Breaking News

ആശാനില്ലാത്ത ആത്മസമര്‍പ്പണത്തിന് ശനിയാഴ്ച അശീതി

Thalayanam Thalayanam1ആശാനും അരങ്ങേറ്റവുമില്ലാത്ത വാദ്യവിശേഷമായ ഇലത്താളവാദനരംഗത്ത് കഴിഞ്ഞ ആറു പതിറ്റാണ്ടായി അമരക്കാരനായല്ലെങ്കിലും ആത്മാര്‍ഥതയോടെ താളസമര്‍പ്പണം നടത്തിയ കലോപാസകന്‍ കൊടകര കുണ്ടനാട്ട് നാരായണന്‍ നായര്‍ക്ക് ശനിയാഴ്ച അശീതി. പിറന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 10 ന് നടക്കുന്ന താളായനം ബി.ഡി.ദേവസ്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അധ്യക്ഷത വഹിക്കും.പാമ്പുമേക്കാട്ട് മനയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി സുവര്‍ണഹാരസമര്‍പ്പണം നടത്തും. സാഹിത്യകാരന്‍ വിജിതമ്പി പ്രശസ്തിപ ത്രസമര്‍പ്പണവും കൊടകര ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ ഉപഹാരസമര്‍പ്പണവും കവി രാപ്പാള്‍ സുകുമാര മേനോന്‍ മംഗളപത്രസമര്‍പ്പണവും നടത്തും.

ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം പ്രസിഡണ്ട് കാളത്ത് രാജഗോപാല്‍ പൊന്നാട അണിയിക്കും. തുടര്‍ന്ന് പെരിങ്ങോട് സുബ്രഹ്മണ്യന്‍ നയിക്കുന്ന ഇടയ്ക്ക വിസ്മയം, ബിഷോയ് അനിയന്റെ റിഥം ഓഫ് സ്റ്റോണ്‍, കാവില്‍ സുന്ദരമാരാരുടെ കുടുക്കവീണക്കച്ചേരി എന്നിവയുണ്ടാകും.

വടമ മേക്കാട്ട് അത്തക്കുടത്ത് നാരായണന്‍നായരുടേയും കൊടകര കുണ്ടനാട്ട് പാറുവമ്മയുടേയും മകനായി ജനിച്ച നാരായണന്‍നായര്‍ നാലാംതരംവരെമാത്രമേ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയുള്ളൂ. തുടര്‍ന്ന് ആനക്കാരനായിരുന്ന അമ്മാവന്‍മാരായ വേലുനായര്‍, രാമന്‍നായര്‍,അനിയന്‍നായര്‍ എന്നിവര്‍ക്കൊപ്പം നെട്ടിശ്ശേരിയില്‍ കുറേക്കാലം താമസിച്ചു.

പണ്ടാരവക ചന്ദ്രശേഖരന്‍, കുട്ടിശങ്കരന്‍ എന്നീ ആനകള്‍ക്ക് ആനപ്പണിചെയ്തിട്ടുണ്ട്. പിന്നെ തിരിച്ച് കൊടകരയിലെത്തിയ നാരായണന്‍ പൂനിലാര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ ജീവനക്കാരനായി.ക്ഷേത്രത്തില്‍ അടിച്ചുതളിയുണ്ടായിരുന്ന അമ്മയ്‌ക്കൊപ്പം ഏതുസമയവും ക്ഷേത്രത്തിലായിരുന്ന നാരായണനെ 13 വയസ്സില്‍ നന്തിപുലം പയ്യൂര്‍ക്കാവ് ദേവീക്ഷേത്രത്തിലെ മാണിക്യന്‍ വെളിച്ചപ്പാടാണ് പാനപ്പറക്ക് ഇലത്താളക്കാരനായി വിളിച്ചത്. കോമരംതന്നെയാണ് നാരായണന് ഇലത്താളവും വാങ്ങിക്കൊടുത്തത്. അങ്ങിനെ ആശാനും അരങ്ങേറ്റവുമില്ലാതെ വാദ്യരംഗത്തേക്ക് ഇദ്ദേഹം രംഗപ്രവേശം ചെയ്തു.

പിന്നീട് പറയോഗത്തിലെ ചുമട്ടുകാരനായും പാചകക്കാരനായുമൊക്കെ എത്രയെത്ര വര്‍ഷങ്ങള്‍ പിന്നിട്ടു. കുറേക്കാലം കിഴക്കേകുമരഞ്ചിറ ഭഗവതിക്ഷേത്രത്തിലും പാനപ്പറയോഗത്തില്‍ സാന്നിധ്യമായി. പൂനിലാര്‍ക്കാവിലെ അടിയന്തിരക്കാരനായിരുന്ന പോറോത്ത് നാരായണമാരാര്‍ക്കൊപ്പം ചെണ്ടയും തിമിലയുമൊക്കെ തോളിലേന്തി എത്രയോ മൈലുകള്‍താണ്ടി ഒട്ടനവധി പൂരപ്പറമ്പുകളിലെത്തി മേളത്തിലും പഞ്ചവാദ്യത്തിലും പങ്കെടുത്തു.മേളപ്രമാണിമാരായിരുന്ന തൃപ്പേക്കുളം അച്ചുതമാരാര്‍,ചക്കംകുളം അപ്പുമാരാര്‍, അന്നത്തെ പ്രധാനഇലത്താളക്കാരനായിരുന്ന ആന്തപ്പിള്ളിഗോപാലന്‍നായര്‍ക്കൊപ്പവും ധാരാളം പരിപാടികള്‍ക്ക് പോയിട്ടുണ്ട്.

കൂടല്‍മാണിക്യം, ആറാട്ടുപുഴ, പെരുവനം, എടക്കുന്നി, തറയ്ക്കല്‍, വെട്ടുകുന്നത്തുകാവ് ,കണ്ണമ്പുഴ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളില്‍ പൂരങ്ങളിലും ഉത്സവകളിലും വേലകളിലുമൊക്കെ പങ്കെടുത്തു. ഉത്സസീസണില്‍ പൂരപ്പറമ്പിലും വര്‍ഷക്കാലത്ത് ഹോട്ടല്‍പണിയുമായും കുറേക്കാലം കഴിഞ്ഞു. ഇപ്പോള്‍ അശീതിനിറവിലും വാദ്യകലാകാരന്‍മാര്‍ക്കിടയില്‍ കുണ്ടനാടന്‍ എന്നറിയപ്പെടുന്ന നാരായണന്‍നായര്‍ അത്യാവശ്യം മേളങ്ങളില്‍ പങ്കെടുത്തുവരുന്നു.

കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രം, നന്തിപുലം പയ്യൂര്‍ക്കാവ് ക്ഷേത്രം എന്നിവിടങ്ങളില്‍നിന്നും ഇദ്ദേഹത്തെ സുവര്‍ണമുദ്ര നല്‍കി ആദരിച്ചിട്ടുണ്ട്. വാദ്യകലാകാരന്‍മാരുടെ കൂട്ടായ്മയായ കൊടകര മേളകലാസംഗീതസമിതിയുടെ 2015 ലെ സുവര്‍ണമുദ്ര ഇദ്ദേഹത്തെത്തേടിയെത്തിയിരുന്നു. നന്തിപുലം കളങ്ങരവീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയാണ് ധര്‍മപത്‌നി. മക്കള്‍: മിനിദാസന്‍ (കൊടകര ഗ്രാമപഞ്ചായത്തംഗം), കൊടകര ഉണ്ണി, മനോജ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!