Breaking News

യൂസഫലി കേച്ചേരിക്ക് ആദരാഞ്ജലി

yousafali-kecheri-1തൃശൂര്‍: മലയാള ചലച്ചിത്രഗാന ശാഖയ്ക്കും കവിതയ്ക്കും ഭക്തിയുടെ ചന്ദനക്കുറിയും പ്രണയത്തിന്റെ സുറുമയും ചാര്‍ത്തിയ കവിയും ഗാനരചയിതാവും സംവിധായകനുമായ യൂസഫലി കേച്ചേരി (81) അന്തരിച്ചു. ഖബറടക്കം നാളെ തൃശൂര്‍ പട്ടിക്കര ജൂമാ മസ്ജിദില്‍ നടക്കും.

മലയാളത്തിലെ ആധുനിക കാലത്തെ ഏറ്റവും പ്രശസ്തനായ കവികളില്‍ ഒരാളാണ്. മരം, വനദേവത, നീലത്താമര എന്നീ മൂന്ന് ചിത്രങ്ങളുടെ സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മധു സംവിധാനം ചെയ്ത ‘സിന്ദൂരച്ചെപ്പ്’ എന്ന വ്യത്യസ്ത സിനിമയുടെ തിരക്കഥാ രചയിതാവാണ്. നൂറ്റിയമ്പതോളം ചലച്ചിത്രഗാനങ്ങളും ഇരുന്നൂറോളം ചലച്ചിത്രേതര ഗാനങ്ങളും രചിച്ചിട്ടുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും മികച്ച പല പ്രണയഗാനങ്ങളുടെയും രചയിതാവ് യൂസഫലിയാണ്. സംസ്‌കൃതത്തിലും ഗാനരചന നിര്‍വഹിച്ചിട്ടുണ്ട്.

ഏറെനാളായി രോഗബാധിതനായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മികച്ച ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണയും ലഭിച്ചിട്ടുണ്ട്. 2000 ല്‍ മഴ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്കാണ് ദേശീയ പുരസ്‌കാരം ലഭിച്ചത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു.

1934ല്‍ തൃശൂര്‍ ജില്ലയിലെ കേച്ചേരിയിലായിരുന്നു ജനനം. നിയമത്തില്‍ ബിരുദം നേടി കുറച്ചുകാലം അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരിപ്പുഴ, അനുരാഗഗാനം പോലെ ആലില തുടങ്ങിയവാണ് പ്രധാന കൃതികള്‍. മരം, വനദേവത, നീലത്താമര എന്നിവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

മൂടുപടത്തിലെ മൈലാഞ്ചിത്തോപ്പില്‍ ആണ് രചന നിര്‍വഹിച്ച ആദ്യ ചലച്ചിത്രഗാനം. ജി.ദേവരാജനൊപ്പമാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ ചെയ്ത്. മലയാളത്തിലെ ഒട്ടുമിക്ക പ്രധാന സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചു. എക്കാലത്തേയും മികച്ച ഹിറ്റുകള്‍ സംഭാവന ചെയ്യുകയും ചെയ്തു. ദേവരാജനൊപ്പം തമ്പ്രാന്‍ കൊടുത്തത് മലരമ്പ്, പതിനാലാം രാവുദിച്ചത്, സ്വര്‍ഗം താണിറങ്ങിവന്നതോ, വെണ്ണയോ വെണ്ണിലാവുറഞ്ഞതോ, എം. എസ്. ബാബുരാജിനൊപ്പം അനുരാഗ ഗാനം പോലെ, ബോംബെ രവിക്കൊപ്പം കൃഷ്ണകൃപാ സാഗരം, ഇന്നെന്റെ ഖല്‍ബിലെ, ഇശല്‍ തേന്‍കണം, അഞ്ചു ശരങ്ങളും, മറന്നോ നീ നിലാവില്‍, മോഹന്‍ സിതാരയ്‌ക്കൊപ്പം ആലില കണ്ണാ, കണ്ണീര്‍ മഴയത്ത്, ശ്യാമിനൊപ്പം വൈശാഖ സന്ധ്യേ, ശിശിരമേ, കെ. രാഘവനൊപ്പം അനുരാഗക്കളരിയില്‍ എന്നീ ഹിറ്റ് ഗാനങ്ങള്‍ യൂസഫലി മലയാളിക്ക് സംഭാവന ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!