിന്റെ സ്ര്ടീറ്റ് ഗ്ലൈഡാണ് ഇന്ത്യയില്‍ ഇപ്പോള്‍ ഹാര്‍ലിയുടെ കേമന്‍. 5.91 ലക്ഷം രൂപയുള്ള സൂപ്പര്‍ ലോ ആണ് വിലയില്‍ ‘ലോ’ ആയിട്ടുള്ളത്.ഇനി അറിയാനുള്ളത് ബ്രിട്ടീഷ് അതികായരായ ട്രയംഫ് എത്ര മോഡലുകളുമായി രംഗപ്രവേശം ചെയ്യുമെന്നതാണ്.

റോഡ്സ്റ്റര്‍ , ക്രൂസര്‍ , ക്ലാസ്സിക്, അഡ്വഞ്ചര്‍ , സൂപ്പര്‍ സ്‌പോര്‍ട്‌സ് എന്നീ വിഭാഗങ്ങളിലായി 10 മോഡലുകളായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് സൂചന. ആറ് ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപവരെയായിരിക്കും വില. ട്രയംഫിന്റെ വരവ് ഹാര്‍ലിയുടെ വില്‍പ്പന കൂട്ടുമോ അതോ ഹാര്‍ലിയുടെ വളര്‍ച്ച ട്രയംഫിന് വളമാകുമോ എന്ന് അറിയാനിരിക്കുന്നു. അതുപോലെ മറ്റൊന്നുകൂടി സംഭവിക്കാനിരിക്കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് എന്ന ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനി ലോകവിപണിയെ എത്ര കണ്ട് സ്വാധീനിക്കുമെന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!