സംഗമേശ്വരസന്നിധിയില്‍ കൈയ്യുംകോലും സംഗമിക്കുന്ന പഞ്ചാരിയുടെ പകലിരവുകള്‍

KOODALMANIKYAMഇരിങ്ങാലക്കുട: ആനക്കമ്പക്കാരുടേയും മേളക്കമ്പക്കാരുടേയും അവസാനതാവളമായ ഇരിങ്ങാലക്കുട ശ്രീകൂടല്‍മാണിക്യം ക്ഷേത്രസന്നിധിയില്‍ ശിവേലിയ്ക്കും വിളക്കിനുമായി കൊട്ടിത്തിമിര്‍ക്കുന്നത് മേളകലയുടെ രാജരസം തുളുമ്പുന്ന 16 പഞ്ചാരികള്‍. കൊടിയേറ്റും ആറാട്ടുമടക്കം 11 ദിനം നീളുന്ന തിരുവുത്സവത്തിന്റെ ആദ്യപഞ്ചാരിക്ക് കൊടിപ്പുറത്തുവിളക്ക്ദിവസമാണ് തുടക്കമായത്.തുടര്‍ന്ന് ദിവസവും രാവിലേയും രാത്രിയിലും മുഴുനീളന്‍ പഞ്ചാരിയാണിവിടെ കൊട്ടുക.രാവിലെ ദേവനെ പുറത്തേക്കെഴുന്നള്ളിച്ച് ശ്രീഭൂതബലിക്കുശേഷമാണ് കിഴക്കേനടപ്പുരയില്‍ പഞ്ചാരിക്ക് കാലമിടുക. 96 അക്ഷരത്തിലുള്ള ഒന്നാംകാലം അഥവാ പതികാലം ഏറെ വിശേഷമാണ്.വിളംബകാലത്തില്‍ തുടങ്ങി നിലയും തകിട്ടകാലവും കുഴമറിഞ്ഞകാലവും കൊട്ടി ഈ കാലത്തിന്റെ അന്ത്യഘട്ടത്തിലേക്കെത്തുമ്പോള്‍ കാലം ദ്രുതഗതിയിലായിട്ടുണ്ടാകും.

8 അക്ഷരത്തിലുള്ള 12 ചെമ്പടവട്ടത്തിലുള്ള താളവട്ടങ്ങളുടെ ആവര്‍ത്തനവും കലാശങ്ങളുമാണ് പതികാലം.ഉത്സവദിനങ്ങളില്‍ രാവിലെ 9 മണിയോടെ ആരംഭിക്കുന്ന പഞ്ചാരി പതികാലം രണ്ടാംകാലത്തിലേക്കുകടന്നാല്‍ കിഴക്കേനടപ്പുരയില്‍നിന്നും എഴുന്നള്ളിപ്പ് നീങ്ങുന്നു.തുടര്‍ന്ന് പതികാലത്തിന്റെ പകുതിയായ 48 അക്ഷരത്തില്‍ 6 ചെമ്പടവട്ടത്തിലുള്ള രണ്ടാംകാലം.ഈ കാലംമുതല്‍ ഉരുളുകോല്‍ എന്ന പതികാലത്തിലില്ലാത്ത പുതിയ ഭാഗം ആരംഭിക്കുന്നു.ഉരുളുകോല്‍,കലാശങ്ങള്‍,കുഴമറിഞ്ഞകലാശങ്ങള്‍ എന്നിവക്കുശേഷം 24 അക്ഷരത്തിലുള്ള മൂന്നാംകാലത്തിലേക്ക് കടക്കുന്നു.അപ്പോഴേക്കും എഴുന്നള്ളിപ്പ് പടിഞ്ഞാറേ നടപ്പുരയില്‍ എത്തിയിട്ടുണ്ടാകും.2,3,4,5 കാലങ്ങളില്‍ യഥാക്രമം 2,3,4,5 എന്നിങ്ങനേയാണ് ഉരുളുകോലുകളുടെ കണക്ക്.പ്രമാണിയുടെ യുക്തംപോലെ അഞ്ചാകാലത്തില്‍ ചിലപ്പോള്‍ ഉരുളുകോല്‍ കൂടുതല്‍ എടുക്കാറുണ്ട്.പടിഞ്ഞാറേനടപ്പുരയില്‍ പഞ്ചാരിയുടെ അവസാനകാലങ്ങള്‍ കൊട്ടിക്കയറുന്നു.അഞ്ചാംകാലമാകുമ്പോള്‍ മതില്‍ക്കകത്ത് മാറിനിന്ന് മേളം ആസ്വദിച്ചിരുന്നവര്‍ മേളത്തിനടുത്തേക്കെത്തി തലയാട്ടി താളംപിടിക്കാന്‍ തുടങ്ങും.പഞ്ചാരിയുടെ ആദ്യാവസാനമാണ് കേമം.അഞ്ചാകാലം കുഴമറിഞ്ഞാല്‍പിന്നെ കൂട്ടിപ്പിടിക്കുന്ന ഇലത്താളത്തിനൊപ്പം ഇളകിയാടുന്ന ജനസഞ്ചയവും ഇവിടെ കാണാം.പഞ്ചാരികഴിഞ്ഞാല്‍ പിന്നെ തീര്‍ഥകുളക്കരയിലൂടെ 8 അക്ഷരത്തിലുള്ള ചെമ്പടയില്‍ വക കൊട്ടി വീണ്ടും കിഴക്കേനടപ്പുരയിലേക്കെത്തും.ചെമ്പട അവിടെ തീറുകൊട്ടി കലാശിക്കുന്നതോടെ മേളത്തിന് സമാപനമാകും.

ചെറിയവിളക്ക്,വലിയവിളക്ക്,പള്ളിവേട്ട ദിവസങ്ങളില്‍ പഞ്ചാരിതുടങ്ങിയാല്‍ പത്തുനാഴിക എന്ന ചൊല്ല് ഇവിടെ അന്വര്‍ഥമാകും.16 പഞ്ചാരിയും 2 പാണ്ടിയുമാണ് ഉത്സവത്തിന് കൊട്ടുന്നത്.പള്ളിവേട്ടദിവസവും ആറാട്ടിനും രാത്രിയില്‍ മതിലിനുപുറത്താണ് പാണ്ടി.ഉത്സവമേളത്തിന് ചെണ്ടയും കുറുംകുഴലും കൊമ്പും ഇലത്താളവുമൊക്കെയായി 100 ല്‍പ്പരം കലാകാരന്‍മാരാണ് കയ്യും മെയ്യും മറന്ന് പഞ്ചാരിയില്‍ വിസ്മയം തീര്‍ക്കുന്നത്.ചെറുശ്ശേരി കുട്ടന്‍മാരാര്‍ക്കാണ് ഉത്സവമേളത്തിന്റെ ചുമതലയെങ്കിലും പലദിവസങ്ങളിലും പ്രമാണിമാര്‍ മാറിമാറി വരും. കഴിഞ്ഞദിനങ്ങളില്‍ ചെറുശ്ശേരി കുട്ടന്‍മാരാരെക്കൂടാതെ കിഴക്കൂട്ട് അനിയന്‍മാരാര്‍ കേളത്ത് അരവിന്ദാക്ഷമാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ എന്നിവരും മേളം പ്രമാണിച്ചു. പ്രമാണിയെക്കൂടാതെ കലാനിലയം ശിവദാസ്, ശങ്കരംകുളങ്ങര രാധാകൃഷ്ണന്‍ എന്നിവര്‍ ഉരുട്ടുചെണ്ടനിരയിലുണ്ട്. തലോര്‍ പീതാംബരമാരാര്‍, ചേര്‍പ്പ് മണി,കുമ്മത്ത് രാമന്‍കുട്ടി,കൊടകര ശിവരാമന്‍ നായര്‍ എന്നിവരാണ് യഥാക്രമം വലംതല, ഇലത്താളം, കൊമ്പ്, കുറുംകുഴല്‍ എന്നിവയില്‍ അമരക്കാര്‍. വൃശ്ചികത്തിലെ തൃപ്പൂണിത്തുറ ഉത്സവത്തോടെ ആരംഭിക്കുന്ന കേരളത്തിലെ ഉത്സവകാലത്തിന് കൊട്ടിക്കലാശമാകുന്നത് മേളകലയുടെ രാജധാനിയായ ഈ ഭരതസ്വാമിസന്നിധിയിലാണ്.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!