കൊടകര: വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒരു കോടി ഒന്നാം സമ്മാനം കല്ലേറ്റുംകര പഞ്ഞപ്പിള്ളി മനപ്പടിയില്‍ കണ്ണോളി വീട്ടില്‍ ഉണ്ണികൃഷ്ണന്. വീടിനടുത്തുതന്നെ താമസക്കാരനായ ലോട്ടറി വില്പ്പനക്കാരന് ജെയ്സന്റെ കയ്യില്‍നിന്നാണ് ലോട്ടറി വാങ്ങിയത്.
അമ്മയുടെ പേരില്‍ ആകെയുള്ള നാല് സെന്റിലെ കൊച്ചു തറവാട്ടു വീട്ടിലാണ് കുടുംബവുമായി ഉണ്ണികൃഷ്ണന് താമസിക്കുന്നത്. ജ്യേഷ്ഠനുകൂടി അവകാശപ്പെട്ടതാണ് ഈ ഇത്തിരി പുരയിടം. സ്വന്തമായി ഭൂമി വാങ്ങി വീടുവെയ്ക്കണമെന്ന സ്വപ്നം ഭാഗ്യക്കുറി സമ്മാനം കിട്ടുന്നതോടെ സാക്ഷാത്കരിക്കാനാകുമെന്ന ആശ്വാസത്തിലാണ് നാല്പത്തിയഞ്ചുകാരനായ ഉണ്ണികൃഷ്ണന്.
തൊഴിലുറപ്പ് പണിയ്ക്ക് പോയിരുന്ന ഭാര്യ ബീനയും ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് വിരാമമായതിന്റെ ആശ്വാസത്തിലാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കിരണ്‍, ഒമ്പതാം ക്ലാസ്സുകാരന് അരുണ്‍ എന്നിവരാണ് മക്കള്‍. കൂലിപ്പണി ഇനിയും തുടരാന്‍ മടിയ്ക്കില്ലെന്ന് ഉണ്ണികൃഷ്ണന് പറഞ്ഞു.