കൊടകര: കോടാലിയിലെ മറ്റത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികള്‍ക്ക് ഏറെ ദുരിതങ്ങള്‍. മലയോരമേഖലയിലെ ഭൂരിഭാഗവുമുള്ള നിര്‍ധന കുടുംബങ്ങളുടെ ഏക ആശ്രയമായ ഇവിടെ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഏഴ് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാലുപേര്‍ മാത്രമാണ് ഉള്ളത്. ഇവരില്‍ ഒന്നോ രണ്ടോ പേര്‍ മിക്കവാറും അവധിയിലുമായിരിക്കും. ഡോക്ടര്‍മാരുടെ കുറവുമൂലം രാത്രി ചികിത്സയും അവതാളത്തിലാണ്.
കഴിഞ്ഞദിവസം രാത്രി ഇവിടെ ചികിത്സ തേടിയെത്തിയവര്‍ക്ക് ഡോക്ടറില്ല എന്ന ബോര്‍ഡാണ് കാണാനായത്. ഇതിനിടയിലാണ് ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ സൂപ്രണ്ടിനെ കഴിഞ്ഞദിവസം സ്ഥലംമാറ്റിയത്. പുതിയ സൂപ്രണ്ട് ഇതുവരെ ചാര്‍ജെടുത്തിട്ടുമില്ല. സൂപ്രണ്ടിന്റെ അഭാവവും ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് രോഗികള്‍ പരാതിപ്പെടുന്നു. ആരോഗ്യകേന്ദ്രത്തില്‍ രാത്രി ഏര്‍പ്പെടുത്തിയിരുന്ന കാവല്‍ക്കാരന്റെ സേവനവും ഇപ്പോഴില്ല.
ആദിവാസികളടക്കം സാധാരണക്കാരായ നൂറുകണക്കിനു രോഗികള്‍ ആശ്രയിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാണ്. സര്‍ക്കാര്‍ ആസ്പത്രികളില്‍ സൗകര്യങ്ങള്‍ കുറവാണെന്ന സ്ഥിതിയുണ്ടാക്കി സ്വകാര്യ ആസ്പത്രികളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാടാണ് ഇതിനുപിന്നിലെന്ന ആക്ഷേപവുമുണ്ട്.
കോടാലി ഗവ. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുക, രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ സര്‍ക്കാര്‍ ആശുപത്രികള്‍ തകര്‍ക്കാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സി.പി.ഐ. മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോടാലി ഗവ. ആശുപത്രിയിലേക്ക് ബഹുജനമാര്‍ച്ച് നടത്തി.
സി.പി.ഐ. തൃശൂര്‍ ജില്ലാ കമ്മറ്റി അംഗം സ: എ.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സി.യു.പ്രിയന്‍ അധ്യക്ഷനായിരുന്നു. കെ.പി.അജിത്ത് സ്വാഗതവും സി.വി.മൊയ്തു നന്ദിയും പ്രകാശിപ്പിച്ചു. ഉമ്മുകുല്‍സു അസീസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. സുബ്രന്‍ കുറ്റിലിക്കാടന്‍, നവീന്‍ തേമാത്ത്, കെ.കെ.സുബ്രന്‍, കെ.പി.വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാതൃഭൂമി : റിപ്പോർട്ട്