Breaking News

ഹാച്ച്ബാക്ക് രൂപമുള്ള സെഡാന്‍.

ഹാച്ച് ബാക്കുകള്‍ വളര്‍ന്ന് സെഡാനുകളാകുന്നതാണ് ഇന്ത്യന്‍വിപണി ഇതുവരെ കണ്ടത്. ഇന്‍ഡിഗോ സിഎസ് , മാരുതി സ്വിഫ്ട് ഡിസയര്‍ , ഫോക്സ്‍വാഗന്‍ വെന്റോ , ഹോണ്ട അമെയ്സ് എന്നിവ ഉദാഹരണങ്ങള്‍ . എന്നാല്‍ പതിവിനു വിപരീതമായി ഒരു സെഡാന്‍ ഹാച്ച്ബാക്കായി മാറിയിരിക്കുന്നു. സെഡാനായ വെരീറ്റോയില്‍ നിന്നാണ് വൈബ് എന്ന പ്രീമിയം ഹാച്ച്ബാക്കിനെ മഹീന്ദ്ര നിര്‍മിച്ചത്. വാലുമുറിച്ച് നീളം നാലുമീറ്റിലൊതുക്കി ആകര്‍ഷകമായ വിലക്കുറവോടെ എത്തുന്ന വെരീറ്റോ വകഭേദത്തെ ടെസ്റ്റ് ഡ്രൈവിലൂടെ അടുത്തറിയാം.

രൂപകല്‍പ്പന

ബാഹ്യരൂപം ഹാച്ച്ബാക്കിന്റേതെങ്കിലും സെഡാന്റെ പോലെ മൂന്നായി വിഭജിച്ച ഉള്‍ഘടനയാണ് വൈബിന്. അതായത് പാസഞ്ചര്‍ ക്യാബിനില്‍ നിന്ന് ബൂട്ട് പ്രത്യേകം വേര്‍തിരിച്ചിട്ടുണ്ട്. അതിനാല്‍ ഹാച്ച്ബാക്കിന്റേതുപോലെ ഡിക്കി ഡോറിലല്ല പിന്നിലെ വിന്‍ഡ്സ്ക്രീന്‍ ഉറപ്പിച്ചിരിക്കുന്നത്. സെഡാനിലേതുപോലെ ബൂട്ട് ലിഡ് മാത്രമായി തുറക്കാവുന്ന വിധമാണ്.


വെരീറ്റോയ്ക്ക് 510 ലീറ്റര്‍ ബൂട്ട് സ്പേസുള്ള സ്ഥാനത്ത് വൈബിന് 330 ലീറ്ററാണുള്ളത്. എങ്കില്‍കൂടി സ്വിഫ്ട് ഡിസയറിന്റെ ഡിക്കി ( 316 ലീറ്റര്‍ ) യെക്കാള്‍ വലുപ്പം ഇതിനുണ്ട്. എന്നാല്‍ ഡിക്കിയുടെ ഇടുങ്ങിയതും ഉയരത്തിലുള്ളതുമായ വായിലൂടെ ഉള്ളിലേക്ക് വലിയ ബാഗുകള്‍ എടുത്തുവയ്ക്കാന്‍ അല്‍പ്പം കഷ്ടപ്പെടണം. സാധാരണ ഹാച്ച്ബാക്കിന്റേതുപോലുള്ള ഡോര്‍ ആയിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. നിര്‍മാണച്ചെലവു കൂറയ്ക്കാന്‍ മഹീന്ദ്ര അതു വേണ്ടെന്നുവെച്ചതാണെന്നു കരുതാം. ഡിക്കി സ്പേസ് കൂട്ടുന്നതിന് വണ്ടിയ്ക്കടിയിലാണ് സ്റ്റെപ്പിനി ടയര്‍ ഉറപ്പിച്ചിരിക്കുന്നത്.

വൈബിന്റെ സി പില്ലര്‍ വരെയുള്ള ഭാഗം വെരീറ്റോ സെഡാനു സമാനമാണ്. സ്മോക്ക്ഡ് ഹെഡ്‍ലാംപുകള്‍ , കാര്‍ബണ്‍ ഫൈബര്‍ ഫിനിഷുള്ള ഗ്രില്‍ എന്നിവ വൈബിന്റെ മുന്‍ഭാഗത്തിനു വ്യത്യസ്തത നല്‍കുന്നു. പ്രീമിയം ഹാച്ച്ബാക്കുകളില്‍ വച്ചേറ്റവും ഗ്രൗണ്ട് ക്ലിയറന്‍സ് വൈബിനാണ് , 172 മിമീ.

റൂഫ് റാക്ക് , ഷാംബെയിന്‍ നിറമുള്ള അലോയ്‍വീലുകള്‍ എന്നിവയും പുതുമയാണ്. വൈബിന്റെ പിന്‍ഭാഗം മനോഹരമാക്കുന്നതില്‍ മഹീന്ദ്രയിലെ ഡിസൈനര്‍മാര്‍ വിജയിച്ചിട്ടുണ്ട്. എല്‍ഇഡി ടെയ്ല്‍ ലാംപുള്ള ബൂട്ട് പുതുമയുള്ളതും അതേസമയം ഭംഗിയുള്ളതുമാണ്. ഫോഡ് ഫോക്കസിനെ ഓര്‍മിപ്പിക്കും വൈബിന്റെ പിന്‍ഭാഗം. സി പില്ലറിലുറപ്പിച്ച നീളമേറിയ ടെയ്ല്‍ ലാംപ് യൂണിറ്റില്‍ പക്ഷേ ബ്രേക്ക് ലൈറ്റിനു സാധാരണ വലുപ്പമേയുള്ളൂ. പാര്‍ക്ക് ലൈറ്റാണ് നീളത്തിലുള്ളത്.

ഇന്റീരിയര്‍ വിസ്താരം സെഡാന്‍ വെരീറ്റോയുടെ പോലെ വിശാലമാണ്. സ്വിഫ്ടിനേക്കാള്‍ വീതിയുള്ള വണ്ടിയില്‍ അഞ്ചു പേര്‍ക്ക് സുഖകരമായി ഇരിക്കാം. ഉയരം ക്രമീകരിക്കാവുന്ന മൂന്നു ഹെഡ്റെസ്റ്റുകള്‍ പിന്നിലെ ബെഞ്ച് സീറ്റിനുണ്ട്. ഡാഷ് ബോര്‍ഡ് അടക്കമുള്ള ഇന്റീരിയര്‍ ഘടകങ്ങള്‍ വെരീറ്റോയ്ക്ക് സമാനമാണ്. പ്ലാസ്റ്റിക് നിലവാരം ശരാശരി.

എന്‍ജിന്‍ – പെര്‍ഫോമന്‍സ്

എക്സൈസ് ഡ്യൂട്ടി ഇളവ് ലഭിക്കാനുള്ള 1.2 ലീറ്റര്‍ കപ്പാസിറ്റിയുള്ള പെട്രോള്‍ എന്‍ജിന്‍ മഹീന്ദ്രയ്ക്ക് ഇല്ലാത്തതിനാല്‍ ഡീസല്‍ വകഭേദം മാത്രമാണ് വൈബിനുള്ളത്. വെരീറ്റോയുടെ പെട്രോള്‍ എന്‍ജിന്‍ 1.4 ലീറ്റര്‍ ഡിസ്പ്ലേസ്‍മെന്റിലുള്ളതാണെന്ന് ഓര്‍മിയ്ക്കുക.


റെനോ – മഹീന്ദ്ര കുട്ടുകെട്ടില്‍ 2007 ല്‍ വിപണിയിലെത്തിയ ലോഗനിലും പിന്നീടത് വെരീറ്റോയായി മാറിപ്പോഴുമൊക്കെ മാറ്റമില്ലാതെ തുടരുന്ന 1.5 ലീറ്റര്‍ ഡിസിഐ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് ഹാച്ച്ബാക്ക് വകഭേദത്തിനും. 64 ബിഎച്ച്പി – 160 എന്‍എം ആണിതിനു ശേഷി.

ടര്‍ബോലാഗ് കുറവുള്ള എന്‍ജിന്‍ 1200 – 3000 ആര്‍പിഎമ്മില്‍ നല്ല ഡ്രൈവിങ് സുഖം തരും. കുറഞ്ഞ ആര്‍പിഎമ്മില്‍ ഉയര്‍ന്ന ടോര്‍ക്ക് കിട്ടുന്നതിനാല്‍ സിറ്റി യാത്രകളില്‍ അധികം ഗീയര്‍ മാറ്റം ആവശ്യമില്ല. ഗീയര്‍ ബോക്സിന്റെ ഷിഫ്ട് നിലവാരം കൊള്ളാം. ഉയര്‍ന്നവേഗത്തിലും വണ്ടിയ്ക്കു മികച്ച നിയന്ത്രണമുണ്ട്. ബ്രേക്കിന്റെ കാര്യക്ഷമതയും പ്രശംസനീയമാണ്. സ്റ്റിയറിങ് അല്‍പ്പം കട്ടിപിടിച്ചതാണെന്നത് പോരായ്മ.

അടിച്ചുപൊളി ഉപയോഗത്തിനു പറ്റിയതല്ല വൈബ്. വേഗം കുറച്ചു വളവുകള്‍ വീശിയില്ലെങ്കില്‍ കാര്യമായ ബോഡി റോളുണ്ട്. എന്നാലൊരു ഫാമിലി കാര്‍ എന്ന നിലയ്ക്ക് വൈബ് കൊള്ളാം. യാത്രാ സുഖത്തിന്റെ കാര്യത്തില്‍ വൈബ് നിരാശപ്പെടുത്തിയില്ല. ഇടവപ്പാതി മഴയില്‍ തകര്‍ന്ന എംസി റോഡിലൂടെയുള്ള യാത്രയിലും വലിയ ഉലച്ചിലും കുലുക്കവും അനുഭവപ്പെട്ടില്ല. സസ്പെന്‍ഷന്റെ മികവ് വ്യക്തം.

ലീറ്ററിനു 20.8 കിമീ ആണ് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ മൈലേജ്. ഓട്ടോബീറ്റ്സിന്റെ ടെസ്റ്റ് ഡ്രൈവില്‍ 17 കിമീ ശരാശരി മൈലേജ് ലഭിച്ചു.

വില

വെരീറ്റോ സെഡാനെ അപേക്ഷിച്ച് 63,000 രൂപ കുറവാണ് വില. മൂന്നു വേരിയന്റുകളുണ്ട്. കൊച്ചിയിലെ എക്സ്‍ഷോറൂം വില ഡി 2 – 5.76ലക്ഷം രൂപ , ഡി 4 – 6.02ലക്ഷം രൂപ , ഡി 6 – 6.63 ലക്ഷം രൂപ. ഓണ്‍ റോഡ് വിലയും ഫീച്ചേഴ്സും അറിയാന്‍ കാര്‍ സെലക്ടര്‍ കാണുക.

ടോപ് എന്‍ഡ് വേരിയന്റായ ഡി 6 ന് എബിഎസ് – ഇബിഡി , ഡ്രൈവര്‍ എയര്‍ ബാഗ്, അലോയ് വീലുകള്‍ എന്നിവയുണ്ട്. ഓഡിയോ കണ്‍ട്രോളുള്ള സ്റ്റിയറിങ് വീല്‍ , ബ്ലൂ ടൂത്ത് കണക്ടിവിറ്റി എന്നിവ കൂടിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!