ശങ്കര്‍ജിക്ക് സര്‍വ്വം സംസ്‌കൃതമയം

കൊടകര: .ദേവഭാഷയായ സംസ്‌കൃതത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് ശങ്കര്‍ജിയുടേത്.
മലയാളത്തിലെ ചലചിത്രഗാനങ്ങളേയും കവിതകളേയും സംസ്‌കൃതത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും സംസ്‌കൃതത്തില്‍ ഒട്ടനവധി രചനകള്‍ നടത്തുകയും ചെയ്യുന്ന അധ്യാപകനാണ് ശങ്കര്‍ജി എന്ന ശങ്കരനാരായണന്‍. മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ പുരാണപാഠങ്ങളിലൂടെ കുട്ടിക്കാലം മുതല്‍ അമരഭാഷയെ അടുത്തറിയുകയും ആരാധിക്കുകയും ആത്മാവിലേക്ക് ആവാഹിക്കുകയുമായിരുന്നു ഇദ്ദേഹം.

ചാലക്കുടി ഹൈസ്‌കൂള്‍, കാലടി ശ്രീശങ്കര സംസ്‌കൃത കോളേജ്, ഒററപ്പാലം എന്‍.എസ്.എസ് കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം സംസ്‌കൃതം അധ്യാപകനായി കൊടകര, ചാലക്കുടി, ശാസ്താംകോട്ട, തൃപ്പൂണിത്തുറ, എറണാകുളം എന്നിവിടങ്ങളിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഇടപ്പിള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആണ്.

ഒ.എന്‍.വി കുറുപ്പിന്റെ ‘തീരെ ചെറിയ ശബ്ദങ്ങള്‍’,െേ െവലോപ്പിള്ളി ശ്രീധരമേനോന്റെ ‘കാക്ക ‘ എന്നീ കവിതകള്‍ അതേ രീതിയില്‍ തന്നെ സംസ്‌കൃതത്തിലേക്ക് തര്‍ജമ ചെയ്തു. പരിശുദ്ധാത്മാാവ് എന്ന ക്രിസ്തീയ ഗാനവും മാണിക്യമലര്‍ എന്ന ചലച്ചിത്രഗാനവും സംസ്‌കൃതത്തിലേക്കു മാറ്റിയെഴുതി. പരശുരാമ പ്രതിഷ്ഠിതമായ നൂറ്റെട്ടുദുര്‍ദുര്‍ഗാലയങ്ങളില്‍ പ്രധാന ദേവീക്ഷേത്രമായ കൊടകര പൂനിലാര്‍ക്കാവ് ഭഗവതിയെക്കുറിച്ച് സുപ്രഭാതം രചിച്ചു. ‘എന്റെ ഭാഷക്കൊരു സ്തുതി ‘ എന്നപേരില്‍ മലയാളഭാഷയുടെ സാഹിത്യചരിത്രം ഉള്‍ക്കൊള്ളുന്ന കവികളേയും കൃതികളേയും ഉള്‍ക്കൊള്ളുന്ന രചന കവിതാപര്‍വ്വമായും കഥാപര്‍വമായും പൂര്‍ത്തിയാക്കി.

പുരാണകൃതികളെ ആസ്പദമാക്കി ഹാസ്യരൂപേണ രചിച്ച ‘സ്മൈലീപുരാണം’ ഏറെ ശ്രദ്ധേയമാണ്. കാളിദാസകൃതികളിലേയും ഭാസനാടകങ്ങളിലേയും ശിശുപാലവധം, കിരാതാര്‍ജുനീയം എന്നീ കാവ്യങ്ങളിലേയും സാഹിത്യ വിചിന്തനങ്ങളെ ആനുകാലികസന്ദര്‍ഭങ്ങളുമായി കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സംസ്‌കൃതത്തിലുള്ള പുതുസംരംഭമാണ് ‘ചിന്തകളുടെ ചന്തകള്‍’ എന്ന കൃതി. സംസ്‌കൃതസാഹിത്യത്തിലെ അത്ഭുതകൃതികളെ ഏറെ ഹൃദിസ്ഥമാക്കിയിട്ടുള്ള ശങ്കര്‍ജി ഒന്നരവര്‍ഷക്കാലത്തെ ട്രെയിന്‍ യാത്രയിലെ ഇടവേളകളിലാണ് ഇത് തയ്യാറാക്കിയത്. ദശാവധാനം എന്ന സംസ്‌കൃതമത്സരത്തില്‍ വൃത്തത്തില്‍ കാര്യങ്ങള്‍ നിമിഷനേരംകൊണ്ട് ചോദിച്ചറിയുന്ന ഛന്ദോപ്രഭാഷകനായിട്ടുണ്ട്. മാത്രമല്ല സ്വരസ്ഥാനങ്ങളും അക്ഷരസ്ഫുടതയും വ്യക്തമാക്കുന്ന അക്ഷരശ്ലോകത്തെ പ്രോത്സാഹിപ്പിക്കുവാനും അത് പുതുതലമുറക്കു പകര്‍ന്നു നല്‍കാനുമായി അക്ഷരശ്ലോകസംഘം എന്ന പേരില്‍ വാട്ട്സ്ാപ്പ് കൂട്ടായ്മ നടത്തുന്നു.

ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുമ്പോട്ടുപോകുന്നതിനിടെ കോവിഡിന്റെ ജാഗ്രതാഗീതവും പ്രതിജ്ഞാഗാനവും സംസ്‌കൃത്തില്‍ രചിക്കുകയുണ്ടായി. അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഏറെ വൈറലായ ജാഗ്രതാ ഗീതം ഗായകരായ രാജേന്ദ്രന്‍ പിള്ള , വര്‍ഷ വിക്രം ,സ്മിത പി മേനോന്‍ ,ഷീന വിജേഷ് വയനാട് തുടങ്ങി അനവധി പേര്‍ ആലപിച്ചിട്ടുണ്ട്. സ്മിത പി മേനോനും ഷീന വിജേഷും രാജന്‍ മലനടയുമാണ് പ്രതിജ്ഞാ ഗാനം ആലപിച്ചിട്ടുള്ളത്. മലയാളത്തിലെ ഏതാനും പുതിയ ചലച്ചിത്രഗാനങ്ങളെയും ഇപ്പോള്‍ ഭാഷകളുടെ ഭാഷകളിലേക്ക് ഇപ്പോള്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുന്നു. ആലങ്കാരികതയിലും വൃത്തഭംഗിയിലും സംസ്‌കൃതകാവ്യങ്ങളും സംസ്‌കൃതശ്ലോകങ്ങളും രചിക്കുന്നതില്‍ ഏറെ ശ്രദ്ധാലുവായ ഇദ്ദേഹം കേരളം പ്രളയദുരിതത്തില്‍ അകപ്പെട്ടനാളുകളിലും ദേവഭാഷയില്‍ ഒട്ടനവധി ശ്ലോകങ്ങള്‍ രചിച്ചിരുന്നു.

ഹയര്‍സെക്കണ്ടറി പാഠപുസ്തകനിര്‍മാണക്കമ്മിറ്റിയിലും അധ്യാപക പരിശീലനസമിതിയിലും അംഗമായിരുന്നിട്ടുണ്ട്. ബൈബിളിന്റെ 1848 ല്‍ ഇറങ്ങിയ സംസ്‌കൃത തര്‍ജമ ഉള്‍പ്പെടെ 8000 ല്‍പരം സംസ്‌കൃതപുസ്തകങ്ങളുടെ ഇ-ബുക്സ് ശേഖരവും 2000 ത്തിലധികം വിവിധഭാഷകളിലുള്ള സാധാരണപുസ്തകശേഖരവുമുള്ള അപൂര്‍വപ്രതിഭയാണ് ഇദ്ദേഹം. ഗവേഷണവുമായി ബന്ധപ്പെട്ട് ഒട്ടനവധി വിദ്യാര്‍ഥികള്‍ ഈ അധ്യാപകനെ സമീപിക്കുന്നു. തിരുവനന്തപുരം ആയുര്‍വേദകോളേജ്, കാലടി ശ്രീശങ്കരയൂണിവേഴ്സിറ്റി വ്യാകരണവിഭാഗം, ഗുരുവായൂര്‍ ശ്രീകൃഷണകോളേജ് എന്നിവിടങ്ങളിലെ ഡിജിറ്റല്‍ ലൈബ്രറി തുടങ്ങിയപ്പോള്‍ ശങ്കരനാരായണന്റെ ഗ്രന്ഥശേഖരം ഏറെ സഹായകരമായിരുന്നു.

കൊടകര കാവില്‍ കാഞ്ഞിരപ്പറമ്പുമഠത്തില്‍ പരേതരായ നാരായണന്‍നമ്പ്യാരുടേയും ശാന്തകുമാരിയുടേയും മകനാണ് ശങ്കരനാരായണന്‍. ഭാര്യ അധ്യാപികയായ പ്രീതിയും പിതാവിന്റെ ശിക്ഷണത്തില്‍ ഒട്ടനവധി സംസ്‌കൃതശ്ലോകങ്ങള്‍ സ്വായത്തമാക്കിയ വിദ്യാര്‍ഥിയായ മകന്‍ ശാസ്തൃദത്തനും ഉള്‍പ്പെട്ട സര്‍വം സംസ്‌കൃതമയമായ കുടുംബമാണ് ശങ്കര്‍ജിയുടേത്.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!