Breaking News

കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍നായര്‍ക്ക് വീരശൃംഖല സമര്‍പ്പിച്ചു

Swarayanam_Ulghadanam1വീരശൃംഖല സമര്‍പ്പണ സമ്മേളനം സാംസ്‌കാരികമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

കൊടകര: കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍നായരെ വിവിധ ക്ഷേത്ര ക്ഷേമ സമിതികളും നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് വീരശൃംഖല നല്‍കി ആദരിച്ചു. കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്ര മൈതാനിയില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാവിലെ കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരി, പാമ്പുമേക്കാട്ട് ജാതവേദന്‍ നമ്പൂതിരി, തെക്കേടത്ത് പെരുമ്പടപ്പ് ജാതവേദന്‍ നമ്പൂതിരി, അഴകത്ത് ത്രിവിക്രമന്‍ നമ്പൂതിരി, അഴകത്ത് ഹരിദത്തന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചതോടെയാണ് സ്വരായനം എന്ന പേരിലുള്ള ആദരണചടങ്ങുകള്‍ക്ക് തുടക്കമായത്.

തുടര്‍ന്ന് കൊമ്പത്ത് ചന്ദ്രനും സംഘവും നയിച്ച മംഗളവാദ്യം, ചോറ്റാനിക്കര സുഭാഷ് മാരാരുടെ അഷ്ടപദി, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍, മട്ടന്നൂര്‍ ശ്രീരാജ്, കോട്ടയ്ക്കല്‍ രവി, സദനം ഭരതരാജന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇരട്ട കേളി, മച്ചാട് മണികണ്ഠന്റെ കൊമ്പ് പറ്റ്, പനമണ്ണ മനോഹരനും സംഘവും നയിച്ച സപ്തകുറുംകുഴല്‍പറ്റ് എന്നിവ നടന്നു. ഉച്ചയ്ക്ക് നടന്ന മാനിതം പരിപാടിയില്‍ കലാമണ്ഡലം ശിവദാസന്‍ അധ്യക്ഷനായി.

കൊടകര കൃഷ്ണന്‍കുട്ടിനായര്‍, തൃപ്രയാര്‍ ബാലന്‍നായര്‍, മഠത്തില്‍ നാരായണന്‍കുട്ടിമാരാര്‍, എരവത്ത് രാമന്‍നായര്‍, കുമ്മത്ത് അപ്പുമാരാര്‍, കുണ്ടനാട്ട് നാരായണമാരാര്‍ എന്നിവരെ ആദരിച്ചു. കെ. രമേഷ്, പെരുവനം സതീശന്‍ മാരാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയും സംഘവും നയിച്ച കുറുംകുഴല്‍ കച്ചേരി അരങ്ങേറി. പി.എന്‍. നമ്പൂതിരിയുടെ സോദാഹരണ പ്രഭാഷണം, തിരുവില്വാമല ജയനും സംഘവും അവതരിപ്പിച്ച വില്ലിന്‍മേല്‍ തായമ്പക എന്നിവയും ഉണ്ടായി.

വൈകുന്നേരം കൊടകര ടൗണില്‍ നിന്ന് ആന, പഞ്ചവാദ്യം, തകില്‍, നാദസ്വരം, കാവടി, പൂത്താലം, നാടന്‍കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ കൊടകര ശിവരാമന്‍ നായരെ സ്വീകരിച്ച് പൂനിലാര്‍ക്കാവ് മൈതാനിയിലേക്കാനയിച്ചു. തുടര്‍ന്ന് നടന്ന വീരശൃംഖല സമര്‍പ്പണ സമ്മേളനം സാംസ്‌കാരികമന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.ഡി. ദേവസി എം.എല്‍.എ. അധ്യക്ഷനായി. കൊടകര ഉണ്ണി ആമുഖപ്രഭാഷണം നടത്തി. തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ. പുഷ്പകിരീടം ചാര്‍ത്തി. കെ.പി. ധനപാലന്‍ പൊന്നാട അണിയിച്ചു.

Swarayanam_samarppanam1കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട്,  കുറുംകുഴല്‍ വിദ്വാന്‍ കൊടകര ശിവരാമന്‍ നായർക്ക്‌  വീരശൃംഖല സമര്‍പ്പണം നടത്തുന്നു.

കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് വീരശൃംഖല സമര്‍പ്പണം നടത്തി. കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഭാസ്‌കരന്‍നായര്‍ കീര്‍ത്തിമുദ്ര സമര്‍പ്പണം നടത്തി. സംഗീതനാടക അക്കാദമി വൈസ് ചെയര്‍മാന്‍ ടി.എം. എബ്രഹാം ഓണപ്പുടവ സമ്മാനിച്ചു. കവി രാവുണ്ണി പ്രശസ്തിപത്രവും കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗീസ് സ്‌നേഹോപഹാരവും നല്‍കി. പെരുവനം കുട്ടന്‍മാരാര്‍, പി.എം. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സന്ധ്യക്ക് പോരൂര്‍ ഉണ്ണികൃഷ്ണനും കലാനിലയം ഉദയന്‍ നമ്പൂതിരിയും ചേര്‍ന്നൊരുക്കിയ ഇരട്ടത്തായമ്പക അരങ്ങേറി. റിപ്പോർട്ട്‌ : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!