കൊടകര : പന്ത്രണ്ട് വര്‍ഷം മുമ്പ് അച്ഛന്‍ മരിച്ചത് മുതല്‍ അമ്മക്ക് താങ്ങായി ഒപ്പമുണ്ടായിരുന്നത് അവിവാഹിതയായ ജയയാണ്. ഇപ്പോള്‍ രണ്ടു വൃക്കകള്‍ക്കും രോഗം ബാധിച്ച ജയക്കും 85 വയസ്സുള്ള അമ്മയ്ക്കും തണലായി നാട്ടുകാര്‍ മാത്രം. ആളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ കനാല്‍പാലത്തിന് സമീപം ചാഴിക്കുളം കൊച്ചക്കന്റെ മകള്‍ ജയയാണ് ചികിത്സക്കും കുടുംബചിലവിനും പണമില്ലാതെ കാരുണ്യം തേടുന്നത്. സഹോദരങ്ങള്‍ ഇല്ലാത്ത കുടുംബത്തില്‍ അച്ഛന്‍ മരിച്ച ശേഷം ഏക വരുമാനം ജയയുടെതായിരുന്നു.
കല്ലേറ്റുംകരയില്‍ തീപ്പെട്ടി കമ്പനിയില്‍ പണിക്ക് പോയിരുന്നു. രണ്ടു വര്‍ഷത്തോളമായി നിരന്തരമുള്ള പനിയും ശരീരത്തില്‍ നീരും മൂലം പണിക്ക് പോകാന്‍ കഴിയാറില്ല. രണ്ടു മാസം മുമ്പാണ് 44 കാരിയായ ജയയുടെ രണ്ടു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തിയത്. ഇപ്പോള്‍ ഇടയ്ക്കിടെ ഡയാലിസിസ് നടത്തുന്നുണ്ട്. അമ്മ കല്ല്യാണിയും വാര്‍ധക്യ രോഗങ്ങള്‍ മൂലം അവശതയിലാണ്. ഇവരുടെ ദുരവസ്ഥ കണ്ട സമീപവാസികളും നാട്ടുകാരുമാണ് ഇതുവരെ ചികിത്സക്ക് പണം നല്‍കിയിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള ചികിത്സകള്‍ക്കും ഒരു വൃക്കയെങ്കിലും മാറ്റി വെക്കണമെങ്കിലും വലിയ തുക ആവശ്യമായി വന്നിരിക്കുകയാണ്.
ജയയുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിന് ചികിത്സാ സഹായ സമിതി രൂപവല്‍ക്കരിച്ച് ഉദാരമതികളുടെ സഹായം അഭ്യര്‍ഥിക്കുകയാണ് നാട്ടുകാര്‍. വാര്‍ഡ് അംഗം ഇ.കെ. ഭുവനേന്ദ്രന്‍ ചെയര്‍മാനും കെ.എന്‍.സദാനന്ദന്‍ കണ്‍വീനറും എം.കെ.ഉത്തമന്‍ ട്രഷററുമായാണ് ജനകീയകമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. ജയയുടെ ചികിത്സക്ക് പണം നല്‍കി സഹായിക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ആളൂര്‍ ശാഖയില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍ : 0790053000001030. ഐ.എഫ്.എസ്.സി.കോഡ് : എസ്.ഐ.ബി.എല്‍.0000790.