കൊടകര : കൊടകരയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവാവിനെ തട്ടിക്കൊണ്ടുപോയകേസില്‍ നാലംഗഗുണ്ടാസംഘത്തെ കൊടകര പോലീസ് അറസ്റ്റുചെയ്തു. ഇടപ്പിള്ളി പൂച്ചന്തപ്പറമ്പില് മുഹമ്മദ് റിയാസ്, ചേരാനെല്ലൂര്‍ പുതുക്കാട് വീട്ടില്‍ അജേഷ്, തൃക്കാക്കര പത്തടിപ്പാലം മാനത്ത്പാടത്ത് വീട്ടില്‍ സുബി, അഴീക്കോട് പെരുമ്പിള്ളി വീട്ടില്‍ ഷിബു എന്നിവരാണ് പിടിയിലായത്.
സംഘത്തിലെ മറ്റുമൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. മരുത്തോംപിള്ളിയില് വാടകവീട്ടില്‍ താമസിക്കുന്ന പീനിക്ക രാജീവിനെ(42)യാണ് ബുധനാഴ്ച വൈകീട്ട് 7 മണിയോടെ വെള്ള ടവേര കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തടയാന്‍ ശ്രമിച്ച രാജിവിന്റെ ഭാര്യ, കുട്ടി, ഭാര്യാമാതാവ് എന്നിവരെ ആക്രമിച്ചശേഷം രാജീവിനെ ബലമായി കാറില്കയറ്റുകയായിരുന്നു.
പിടിവലിക്കിടെ രാജീവിന്റെ ഭാര്യയുടെ ആറുപവന്റെ സ്വര്‍ണമാലയും പൊട്ടിച്ചാണ് പ്രതികള്‍ കടന്നത്. എറണാകുളത്ത് മൊബൈല്‍ഫോണ്‍ ഷോപ്പ് ജീവനക്കാരനായ കോടാലി സ്വദേശിയായ രാജീവ് ഏഴു മാസമായി മരുത്തോംപിള്ളിയില് വാടകവീട്ടിലാണ് താമസം. ചാലക്കുടി ഡി.വൈ.എസ്.പി പി .വാഹിദ്, കൊടകര സി.ഐ സുമേഷ്, എസ്.ഐ ജിബുജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.