
കൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തിന്റെ അങ്കണത്തില്‍ ആനയും, ആമയും, മയിലും, മുയലും, വെള്ളം ചീറ്റുന്ന ജിറാഫും ഓടിക്കളിക്കുന്ന സ്വര്‍ണ്ണമത്സ്യവും നിറയെ കളിയുപകരണങ്ങളും കൊണ്ട് നിറഞ്ഞു. പുതുഅധ്യായനവര്‍ഷം ആരംഭത്തില്‍ തന്നെ കുട്ടികള്‍ ഏറെ ആഹ്ലാദലഹരിയിലാണ്. ജിറാഫിന്റെ പ്രതിമയെ കൗതുകപൂര്‍വ്വം കാണാനും, ആനപുറത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും, മത്സ്യത്തിന്റെ മാതൃകയിലുള്ള റാംമ്പില്‍ കയറി ഇഴുകാനും, കറങ്ങിതിരിയാനും, ഊഞ്ഞാലിലേറി മാനം തൊടാനും തിരക്കിലാണ് കുട്ടികള്‍. അവരെ ഊഞ്ഞാലിലാട്ടാന്‍ രക്ഷിതാക്കളും വരിവരിയായി നില്‍ക്കുന്ന കാഴ്ച നയനാനന്ദകരണാണ്.
ആലത്തൂര്‍ ഗ്രാമത്തിലെ ഒരേ ഒരു സ്‌കൂളായ എ.എല്‍.പി.എസിന്റെ മുഖഛായ തന്നെ മാറ്റുംവിധത്തില്‍ പി.ടി.എ. യുടെയും നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെയാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. പുസ്തകതാളുകളിലും മൃഗശാലയിലും മറ്റും മാത്രം കാണുന്ന കൗതുകമൃഗങ്ങളുടെ രൂപം കണ്ടതുമുതല്‍ കുട്ടികള്‍ മറ്റൊരു ലോകത്തേക്ക് പ്രവേശിച്ചതുപോലെയാണ്. സ്‌കൂളിന്റെ കളിമുറ്റം ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ കളികളുടെ മുറ്റമായി മാറി.
സ്‌ക്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി വിദ്യാലയത്തെ ആകര്‍ഷകമാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായിട്ടാണ് പാര്‍ക്ക് നിര്‍മ്മിച്ചത്. സ്‌ക്കൂളിന്റെ മുന്‍വശത്തെ ഭിത്തികള്‍ നിറയെ മനോഹരങ്ങളായ ചിത്രങ്ങള്‍ വരച്ചു കഴിഞ്ഞു. മാനസികോല്ലാസവും പഠനം രസകരമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.പാര്‍ക്കിന്റെ ഉദ്ഘാടനം പ്രൊഫ. രവീന്ദ്രനാഥ് എം.എല്‍.എ. നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എം.ഡി. ലീന, പറപ്പൂക്കര വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ആര്‍ ലാല്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ടി.എം. പ്രബിന്‍, ആന്റണി തണിയേക്കല്‍, സുതന്‍ പി.കെ. തുടങ്ങിയവര്‍ സംസാരിച്ചു.