ജനപ്രിയനേതാവും മികച്ച പാര്‍ലമെന്റേറിയനും മുന്‍ മന്ത്രിയുമായ ലോനപ്പന്‍ നമ്പാടന്‍(78)അന്തരിച്ചു. ഇടപ്പളളി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി വൃക്കസംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. അവസാനനാളുകളില്‍ മിക്കവാറും ദിവസം ഡയാലിസിസിന് വിധേയനായി. ഏതാനും വര്‍ഷം മുമ്പ് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.
13-11-1935 ല്‍ കൊടകരയിലെ പേരാമ്പ്രയില്‍ ജനനം. കൊടകര ഗവ:നാഷണല്‍ ബോയ്സ് ഹൈസ്ക്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായതിനുശേഷം രാമവര്‍മപുരം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ടി.ടി.സി പാസായി അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണ് രാഷ്രീയത്തില്‍ പ്രവേശിച്ചത്. പിന്നിട് കേരള കോണ്‍ഗ്രസില്‍ ചേരുകയും കൊടകര നിയോജകമണ്ഡലം പ്രസിഡന്റാവുകയും ചെയ്തു.കൊടകര നിയോജകമണ്ഡലത്തില്‍ നിന്നും 1977,1980,1982 വര്‍ഷങ്ങളില്‍ കേരള കോണ്‍ഗ്രസ് പ്രതിനിധിയായും1987,1991,1996 വര്‍ഷങ്ങളില്‍ ഇരിഞ്ഞാലക്കുട മണ്ഡലത്തില്‍നിന്നും ഇടതുപക്ഷപിന്തുണയുള്ള സ്വതന്ത്രനായും നിയമസഭയിലെത്തി. 25-01-1980 മുതല്‍20-10-1981 വരെ ഇ.കെ.നായനാര്‍ മന്ത്രിസഭയില്‍ ഗതാഗതവകുപ്പുമന്ത്രിയായും02-04-1987 മുതല്‍ 17-06-1991 വരെ നായനാര്‍ മന്ത്രിസഭയില്‍തന്നെ ഭവനനിര്‍മ്മാണവകുപ്പു മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 ല്‍ മുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നും എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട് ലോക്‌സഭയിലെത്തി.
ദീര്‍ഘകാലത്തെ പൊതുജീവിത്തിനിടയ്ക്ക് കേരള കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ്, ത്യശൂര്‍ ജില്ലാകമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, ത്യശൂര്‍ രൂപത കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ്, ത്യശൂര്‍ കാത്തലിക് യൂണിയന്‍ സെക്രട്ടറി, ഇരിഞ്ഞാലക്കുട പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1963 ല്‍ കൊടകര ഗ്രാമപഞ്ചായത്ത് മെമ്പറായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ചലച്ചിത്രത്തിലും നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.
ഭാര്യ ആനി പേരാമ്പ്ര സെന്റ് ആന്റണീസ് സ്കൂളില്‍ അധ്യാപികയായിരുന്നു. മക്കള്‍: സ്റ്റീഫന്‍ (ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്), ഷീല, ഷെര്‍ലി. മരുമക്കള്‍: ലിസി, അഡ്വ. ഹോര്‍മിസ്എബ്രഹാം (ചേര്‍ത്തല), തോമസ്ജോസ് (മാലി റിപ്പബ്ലിക്) സംശുദ്ധ പൊതുജീവിതവും സരസമായ പ്രസംഗവുംവഴി മതേതര നിലപാടുംവഴി ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടി.
2004ല്‍ പതിനാലാം ലോക്സഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ പദ്മജാ വേണുഗോപാലിനെ 1,17,000 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി ആദ്യമായി പാര്‍ലമെന്റിലെത്തി സിപിഎം സ്ഥാനാര്‍ഥിയായിരുന്നു ലോനപ്പന്‍ നമ്പാടന്‍. അങ്ങനെ ‘നമ്പാടന്‍ ഇഫ്ക്ട്‘ എന്ന പ്രയോഗം അന്വര്‍ഥമാക്കി അദ്ദേഹം. കാരണം 82 ല്‍ അച്ഛന്‍ കരുണാകരന്‍ അനുഭവിച്ച മത്സരച്ചൂടിനു തന്നെയാണ് മകള്‍ പദ്മജയും ഇരയായത്. സമാനതകളില്ലാത്ത രാഷ്ട്രീയശൈലി ബാക്കി നിര്‍ത്തികൊണ്ടാണ് അദ്ദേഹം യാത്രയാകുന്നത്. സഞ്ചരിക്കുന്ന വിശ്വാസി(ആത്മകഥ), നമ്പാടന്റെ നമ്പരുകള്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പ്രിയ നേതാവിന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ആദരാഞ്ജലികള്‍…