Breaking News

ഒരു സെപ്റ്റംബര്‍ 16 ന്റെ ഓര്‍മ്മക്ക്.

26 വയസ്സായപ്പോഴേക്കും വീട്ടുകാരെന്നെ കെട്ടിക്കാന്‍ തീരുമാനിച്ചത്, അമ്മ കണ്ട ഒരു സ്വപ്നത്തിന്റെ ആഫ്റ്റര്‍ ഇഫക്ടായിട്ടാണ്.

എന്നേക്കാള്‍ ഒരു പത്തുമുപ്പത് വയസ്സിന് മൂപ്പുള്ള ഒരു മദാമ്മയെ ബൈക്കിനു പിറകിലിരുത്തി ബീച്ച് ഡ്രസില്‍ എന്‍.എച്. 47 ലൂടെ കലാമണ്ഢലത്തിലേക്ക് പോകുന്നത് കണ്ടെന്നും തിരിച്ച് വരും വഴി വീട്ടില്‍ കയറി ‘അമ്മേ… ഇതാണ് അമ്മയുടെ ചെറിയ മരോള്‍. വിളക്കും നിറയുമെടുക്കൂ….. ഞങ്ങളെ അനുഗ്രഹിക്കൂ!’ എന്നൊക്കെ പറഞ്ഞുവെന്നുമായിരുന്നു സ്വപ്നം.

മരുമോള്‍ ബികിനി ഇട്ട് എന്നെ അള്ളിപ്പിടിച്ച് ബൈക്കില്‍ പോയതും വെള്ളക്കാരിയായതും അമ്മ ക്ഷമിച്ചത്രേ… പക്ഷെ, മരുമകളുടെ പ്രായം… അത്.. അമ്മക്ക് അങ്ങട് ആക്സപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. സമാസമം പ്രായമുള്ളവളെ എങ്ങിനെ മരുമോളേന്ന് വിളിക്കും?

‘കൊല്ലും ഞാന്‍ രണ്ടിനേയും!‘ എന്നലറി അമ്മ ചാടിയെണീക്കുകയായിരുന്നത്രേ!!

കല്യാണത്തെപ്പറ്റി സൂചിപ്പിച്ചപ്പോള്‍, “മീശയൊക്കെ ഒന്ന് വട്ടമെത്തിയിട്ട്, ഈ തമാശക്കളിയൊക്കെ മാറി കുറച്ചും കൂടെ ഉത്തരവാദിത്വം വന്നിട്ട് പോരേ??“

എന്ന സംശയത്തിന്, ‘ഇപ്പറഞ്ഞതൊന്നും ഈ ജന്മത്ത് നിനക്കുണ്ടാകുമെന്ന് പ്രതീക്ഷയില്ല‘ എന്ന് എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുകയും അത് കേട്ട്‍, ‘ എന്നാപ്പിന്നെ നിങ്ങളുടെ ആഗ്രഹം തന്നെ നടക്കട്ടേ. നിങ്ങളുടെ മനസ്സ് വിഷമിപ്പിച്ചിട്ട് എനിക്കൊന്നും നേടാനില്ല!’ എന്ന നിലപാട് എനിക്ക് കൈകൊള്ളേണ്ടിയും വന്നു.

ഹവ്വെവര്‍, തുടര്‍ന്ന് ആവശ്യമില്ലാത്തതും അത്യാവശ്യമുള്ളതുമായ പലതും ആലോചിച്ച് എന്റെ രാവുകള്‍ ഏറെക്കുറെ നിദ്രാവിഹീനങ്ങളായി. ജബലലി ഫ്രീസോണ്‍ ന്യൂ ഈസ്റ്റ് ക്യാമ്പിലെ 206 നമ്പര്‍ റൂമില്‍ ചില രാത്രികളില്‍ ആരൊക്കെയോ കിനാവിന്റെ പടികടന്നെത്തി വന്ന് (കട്:ഗിരീഷ് പുത്തഞ്ചേരി)എന്നെയും കൊണ്ട് ഊട്ടിയിലേക്ക് ഹണിമൂണിന് പോയി.

നാട്ടില്‍ വന്ന് ഞാന്‍ മൊത്തം 6 ഉം 2 ഉം 8 പെണ്ണൂങ്ങളെയേ കണ്ടുള്ളൂ. ആദ്യം വാടാനപ്പിള്ളി പോയി സന്ധ്യയെ കണ്ടു. തൃക്കണിക്ക് വച്ചത് തന്നെ കാക്ക കൊത്തി. അതിന്റെ ഹാങ്ങോവര്‍ മാറാന്‍ പിന്നെ രണ്ട് ദിവസം റെസ്റ്റ് എടുത്തതിന് ശേഷം പുതുക്കാടൊരു ക്ടാവിനെ കണ്ടു. പിന്നെ മറ്റത്തൂര്‍ പോയി വേറൊരു കുട്ടിയ കണ്ടു.

അവളാരിത്തിയെ എനിക്കങ്ങ് ശരിക്കും പിടിച്ചതായിരുന്നു. സങ്കല്പത്തില്‍ മനസ്സിന്റെ പുതപ്പിനുള്ളില്‍ കയറിക്കിടന്ന രൂപം. ചുരുണ്ട മുടി. വിടര്‍ന്ന കണ്ണുകള്‍. ഇരു നിറം. നല്ല വിദ്യാഭ്യാസി. ഓ ചന്തുമേനോന്റെ ഇന്ദുലേഖയുടെ ഒരു ലുക്ക്. നല്ല തറവാട്ടുകാര്‍ ചോമ്മാര്! പക്ഷെ, ഒരു പ്രശ്നം. ജാതകം ഒരു നിലക്കും ചേരുന്നില്ല. അന്ന് പ്ലൂട്ടോ ഉള്ള കാലമാണ്. പണിക്കര്‍ രണ്ട് തച്ച് പണിഞ്ഞിട്ടും പ്ലൂട്ടോ അടുക്കാന്‍ കൂട്ടാക്കുന്നില്ല. ഞാന്‍ രണ്ട് ജാതകം ഉണ്ടാക്കിച്ചു. അതിന് വേണ്ടി ഒരു വയസ്സ് കുറക്കാന്‍ വരെ ഞാന്‍ തയ്യാറായി. എന്നിട്ടും പ്ലൂട്ടോ സമവായത്തിന് തയ്യാറായില്ല.

പെണ്‍ വീട്ടുകാര്‍ അതിഭയങ്കര ജാതകവിശ്വാസികളും കുട്ടിയുടെ അച്ചന്‍ ജാതകം നോക്കാതെ കെട്ടി, അമ്മ മരണപ്പെട്ടതുമാണെന്നൊക്കെ കേട്ടപ്പോള്‍ പിന്നെ ഞാനത് ഒഴിവാക്കുകയായിരുന്നു. (അവര്‍ വരാമെന്നേറ്റ ദിവസം രാവിലെ, ഇന്ന് വരുന്നില്ല എന്ന് പറയാന്‍ അവിടെ നിന്ന് കുട്ടിയുടെ അമ്മാവന്‍ വന്നപ്പോള്‍, രവിച്ചേട്ടന്റെ വീട്ടില്‍ നിന്ന് വിരുന്നുകാര്‍ക്കിരിക്കാന്‍ കസേരകളുമെടുത്തോണ്ട് വന്ന ചേട്ടനേയും വിജയേട്ടനെയും പുഷ്പാകരേട്ടനെയും കണ്ട് ‘സ്വന്തമായി നാലാള്‍ക്കിരിക്കാന്‍ നല്ല കസേര പോലും ഇല്ലാത്ത ദരിദ്രവാസികളാണപ്പോള്‍‍. ബെസ്റ്റ്!’ എന്ന് കരുതി അവര്‍ വേണ്ടെന്ന് വച്ചതാണെന്നൊക്കെ ആരോ പിന്നീട് പറഞ്ഞിരുന്നു. നമ്മള്‍ വിശ്വസിച്ചിട്ടില്ലെങ്കിലും!)

അങ്ങിനെയാണ് ഞാന്‍ കല്ലൂരുള്ള ഒരു കൊച്ചിനെ കാണാന്‍ പോകുന്നത്. ചാറ്റല്‍ മഴയുള്ള ഒരു ദിവസം. കല്ലൂര്‍ പാടമെത്തിയപ്പോഴേക്കും മഴ മാറി. ഞങ്ങള്‍ വണ്ടി നിറുത്തി പുറത്തിറങ്ങി പാടത്തേക്ക് നോക്കി റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ മൂന്നുപേരും നിരന്ന് നിന്നു. നല്ല സത്യന്‍ അന്തിക്കാട് സിനിമയിലെ സീന്‍ പോലെയൊരു കളര്‍ഫുള്‍ പാടം. മഴ പെയ്ത് പാടം വെള്ളത്തില്‍ മുങ്ങി കിടക്കുന്നു. തണുത്ത് കാറ്റ്. ഞാനാ വഴി ആദ്യമായിട്ടായിരുന്നു. പക്ഷെ, എനിക്കെന്തോ ഈ വഴിക്ക് ഞാനൊരുപാട് തവണ വരേണ്ടി വരും എന്നൊരു തോന്നലുണ്ടായി. സത്യം.

അങ്ങിനെ ജീവിതത്തിലാദ്യമായി നമ്മുടെ ഗഡിയെ കണ്ടു. തുടര്‍ന്ന് ഞാനവളെ ഇന്റര്‍വ്യൂ ചെയ്തു. അത് കേട്ട് അവള്‍ടെ അച്ഛന്‍ എന്നെ ഇന്റര്‍വ്യൂ ചെയ്തു. ഇടക്ക് ചായ കുടിച്ചു. പലഹാരം അധികം ഒന്നും കഴിച്ചില്ല. മിച്ചറിലെ ഈരണ്ടു മണി കപ്പലണ്ടി മാത്രം ഇടക്കെടുത്ത് ശബ്ദമുണ്ടാക്കാതെ തിന്നു. അച്ചപ്പവും കൊഴലപ്പവും മടക്കും ലഡുവുമൊന്നും നമ്മള്‍ കാണാണ്ട് കിടക്കുന്നവരല്ലല്ലോ!

ലേലത്തുക ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഇരുകൂട്ടര്‍ക്കും ഇഷ്ടപ്പെട്ടപ്പോള്‍ സംഗതി ഇടിപിടീന്ന് ബന്ധവസ്സായി. പക്ഷെ, നിശ്ചയത്തിന്റെ തലേദിവസം എനിക്ക് പെട്ടെന്നൊരു റ്റെന്‍ഷന്‍. കൊച്ച് കേരള വര്‍മ്മ യുടെ പ്രോഡക്റ്റാണ്‌‍. പാമ്പുകടിക്കാനായിട്ട് വല്ല മുട്ടന്‍ ലൈനുകളെങ്ങാനുമുണ്ടെങ്കില്‍… കല്യാണത്തിന്റെ തലേ ദിവസമോ പിറ്റേ ദിവസമോ ഒളിച്ചോടാന്‍ വല്ല പ്ലാനുമുണ്ടെങ്കിലോ… എന്നോര്‍ത്ത് ഞാന്‍ നേരിട്ട് കക്ഷിയോട് ഒറ്റക്ക് വിളിച്ച് മനസ്സമതം ചോദിച്ചേക്കാം എന്ന് ഉറപ്പിച്ച്, ഗഡികളെയും വിളിച്ച് അന്ന് ഉച്ചതിരിഞ്ഞു അവള്‍ടെ വീട്ടില്‍ പോയി.

അന്നും കല്ലൂര്‍ പാടത്തെത്തിയപ്പോള്‍ റോഡ് സൈഡിലെ സിമന്റ് തിണ്ടില്‍ സെയിം സ്പോട്ടില്‍ ഞങ്ങള്‍ മൂന്നുപേരും വരിവരിയായി നിന്ന് കുറച്ച് നേരം പ്രകൃതി ഭംഗി ആസ്വദിച്ചു!

കാറില്‍ വച്ച്, ‘എടീ കുന്തലതേ. നമ്മള്‍ തമ്മില്‍ ഇപ്പോള്‍ യാതൊരു ബന്ധവുമില്ല. കേരളത്തിലെ മൂന്നരക്കോടിയിലെ രണ്ട് നമ്പറുകള്‍ മാത്രം. പക്ഷെ, ഒരാഴ്ച കഴിയുമ്പോള്‍ അതാവില്ല സ്ഥിതി. ആറ്റുനോറ്റ് ഒരു കല്യാണം കഴിക്കാനുള്ള പരിപാടിയിലാണ് ഞാന്‍ ‍. അതും നടാടെ! എന്നെ ഇഷ്ടമല്ലെങ്കിലോ വേറെ വല്ല ഇഷ്ടങ്ങളുമുണ്ടെങ്കിലോ ദയവായി ഇപ്പം പറയണം. നോ ഇഷ്യൂസ്! ഇഷ്ടമില്ലാത്തത് ചെയ്യുന്നവനോ ചെയ്യിക്കുന്നവനോ അല്ല ഈ അപ്പുവേട്ടന്‍‍!! ‘ എന്നൊക്കെ പറയാന്‍ കുറെ തവണ കാറില്‍ വച്ച് റിഹേഴ്സല്‍ നടത്തി.

പക്ഷെ.. അവിടെയെത്തിയപ്പോള്‍….. റിഹേഴ്സല്‍ നടത്തിയതൊന്നും പറയാന്‍ തോന്നിയില്ല. കാരണം, അവള്‍ടെ ചിരി കണ്ടപ്പോള്‍ എനിക്ക് എല്ലാം മനസ്സിലായി. എന്റെ ലൈഫില്‍ അന്നേവരെ ഒരു പെണ്ണും എന്നെ നോക്കി അത്ര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അതുപോലെ ചിരിച്ചിട്ടില്ലായിരുന്നു!

അപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു. ‘എടീ മിസ്. വെള്ളാനിക്കോടേ… ഉണ്ടക്കണ്ണീ…. ഇനി ആരൊക്കെ എതിര്‍ത്താലും എന്തലമ്പുണ്ടാക്കിയാണേലും ശരി, നിന്നെ ഞാന്‍ കെട്ടിയിരിക്കുമെടീ…’

അങ്ങിനെ, എന്റെ കൊച്ചുകൊച്ച് തമാശകള്‍ക്കും കുട്ടിക്കളികള്‍ക്കും കമ്പനി തരാന്‍, എന്റെ പുറം കടിക്കുമ്പോള്‍ മാന്തി തരാന്‍, എനിക്ക് ചോറും കൂട്ടാനും വച്ചുതരാന്‍, എനിക്ക് കത്തെഴുതാന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്തായി, ഒരു പത്തൊമ്പതുകാരിയെ ആയിരത്തോളം ആളുകളുടെ മുന്‍പില്‍ വച്ച് കെട്ടിക്കൊണ്ടുപോന്നിട്ട് ഇന്നേക്ക് കൃത്യം പന്ത്രണ്ട് വര്‍ഷമാകുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്ന്!

(ഇത് മൂന്നാം റൌണ്ടാണ് പോസ്റ്റുന്നത്. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!