പുതുക്കാട്: മാരകായുധങ്ങളുമായി പുതുക്കാട് ഹോട്ടൽ ഹൈവേ ടവറിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടുപേര്‍ പുതുക്കാട് പോലീസിന്റെ പിടിയിലായി. വരടിയം ചിങ്ങിണിക്കാടന്‍ ഡെന്നീസ്, ചെങ്ങാലൂര്‍ നന്തിക്കര വീട്ടില്‍ നിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 8.30നായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പോലീസ് ഇവരെ സംഭവസ്ഥലത്തുനിന്നുതന്നെ കസ്റ്റഡിയിലെടുത്തു. ഇവരോടൊപ്പമുണ്ടായിരുന്ന സിബി എന്നയാള്‍ക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റു. ഇയാള്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പുതുക്കാട് പാഴായി ഇരട്ടക്കൊലപാതകം ഉള്‍പ്പെടെ ഏഴ് കേസുകളില്‍ പ്രതിയാണ് സിബി. വരന്തരപ്പിള്ളി സ്റ്റേഷനില്‍ ഡെന്നീസിനെതിരെ കൊലപാതകക്കേസും നിലവിലുണ്ട്. പുതുക്കാട് എസ്‌ഐ എം.ജെ. ജിജോയും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.