എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാലയമുറ്റത്ത് കിളിക്കൊഞ്ചല്‍

KDA ALPS Alathur (1)കൊടകര : വിദ്യാര്‍ത്ഥികള്‍ക്ക് അങ്കണത്തില്‍ കിളികളും മുയലുകളും കളിക്കൂട്ടുക്കാര്‍. എ.എല്‍.പി.എസ്. ആലത്തൂരിലെ പുതിയ കൂട്ടുക്കാര്‍ക്ക് ചുറ്റുമാണ് ക്ലാസ്സ് കഴിഞ്ഞാല്‍ കുട്ടികള്‍. വിദ്യാലയത്തിന് മുമ്പില്‍ സ്ഥാപിച്ച കൂടുകളിലെ കിളികളുടേയും മുയലുകളുടേയും പരിപാലനം കുട്ടികള്‍ ഏറ്റെടുത്തു കഴിഞ്ഞു. വീടുകളില്‍ നിന്നും ഊഴമിട്ട് പുല്ല്, ക്യാരറ്റ്, ക്യാബേജ്, തുളസി, പനിക്കൂര്‍ക്ക, തിന എന്നിവ കൊണ്ടുവന്ന് അവയെ ഊട്ടുന്നതിന് കുട്ടികള്‍ ഉത്സാഹം കാണിക്കുന്നു. പതിനെട്ടോളം ലൗ ബേര്‍ഡ്‌സുകളും 2 സുന്ദര മുയലുകളും അതിമനോഹരങ്ങളായ കൂട്ടിലാണ് വളരുന്നത്. കുട്ടികള്‍ കൗതുക വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് പക്ഷികളെ വാങ്ങാനുള്ള പണം സ്വരൂപിച്ചത്.

മുയലുകളെ വിദ്യാര്‍ത്ഥിനികളായ അനഘയും അനശ്വരയും സംഭാവന ചെയ്തു. മുയല്‍ക്കൂട് ഗംഗോത്രി ഫര്‍ണീച്ചേര്‍സ് ഉടമ ദാസന്‍ മുണ്ടയ്ക്കല്‍ സംഭാവന ചെയ്തു. കുട്ടികള്‍ ഓരോ കിളികള്‍ക്കും പേരുകള്‍ നല്‍കി കഴിഞ്ഞു. വെളുമ്പന്‍, പുള്ളിക്കാരന്‍, മഞ്ഞക്കാരന്‍, കറുമ്പി, സുന്ദരി….. ഇങ്ങനെ നീളുന്നു അവരുടെ പേരുകള്‍. കിളികള്‍ക്ക് മുട്ടയിടുവാനായി നിരവധി മണ്‍കുടങ്ങള്‍ ദ്വാരമിട്ട് കൂട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. വലിയ മുളക്കമ്പും, ചില്ലകളും മറ്റും സ്ഥാപിച്ചിട്ടുള്ള വലിയ കൂട് അവര്‍ക്ക് സ്വാഭാവിക അന്തരീക്ഷം സൃഷ്ടിക്കുന്നു. അതീവ ശ്രദ്ധയോടെ മുയലുകളെ ദിവസത്തില്‍ ഒരു തവണ കൂട്ടില്‍ നിന്ന് പുറത്തേക്ക് വിട്ട് പരിപാലിക്കുന്നു. കുട്ടികളെ മുയലുകള്‍ക്ക് വളരെ ഇഷ്ടമാണെന്ന് അവരുടെ ചേഷ്ടകള്‍ കണ്ടാല്‍ തന്നെ മനസ്സിലാക്കാം. ഇണകളായ ഇവയെ പങ്കന്‍ എന്നും പിങ്കി എന്നുമാണ് കുട്ടികള്‍ വിളിക്കുന്നത്.

അവധിക്കാല പരിപാലനത്തിനായി സ്‌കൂള്‍ പരിസരത്തുള്ള കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പരിപാലനത്തിനായുള്ള തിയ്യതികള്‍ നല്‍കിവരുന്നു. കൂടുകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍ നിര്‍വ്വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍. ലാലു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ്മിസ്ട്രസ്സ് എം.ഡി. ലീന സ്വാഗതവും സി.ജി. അനൂപ് നന്ദിയും രേഖപ്പെടുത്തി. പരിസ്ഥിതി ക്ലബ് അംഗങ്ങളായ കെ.കെ. ഷീല, ദിവ്യ രവി, എന്‍.എസ്.സന്തോഷ് ബാബു, പി.ടി.എ., എം.പി.ടി.എ. അംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!