
കൊടകര : കേരള വര്‍മ്മ പഴശ്ശിരാജ വീരമൃത്യു പ്രാപിച്ചതിന്റെ 210 -ാം വാര്‍ഷിക ദിനത്തില്‍ ആലത്തൂര്‍ വിദ്യാലയത്തിലെ കുട്ടികള്‍ പഴശ്ശിയുടെ ഓര്‍മ്മകള്‍ പുതുക്കി. രാവിലെ പഴശ്ശിരാജയുടെ ഫോട്ടോയില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. ”പഴശ്ശി ധീരനായ പോരാളി” എന്ന വിഷയത്തില്‍ സി.ജി. അനൂപ, എന്‍.എസ്. സന്തോഷ് ബാബു എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കായി സെമിനാര്‍ അവതരിപ്പിച്ചു. പ്രസ്തുത പരിപാടിയില്‍ പഴശ്ശി ജനിച്ചു വളര്‍ന്ന ഇന്നത്തെ വയനാട് ജില്ല ഉള്‍പ്പെടുന്ന ഭൂപ്രദേശം, കോവിലകവും കൊട്ടാരവും തുടങ്ങി നാമവശേഷമായ കുളവും, കല്‍പ്പടവും വരെ നിറഞ്ഞ അത്യപൂര്‍വ്വമായ ചിത്രങ്ങളുടെ പ്രദര്‍ശനം എന്നിവ നടന്നു.
പ്രദര്‍ശനത്തില്‍ പഴശ്ശിയുടെ ചിത്രങ്ങള്‍, ജീവിതചക്രത്തെ വരച്ച് കാണിക്കുന്ന പുസ്തകങ്ങള്‍, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സ്മാരക നിര്‍മ്മാണ ചിത്രങ്ങള്‍ തുടങ്ങി നിരവധി ചരിത്രരേഖകള്‍ ഉള്‍പ്പെടുത്തി. വിദ്യാലയത്തിലെ എല്ലാ കുട്ടികളും, രക്ഷിതാക്കളും പ്രദര്‍ശനം കാണാന്‍ എത്തി. ഉച്ചയ്ക്ക് എം.ടി. വാസുദേവന്‍ നായര്‍ – ഹരിഹരന്‍ ഒരുക്കിയ ”കേരളവര്‍മ്മ പഴശ്ശിരാജ” എന്ന മലയാള ചിത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള വീഡിയോ ക്ലിപ്പിംഗ്‌സ് വിദ്യാര്‍ത്ഥികള്‍ക്കായ് പ്രദര്‍ശിപ്പിച്ചു. പഴശ്ശിയെക്കുറിച്ചുള്ള പഠനവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ലേഖനങ്ങളും പുസ്തകങ്ങളും വായിക്കാന്‍ കുട്ടികള്‍ക്ക് ഈയാഴ്ച മുഴുവന്‍ സമയം നല്‍കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹെഡ്മിസ്ട്രസ്സ് ഇന്‍ചാര്‍ജ്ജ് കെ.കെ. ഷീല പറഞ്ഞു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ദിവ്യ രവി, സ്‌കൂള്‍ പ്രതിനിധി അനയ്കൃഷ്ണ എ.എം. തുടങ്ങിയവര്‍ സംസാരിച്ചു.