മലയാളിയുടെ സ്വന്തം തിരുവോണം; തിരുവോണാശംസകളോടെ നമ്മുടെ കൊടകര ഡോട്ട് കോം

ONAM (1)അത്തപ്പൂക്കളങ്ങളും ആര്‍പ്പുവിളികളും അനുഭൂതിപകരുന്ന പൊന്നിന്‍ചിങ്ങത്തിലെ തിരുവോണം വന്നെത്തിയിരിക്കുന്നു . പൂത്തുമ്പികള്‍പോലും പൂവേപൊലി പാടുന്ന, പൂനിലാവിനെപോലും പുളകമണിയിക്കുന്ന പൊന്നോണനാളുകള്‍ മലയാളിക്കു സ്വന്തമാണ്. ലോകത്തിന്റെ ഏതുകോണിലിരുന്നാലും മലയാളി തിരുവോണം മറക്കില്ല. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഈ മഹോത്സവം കേരളീയന്റെ സ്വകാര്യ അഹങ്കാരമാണ്.

കാണം വിറ്റും ഓണം ഉണ്ണണമെന്ന ചൊല്ലുതന്നെ ഈ സുദിനത്തിന്റെ പ്രസക്തിയെക്കുറിക്കുന്നു. ഉണ്ണാനില്ലാത്തവനും ഉടയാളനും തമ്മിലുള്ള സുദൃഢമായ ബന്ധത്തിന്റെ ഓര്‍മകളുമായാണ് ഓരോ ഓണവും കടന്നുവരുന്നത്. ഏതുനാട്ടിലായാലും ഓണത്തിന് കേരളത്തിലെത്താന്‍ ആഗ്രഹിക്കാത്ത മലയാളിയുണ്ടാവില്ല. പണ്ടൊക്കെ അത്തം മുതല്‍ ഓണാഘോഷം തുടങ്ങും. ആര്‍പ്പുവിളികളും ഓണപ്പാട്ടുകളുമായി ഗ്രാമവീഥികള്‍ എങ്ങും ഓണത്തിലലിയും. ഓണവുമായി ബന്ധപ്പെടുത്താതെ ഒന്നുമില്ലാത്ത നാളുകളാണ് ഓണക്കാലം.

poomarketഓണപ്പൂവ്, ഓണവെയില്‍, ഓണനിലാവ്, ഓണപ്പുടവ, ഓണത്തുള്ളല്‍, ഓണത്താറ്, ഓണപ്പാവക്കൂത്ത്, ഓണക്കഥകള്‍, ഓണപ്പൊട്ടന്‍, ഓണത്തുമ്പി, ഓണക്കിളി ഓണംകളി, ഓണദക്ഷിണ, ഓണത്തല്ല്, ഓണസദ്യ, ഓണക്കോടി, ഓണപ്പാട്ട് ഇങ്ങിനെ നീളുന്നു ഓണക്കാഴ്ചകള്‍. ഓണവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ഒട്ടനവധി പഴം ചൊല്ലുകള്‍ നിലവിലുണ്ട്. ഓണംപിറന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്, ഓണത്തേക്കാള്‍ വലിയ മകമുണ്ടോ, ഓണാട്ടന്‍ വിതച്ചാല്‍ ഓണത്തിന് പുത്തരി, ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര, ഓണം പോലെയാണോ തിരുവാതിര, ഓണം മുഴക്കോലുപോലെ, ഓണത്തിനിടയില്‍ പൂട്ടുകച്ചവടം,അത്തം കറുത്താല്‍ ഓണം വെളുക്കും, ഓണത്തിനില്ലാത്തതോ ചംക്രാന്തിക്ക്, ഓണം വന്ന് ഓടിപ്പോയി, കിട്ടുമ്പോള്‍ തിരുവോണം കിട്ടാഞ്ഞാല്‍ ഏകാശി, ഓണം കഴിഞ്ഞാല്‍ ഓട്ടക്കലം, ഓണമുണ്ട വയറേ ചൂളം പാടി കിട, ഓണംവരാന്‍ ഒരു മൂലം വേണം തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.ഓണക്കാലം പലതരം കളികള്‍കൊണ്ട് സമ്പന്നമാണ്. ഓണംകളി, തുമ്പിതുള്ളല്‍ അങ്ങിനെ നീളുന്നു അവ.

onam-pookalamഓണത്തിന് ഓണപ്പുടവ നല്‍കലിന് ഏറെ പ്രാധാന്യമാണുള്ളത്. ഓണക്കോടിയിലെ കര കൂടുതലും മഞ്ഞയായിരിക്കും. മഞ്ഞവര്‍ണത്തിന് ഓണക്കാലത്തിന്റെ നിറമാണ്. കസവിന് പുടവകളില്‍ പ്രാധാന്യമുണ്ട്. തൂശനിലയില്‍ തുമ്പപ്പൂ ചോറുവിളമ്പി വിഭവസമൃദ്ധിയുടെ രുചിക്കൂട്ടുസമ്മാനിക്കുന്ന ഓണസദ്യയ്ക്കും ഓണക്കാലത്ത് ഏറെ പ്രസക്തിയുണ്ട്.കാളനും അവിയലും തോരനും പച്ചടിയും കിച്ചടിയും പുളയിഞ്ചിയും നാരങ്ങയും പ്രധാനവിഭവങ്ങള്‍. പാചകത്തിനും വിളമ്പലിനും മാത്രമല്ല അത് കഴിക്കുന്നതിലും കലയുണ്ട്.

onamഅത്തം പത്തിനു പൊന്നോണവും അന്നു വെളുപ്പിന് തിരുവോണവുമാണ്. എന്നാല്‍ ഇക്കുറി ഒമ്പതാം നാളിലാണ് തിരുവോണം വരുന്നത്.തിരുവോണത്തിനുള്ള ഒരുക്കങ്ങളുടെ ദിവസമാണ് ഉത്രാടം. തിരക്കിട്ടുള്ള ഓണ ഒരുക്കങ്ങളെയാണ് ഉത്രാടപ്പാച്ചില്‍ എന്നു പറയുന്നത്.നാലോണം വരെയുള്ള ഒരുക്കങ്ങളെല്ലാം തയ്യാറാക്കി വയ്ക്കുന്ന ദിവസം.തങ്ങളുടെ നിലത്ത് കൃഷിപ്പണിചെയ്യുന്നവര്‍ക്ക് തമ്പുരാക്കന്‍മാര്‍ ഓണസദ്യക്കുള്ള വിഭവങ്ങളും ഓണക്കോടിയും നല്‍കിയിരുന്നിരുന്നത് ഉത്രാടം നാളിലായിരുന്നു. ഓണകാഴ്‌യുമായെത്തുന്നവര്‍ക്ക് നെല്ലും പുടവയും നല്‍കുന്നതും അന്നുതന്നെ. തിരുവോണം സമത്വത്തിന്റെ ദിനമായിരുന്നിരുന്നതിനാല്‍ ആ ദിനത്തില്‍ ഒന്നും കൊടുക്കുകയും വാങ്ങുകയും ചെയ്യുമായിരുന്നില്ല.

oonjaalപണ്ടൊക്കെ പാടത്തും പറമ്പിലും പൂക്കൂടയുമായി നടന്ന് കുട്ടികള്‍ പൂ പറിച്ചിരുന്നു. എന്നാല്‍ തൊടികളില്‍ പൂക്കളുമില്ല. പൂ പറിക്കാന്‍ കുട്ടികള്‍ക്കു സമയവുമില്ല. തുമ്പയും തുളസിയും തൂശനിലയുമൊക്കെ കാത്തിരുന്നു വരവേല്‍ക്കുന്ന നാളുകളാണ് ഓണക്കാലം. അത്തം മുതല്‍ മുറ്റത്തെ പൂത്തറയില്‍ പൂക്കളമിടുന്നു. തിരുവോണത്തിന് പുലര്‍ച്ചെ ഓണം കൊള്ളുന്നു. കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പനുകള്‍ അണിഞ്ഞൊരുക്കി തറയില്‍ പ്രതിഷ്ഠിക്കുന്നു.മലയാളിയുടെ ഗൃഹാതുരത മുഴുവന്‍ ചാലിച്ച പുഷ്പപാതയിലൂടെ മാവേലിത്തമ്പുരാന്‍ കടന്നുവരുന്ന സുദിനമാണ് തിരുവോണം.

കളളപ്പറയും ചെറുനാഴിയും എള്ളോളം പോലും പൊളിവചനവുമില്ലാത്ത മാവേലിനാടിന്റെ ഓര്‍മയ്ക്ക് നേരും നെറിയും നൂറുമേനി വിളഞ്ഞിരുന്ന സമൃദ്ധിയുടെ സ്മൃതി സുഗന്ധമുണ്ട്.ആ കാലം നമുക്ക് എന്നും 25_sadyaശുഭപ്രതീക്ഷയേകുന്നു.സമത്വസുന്ദരവും അഴിമതിരഹിതവുമായ ഒരു സ്വപ്നത്തിന്റെ പ്രതീക്ഷയുടെ പൊന്‍ചിറകിലേറിയാണ് ഓരോ പൊന്നിന്‍ ചിങ്ങത്തിലും തിരുവോണം വന്നെത്തുന്നത്. അഴിമതിയുടേയും കുഭകോണങ്ങളുടേയും കുത്തൊഴുക്കില്‍ കാലിടറുന്ന ഇക്കാലത്ത് നമുക്ക് നഷ്ടബോധത്തോടെ ഓര്‍ക്കാന്‍ മാവേലിത്തമ്പുരാന്‍ നല്‍കിയതാണ് ആ പഴയകഥയിലെ കാലം. ഓരോ വര്‍ഷവും ഓണം പടികടന്നെത്തുമ്പോള്‍ ആ വരവിന് കറപുറളാത്ത സാമൂഹികവ്യവസ്ഥയ്ക്കുവേണ്ടിയുള്ള ജനകീയസ്പനങ്ങളുടെ സ്പന്ദനമുണ്ട്.സമൂഹനന്മയുടെ അതിവിശിഷ്ടമായ പാഠമാണ് എക്കാലവും നമ്മെ പ്രലോഭിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന മാവേലിക്കഥ.

Onam-Danceലോകത്തെമ്പാടുമുള്ള മലയാളികള്‍ ഗൃഹാതുരത്വത്തോടെ കാത്തിരിക്കുകയാണ് പൊന്നോണത്തിനായി. കുചേല-കുബേര വ്യത്യാസമില്ലാതെ ഈ സുദിനത്തില്‍ വേദനമാറ്റിവച്ച് ഓണം ആഘോഷിക്കുന്നു. നിത്യജീവിതത്തെ അലോസരപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ ഏറെയുണ്ടെങ്കിലും ഓണനാളുകളില്‍ ഒത്തൊരുമയുടെ സന്ദേശം വിതറുന്നു. ബന്ധങ്ങള്‍ ഉറപ്പിക്കാനും നിലനിര്‍ത്താനും നല്ലനാളേയെക്കുറിച്ച് കൂടുതല്‍ മിഴിവോടെ സ്വപ്നം കാണാനും ഈ ഓണനാളുകള്‍ കവാടം തുറക്കുന്നു.സമൃദ്ധിയും സ്‌നേഹവുമാണ് ഓണത്തിന്റെ സന്ദേശം.

Vamanamoorthy-Temple1-kochiവാമനന്റെ പ്രതിഷ്ഠയുള്ള തൃക്കാക്കരക്ഷേത്രത്തില്‍ കര്‍ക്കിടകത്തിലെ തിരുവോണ നാളില്‍ തുടങ്ങി 27 ദിവസത്തെ ഉത്സവമായിരുന്നു. ചിങ്ങത്തിലെ അത്തം തൊട്ട് തിരുവോണ നാളിലെ ആറാട്ടുവരെയുള്ള അവസാന പത്തു ദിവസത്തെ ഉത്സവം കേരളം മുഴുവന്‍ ആഘോഷിച്ചിരുന്നു. ഇതാണ് ഓണമായി മാറിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തൃക്കാക്കരയപ്പന്റെ തിരുനാളായ തിരുവോണം കൊണ്ടാടാന്‍ തൃക്കാക്കര വാണിരുന്ന മഹാബലി പെരുമ്മാള്‍ കല്പിച്ചതനുസരിച്ചാണ് ഓണം ആഘോഷിക്കുന്നതെന്നും അത്തം മുതല്‍ വീട്ടുമുറ്റത്ത് പൂക്കളമിടുന്നതും ഓണത്തിന് തൃക്കാക്കരയപ്പന്റെ രൂപം മണ്ണുകൊണ്ടുണ്ടാക്കി പൂവിട്ട് അലങ്കരിക്കുന്നതും അതിന്റെ അനുസ്മരമാണ്.

KodakaraUnniനഷ്ട സൌഭാഗ്യങ്ങളുടെ ഓര്‍മ്മകള്‍ ഉണര്‍ത്തി വീണ്ടും ഒരു പൊന്നോണം കൂടി വരവായി …..ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഒരുപാടു നല്ല നിമിഷങ്ങള്‍ ഈ ഓണനാളില്‍ ഉണ്ടാവട്ടെ …നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ .. റിപ്പോര്‍ട്ട്  – കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!