ആലത്തൂര്‍ : ഓണം വിളവെടുപ്പുത്സവമാണെങ്കില്‍ ഈ ഓണക്കാലം എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയവും വിളവെടുപ്പിന്റെ തിരക്കിലാണ്. ജൂണ്‍ പകുതിയില്‍ ആരംഭിച്ച പച്ചക്കറി കൃഷി ഇന്ന് പൂര്‍ണ്ണമായും വിളവെടുപ്പിന് തയ്യാറായി. വിദ്യാലയമുറ്റത്ത് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന പീച്ചിങ്ങ, പടവലം, പയര്‍, ചിരക്ക എന്നിവ വിദ്യാലയത്തിന് തണല്‍ നല്‍കുന്ന മനോഹരമായ കാഴ്ചവസന്തം തീര്‍ക്കുന്നു.
ചിങ്ങത്തിലെ ഇളം വെയിലുപോലും കുട്ടികളുടെ ഈ പച്ചക്കറിപന്തലില്‍ വീഴാന്‍ കൊതിക്കുന്നതുപോലൊരു കാഴ്ച. പൂര്‍ണ്ണമായും രാസവളം ഒഴിവാക്കി ചെയ്യുന്ന കൃഷിയില്‍ ഇവ കൂടാതെ കയ്പക്ക, പച്ചമുളക്, വഴുതന, വെണ്ട, തക്കാളി, ചീര തുടങ്ങിയ ഇനങ്ങള്‍കൂടി വിളവെടുപ്പിന് തയ്യാറായി. കൃഷിയുടെ സംസ്‌കാരം കൊച്ചുകുട്ടികളില്‍ വളര്‍ത്തുക വഴി അവരെ ഒരു പ്രകൃതി സ്‌നേഹിയും മനുഷ്യസ്‌നേഹിയുമാക്കാന്‍ ഉതകുന്നതരത്തിലുള്ള സൗഹൃദകൃഷി കൂട്ടായ്മയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പി.ടി.എ., കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന ഈ കൂട്ടായ്മ ഈ ഗ്രാമത്തിന് മികച്ച മാതൃക മുന്നോട്ട് വെയ്ക്കുന്നു.
വിദ്യാലയ ക്യാമ്പസ്സ് തന്നെ പഠനവിധേയമാക്കുകയാണ് അധ്യാപകരും കുട്ടികളും. പറപ്പൂക്കര പഞ്ചായത്ത് കൃഷി ഭവനും, വിദ്യാലയവും സംയുക്തമായാണ് പച്ചക്കറി കൃഷിക്ക് നേതൃത്വം നല്‍കുന്നത്. വിദ്യാലയത്തില്‍ നടന്ന പച്ചക്കറി വിളവെടുപ്പ് പറപ്പൂക്കര ഗ്രാമപഞ്ചായത്തംഗം ജലജ തിലകന്‍ നിര്‍വ്വഹിച്ചു. ഈ മാതൃക ഈ എട്ടാം വാര്‍ഡില്‍ പകര്‍ത്താന്‍ ശ്രമിക്കുമെന്ന് ഉദ്ഘാടക പ്രസ്താവിച്ചു. പി.ടി.എ. പ്രസിഡന്റ് പി.കെ. സുതന്‍ അദ്ധ്യക്ഷത വഹിച്ചു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം.ഡി. ലീന പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റ് ശ്രുതി കെ.ജി. മുഖ്യാതിഥിയായിരുന്നു. വിളവെടുപ്പുത്സവത്തില്‍ ഷണ്‍മുഖന്‍ കെ.എസ്., ജയരാജ് കെ.വി., മണപ്പെട്ടി പത്മനാഭന്‍, എ.എം. ഇന്ദിര, പിടിഎ, എംപിടിഎ അംഗങ്ങള്‍, നാട്ടുകള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി കെ.കെ. ഷീല, അനൂപ് സി.ജി. തുടങ്ങിയവര്‍ സംസാരിച്ചു.