കൊടകര : കൊടകര പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 21 മുതല്‍ 30 വരെ ആഘോഷിക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 6.45ന് ഗായകന് സുധീഷ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് ഫ്രണ്ട്സ് ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് അവതരിപ്പിക്കുന്ന വിവിധ തരം കലാപരിപാടികള്‍ ഉണ്ടായിരിക്കും. 29 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം നൃത്തനൃത്യങ്ങള്‍, തിരുവാതിരക്കളി, ഭക്തിഗാനസുധ, കുച്ചിപ്പുടി എന്നിവ ഉണ്ടായിരിക്കും.
30ന് രാവിലെ 7.30 മുതല്‍ കുട്ടികളെ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡന്റ് എം.എല്‍. വേലായുധന് നായര്‍, സെക്രട്ടറി ഇ. രവീന്ദ്രന്, രാമചന്ദ്രന് പയ്യാക്കല്, കെ.വി. ഗോപി എന്നിവര്‍ പങ്കെടുത്തു.