കൊടകര : സ്റ്റീരിയോഗ്രാഫ് ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനം തൃശൂര്‍ ജില്ലയിലെ കൊടാലിയിലുള്ള ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയത്തില്‍ ആരംഭിച്ചു. 19, 20 നൂറ്റാണ്ടുകളില്‍ വടക്കേ അമേരിക്കയില്‍ പ്രിന്റു ചെയ്യപ്പെട്ട സ്റ്റീരിയോഗ്രാഫ് ചിത്രങ്ങളാണ് ഫോട്ടോമ്യൂസ് ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഫോട്ടോഗ്രാഫി എന്ന കലയുടെ ചരിത്രത്തില്‍ സ്റ്റീരിയോഗ്രാഫിനുള്ള പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ പ്രദര്‍ശനത്തിലൂടെ ഫോട്ടോമ്യൂസ് ഉദ്ദേശിക്കുന്നത്. അമേരിക്കയിലെ ഓഹയോവിലുള്ള ആഷര്‍മാന്‍ ശേഖരത്തില്‍നിന്നാണ് ഈ നാല്‍പതു ചിത്രങ്ങളും ഇന്ത്യയിലെത്തിയത്.1832ലാണ് ലോകത്തിലെ ആദ്യത്തെ സ്റ്റീരിയോസ്‌കോപ് സര്‍ ചാള്‍സ് വീറ്റ്‌സ്‌റ്റോണ്‍ ഉണ്ടാക്കിയത്.
1850 കള്‍ മുതല്‍ ലണ്ടനിലും യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഇവ പ്രചാരം നേടിയിരുന്നു. ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തരംഗമായിരുന്നു സ്റ്റീരിയോഗ്രാഫുകള്‍.ക്രിസ്തുവിന് മൂന്നു നൂറ്റാണ്ടുകള്‍ മുന്‍പുതന്നെ ത്രിമാന കാഴ്ച്ചയെകുറിച്ചുള്ള അറിവ് മനുഷ്യര്‍ക്കുണ്ടായിരുന്നു. ദ്വിമാനസ്വഭാവമുള്ള രണ്ടു ചിത്രങ്ങളെ ത്രിമാനസ്വഭാവമുള്ള ഒരു കാഴ്ചയിലേക്ക് മാറ്റുകയാണ് സ്റ്റീരിയോസ്‌കോപ് ചെയ്യുന്നത്. നാല്പതോളം സ്റ്റീരിയോഗ്രാഫുകളും, സ്റ്റീരിയോഗ്രാഫി ക്യാമറയും, സ്റ്റീരിയോസ്‌കോപ്പും പ്രദര്‍ശനത്തിലുണ്ട്. സ്റ്റീരിയോഗ്രാഫിയെകുറിച്ചുള്ള ഡോകുമെന്ററിപ്രദര്‍ശനവും നടന്നു. പ്രദര്‍ശനം ഏപ്രില്‍ 20 വരെ ഉണ്ടാകും.