കൊടകര: ദേശീയപാതയില്‍ കൊളത്തൂരിനടുത്ത് പിക്കപ്പ് വാന്‍ ഇടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു. ഓട്ടോയിലുണ്ടായ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശ്ശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവര്‍ മുളങ്ങ് സ്വദേശി പുളിക്കന്‍ വീട്ടില്‍ ബിജു (36), ബിജുവിന്റെ ബന്ധുക്കളും അയല്‍വാസികളുമായ പുളിക്കന്‍ അരവിന്ദാക്ഷന്റെ ഭാര്യ പുഷ്പാവതി, മകള്‍ നിഷ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപകടം. കൊടകര ഉളുമ്പത്തുകുന്നില്‍ ആയുര്‍വേദ ഡോക്ടറെ കണ്ടു മടങ്ങുകയായിരുന്നു.
ദേശീയപാതയില്‍ നെല്ലായി ഭാഗത്തേക്കുള്ള റോഡിലേക്ക് കടക്കാന്‍ യു ടേണ്‍ തിരിയുന്നതിനിടെ പുറകില്‍ വന്ന പിക്കപ്പ് വാന്‍ ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ ഇരു പാതയ്ക്കുമിടയിലെ കാനയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ ആദ്യം ചാലക്കുടിയിലെ ആസ്പത്രിയിലെത്തിച്ചു. ഗുരുതരമായതിനാല്‍ തൃശ്ശൂരിലേക്ക് മാറ്റുകയായിരുന്നു.
റിപ്പോര്‍ട്ട് : മാതൃഭൂമി.