Breaking News

ഈ കുറുംകുഴല്‍ നിശബ്ദമായിട്ട് രണ്ടാണ്ട്

കൊടകര : ആറുപതിറ്റാണ്ടുകാലം കേരളത്തിലെ ക്ഷേത്രാങ്കണങ്ങളിലും താലപ്പൊലിക്കാവുകളിലും മേളരംഗത്തെ കുറുംകുഴല്‍നിരയെ നയിച്ച കൊടകര ശിവരാമന്‍ നായരെന്ന കുറുംകുഴല്‍പ്രതിഭ ഓര്‍മയായിട്ട് ഇന്ന് രണ്ടാണ്ട് തികയുന്നു. ആനക്കമ്പക്കാരുടേയും മേളക്കമ്പക്കാരുടേയും അവസാനതാവളമായ ഇരിങ്ങാലക്കുട സംഗമേശസന്നിധിയിലെ 2017 ലെ ഉത്സവത്തിന്റെ വലിയവിളക്കുദിവസം രാത്രിയിലെ വിളക്കിന്റെ മേളത്തിന് പുറപ്പെടാനായി ഒരുങ്ങുന്നതിനിടെയാണ് ശിവരാമന്‍ നായര്‍ വിശ്രമമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചത്.

ഒരുജന്മംമുഴുവന്‍ കുറുംകുഴല്‍വാദനത്തിന് സമര്‍പ്പിച്ച ജീവിതമായിരുന്നു ഇദ്ദേഹത്തിന്റേത്. കൊടകര കുന്നത്ത് ശങ്കരന്‍നായരുടേയും മഠത്തിക്കാട്ടില്‍ നാനിക്കുട്ടിയമ്മയുടേയും മകനായ ശിവരാമന്‍ അമ്മാവനും ഗുരുവുമായ മഠത്തിക്കാട്ടില്‍ വേലായുധപ്പണിക്കരുടെ ശിക്ഷണത്തില്‍ പത്താമത്തെവയസ്സിലാണ് കുറുംകുഴല്‍ രംഗത്തേക്കുവരുന്നത്. കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം.

കുറുമാലിക്കാവ്, നന്തിപുലം പയ്യൂര്‍ക്കാവ് എന്നീക്ഷേത്രങ്ങളിലെ പാനപ്പറയോഗങ്ങളിലെ സാന്നിധ്യം ഇദ്ദേഹത്തെ അനുഭവജ്ഞനായ വാദകനാക്കി മാറ്റി. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ കൃഷ്ണന്‍്കുട്ടിനായര്‍ക്കും കൊമ്പത്ത്കുട്ടന്‍പണിക്കര്‍ക്കുമൊപ്പമുള്ള സഹവാസം ഇദ്ദേഹത്തെ ഈ നിരയിലെ ശ്രദ്ദേയനാക്കി.

കുട്ടിക്കാലംമുതല്‍ ശ്രുതിക്കാരനായും കുറുംകുഴല്‍കാനായും ക്ഷേത്രസന്നിധികളിലെത്തിയ ശിവരാമന്‍നായര്‍ 76 ന്റെ നിറവിലും സ്വരംനിലക്കുന്നതിന്റെ മണിക്കൂറുകള്‍ക്കുമുമ്പുവരെ തന്റെ കലോപാസന തുടര്‍ന്നിരുന്നു. അതും കേരളത്തിലെ ഏറ്റവും വലിയഉത്സവത്തിന്റെ മേളപ്രമാണത്തിനുശേഷം. കേരളത്തിലെ ഇരുന്നൂറില്‍പരം പൂരങ്ങള്‍ക്ക് കുറുംകുഴല്‍നിരയെ നയിച്ച അതുല്യപ്രതിഭ. എട്ടണക്കും പത്തണക്കും കേരളത്തിലെ പല പ്രമുഖപൂരങ്ങള്‍ക്കും പങ്കെടുത്തകലാകാരന്‍. എട്ടുംപത്തും ദിവസം നീളുന്ന ഉത്സവങ്ങള്‍ക്ക് വെറും 10 രൂപ പ്രതിഫലം വാങ്ങിയ കാലമുണ്ടായിരുന്നു.

പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് വെറും 7 രൂപക്കു കുഴലൂതി.മധ്യകേരളത്തിലെ പാനപ്പറയോഗങ്ങള്‍ക്ക് നെല്ല് പ്രതിഫലംവാങ്ങി കിലോമീറ്ററുകള്‍ നടന്നു. ആറാട്ടുപ്പുഴദേവമേളക്കും സംഗമേശന്റെ പഞ്ചാരിക്കും പെരുവനത്തെ ഇറക്കപ്പാണ്ടിക്കും കുറുംകുഴല്‍നിരയെ നയിക്കുമ്പോള്‍ ഇതൊന്നും മറക്കാത്ത കലാകാരനായിരുന്നു ശിവരാമന്‍നായര്‍.

പരിയാരത്ത് കുഞ്ഞന്‍മാരാര്‍, കുറുപ്പത്ത് ഈച്ചരമാരാര്‍,കുറുപ്പത്ത് നാണുമാരാര്‍, പെരുവനം നാരായണമാരാര്‍, പെരുവനം അപ്പുമാരാര്‍, പല്ലാവര്‍ അപ്പുമാരാര്‍, ചക്കംകുളം അപ്പുമാരാര്‍, തൃപ്പേക്കുളം അച്ചുതമാരാര്‍ എന്നിവരുടെയെല്ലാം മേളത്തിന് പങ്കെടുക്കാനായതില്‍ ഏറെ ചാരിതാര്‍ഥ്യനായിരുന്നു ശിവാരാമന്‍നായര്‍. മാത്രമല്ല പെരുവനം കുട്ടന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍മാരാര്‍, ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാര്‍,പെരുവനം സതീശന്‍മാരാര്‍തുടങ്ങി പുതുതലമുറയിലെ പ്രമാണിമാര്‍ക്കൊപ്പവും സ്വരായനം നിലയ്ക്കുംവരെ ഇദ്ദേഹം പങ്കെടുത്തു. 2014 ല്‍ കൊടകരയില്‍ ‘സ്വരായനം’എന്ന പേരില്‍ ഇദ്ദേഹത്തെ നാട്ടുകാരും വിവിധക്ഷേത്രക്ഷേമസമിതികളും ചേര്‍ന്ന് വീരശൃംഖല നല്‍കി ആദരിച്ചിരുന്നു.

കുറുംകുഴലിന്റെ പൈതൃത്തിനുതന്നെ ലഭിച്ച ആദരണമായിരുന്നു അത്. ആറുപതിറ്റാണ്ടിനിടെ ഇദ്ദേഹം പങ്കെടുക്കാത്ത പൂരങ്ങളില്ല. നൂറുകണക്കിനുപേര്‍ പങ്കെടുക്കുന്ന മേളസംഘത്തിലും ഏറെ തലയെടുപ്പോടെ ആസ്വാദകരുടെ ആരാധനാപാത്രമായിരുന്നു ഇടതുകയ്യില്‍ ആറുവിരലുള്ള ഈ അപൂര്‍വ കുറുംകുഴല്‍പ്രതിഭ. ഒട്ടനവധി പുരസ്‌കാരങ്ങളും സുവര്‍ണമുദ്രകളും ഇദ്ദേഹത്തെത്തേടിയെത്തിയെങ്കിലും സര്‍ക്കാര്‍തലത്തില്‍ ഒരു പുരസ്‌കാരവും ഈ ശ്രേഷ്ഠകലാകാരനു ലഭിച്ചില്ല.

പത്താമത്തെവയസ്സില്‍ തുടങ്ങിയ നാദസപര്യ സാംസ്‌കാരികകേരളത്തിനുസമര്‍പ്പിച്ചായിരുന്നു ആ കുറുംകുഴല്‍ ബാക്കിയാക്കി നാദനക്ഷത്രം നാദങ്ങളില്ലാത്ത നക്ഷത്രലോകത്തേക്ക് യാത്രയായത്. കൊടകര മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ സ്മരണീയം എന്ന പേരില്‍ ശിവരാമന്‍നായര്‍ അനുസ്മരണം ഇന്ന് വൈകീട്ട് 4 ന് കൊടകരയിലെ സമിതി കാര്യാലയത്തില്‍ നടക്കും.

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!