Breaking News

കനാല്‍ വെള്ളമെത്തുന്നില്ല, മറ്റത്തൂര്‍ പഞ്ചായത്തില്‍ വരള്‍ച്ച രൂക്ഷം.

മറ്റത്തൂര്‍ : രണ്ടാഴ്ചയിലൊരിക്കല്‍ ചാലക്കുടി ഇടതുകര കനാലിലൂടെ തുറന്നു വിട്ടിരുന്ന വെള്ളം മൂന്നാഴ്ച കഴിഞ്ഞിട്ടും ലഭിക്കാത്തതിനാല്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും അനുഭവപ്പെടുന്നു.കനാലിലൂടെയും വെള്ളിക്കുളം വലിയതോട്ടിലൂടെയും എത്തുന്ന ഈ വെള്ളത്തെ ആശ്രയിച്ചാണ് പഞ്ചായത്തിലെ നെല്‍കൃഷിക്കും ജാതി,വാഴ,തെങ്ങ് തുടങ്ങിയ നാണ്യവിളകള്‍ക്കും ജലസേചനം നടത്തിയിരുന്നത്.

വലിയതോടിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളും ലിഫ്റ്റ് ഇറിഗേഷനുകളും നിലവിലുണ്ട്. വെള്ളം തുറന്ന് വിടാത്തതിനാല്‍ വലിയതോട്ടിലെ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്.ഏതാനും ദിവസം കൂടി കഴിഞ്ഞാല്‍ ഈ പദ്ധതികളെല്ലാം ജലദൗര്‍ലഭ്യത്താല്‍ പമ്പിംഗ് നിര്‍ത്തി വക്കേണ്ടിവരും.ജനങ്ങളുടെ വ്യാപകമായ പരാതിയെത്തുടര്‍ന്ന് മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.സി.സുബ്രന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ ചാലക്കുടി ജലസേചനവകുപ്പ് ഓഫീസിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

തമിഴ്‌നാട് സര്‍ക്കാരിന്റെ അധീനതയിലുള്ള അപ്പര്‍ ഷോളയാര്‍ പദ്ധതിയില്‍ നിന്നും കരാര്‍ പ്രകാരം കേരളത്തിന് അവകാശപ്പെട്ട ജലം തമിഴ് നാട് യഥാകാലങ്ങളില്‍ വിട്ടു തരാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഇവര്‍ തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തിക്കൊണ്ടിരിക്കുകയാണ്.നിലവില്‍ ലോവര്‍ ഷോളയാരിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നതിനാല്‍ കനാലിലൂടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറവായതിനാലാണ് നിര്‍ദ്ധിഷ്ഠ ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളം ലഭിക്കാത്തതെന്നും ഇവര്‍ പറഞ്ഞു.

എത്രയും പെട്ടെന്ന് കനാലിലൂടെ വെള്ളം തുറന്നു വിടാന്‍ നടപടി കൈക്കൊള്ളാമെന്ന് ജലസേചന വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ ഉറപ്പ് നല്കി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന നന്ദകുമാര്‍,സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്.പ്രശാന്ത്,അംഗങ്ങളായ ശ്രീധരന്‍ കളരിക്കല്‍,സുരേന്ദ്രന്‍ഞാട്ടുവെട്ടി,സി.വി.ഗിനീഷ്,സൗമ്യ ഷിജു,ഷീബ വര്‍ഗീസ്,ജയ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!