Breaking News

വൃശ്ചികം പിറക്കുന്നതോടെ ക്ഷേത്രങ്ങളില്‍ തുടക്കം കുറിക്കുന്ന ഷഷ്ഠി ആഘോഷങ്ങളില്‍ കാവടികളേറ്റി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ തയ്യാറെടുക്കുകയാണ് കൊടകരയിലെ കാവടിയാട്ടക്കാര്‍

കൊടകര: വൃശ്ചികം പിറക്കുന്നതോടെ ക്ഷേത്രങ്ങളില്‍ തുടക്കം കുറിക്കുന്ന ഷഷ്ഠി ആഘോഷങ്ങളില്‍ കാവടികളേറ്റി നൃത്തച്ചുവടുകള്‍ വെയ്ക്കാന്‍ തയ്യാറെടുക്കുകയാണ് കൊടകരയിലെ കാവടിയാട്ടക്കാര്‍. വേനല്‍ക്കാലമായാല്‍ കാവടിയാട്ടം മുഖ്യതൊഴിലാക്കുന്ന മൂന്നൂറിലേറെ പേരാണ് കൊടകര മേഖലയിലുള്ളത്.കാവടിയാട്ടത്തിന്റെ നാടാണ് കൊടകര.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ആഘോഷങ്ങളില്‍ കാവടിയാടാന്‍ പോകുന്ന നിരവധി പേര്‍ കൊടകരയിലുണ്ട്. കൊടകര ടൗണിലും പരിസരത്തുമായുള്ള കാവുംതറ, ഗാന്ധിനഗര്‍, മരത്തോമ്പിള്ളി, മനക്കുളങ്ങര, ഉളുമ്പത്തുകുന്ന്, അഴകം എന്നിവിടങ്ങളില്‍ മാത്രം ഇരുന്നൂറോളം പേര്‍ കാവടിയാട്ടം ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരാണ്. സമീപപ്രദേശങ്ങളായ മറ്റത്തൂര്‍, കാവനാട്, കോടാലി, വെള്ളിക്കുളങ്ങര, ചെമ്പുച്ചിറ, മുരിക്കുങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളിലും നിരവധി കാവടിയാട്ടക്കാരുണ്ട്. നാല്‍പ്പതുവയസിനു മുകളില്‍ പ്രായമുള്ളവരാണ് ഇവരില്‍ പലരും.

പതിനെട്ടാംവയസില്‍ കാവടിയാട്ടത്തിനിറങ്ങിയ പലരും 65 പിന്നിട്ടിട്ടും ഇന്നും ഈ തൊഴിലില്‍ തുടരുന്നു. ഭക്ഷണത്തിന് വഴിയില്ലാതെ പട്ടിണി മൂലം വലഞ്ഞ നാളുകളിലാണ് പണ്ട് പലരും കാവടിയാട്ടം തൊഴിലായി സ്വീകരിച്ചത്. കൂലിയായി കിട്ടുന്ന തുച്ഛമായ തുകയേക്കാള്‍ ആഘോഷകമ്മിറ്റികള്‍ വയറുനിറയെ നല്‍കുന്ന ഭക്ഷണമായിരുന്നു പണ്ട് കാവടിയാട്ടത്തിനിറങ്ങാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വര്‍ഷങ്ങളായി ഈ രംഗത്ത് തുടരുന്നവര്‍ പറയുന്നു. പണ്ട് ഉയരം കുറഞ്ഞ കാവടികളാണ് ഉണ്ടായിരുന്നത്. ഇന്ന് 51 നില വരെ ഉള്ള പീലിക്കാവടികള്‍ ഉണ്ട് .

ഈറ്റയും മുളയും ഉപയോഗിച്ചാണ് പണ്ട് പൂക്കാവടികള്‍ ഉണ്ടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ കമ്പികള്‍ കൊണ്ടുള്ള ഫ്രെയിം നിര്‍മ്മി്ച് അതിനു മീതെ പൂക്കള്‍ ഒട്ടിക്കുകയാണ്. കാലത്തിനനുസരിച്ച് എല്‍.ഇ.ഡി. ബള്‍ബുകള്‍ കാവടികളില്‍ ഘടിപ്പിച്ച് ആകര്‍ഷകമാക്കാന്‍ തുടങ്ങിയതോടെ കാവടിയാട്ടക്കാര്‍ക്ക് ബുദ്ധിമുട്ടേറിയിട്ടുണ്ട്. എല്‍.ഇ.ഡി.ബള്‍ബുകള്‍ പ്രകാശിപ്പികുന്നതിനുള്ള ബാറ്ററികള്‍ കൂടി കാവടിയുടെ അടിഭാഗത്ത് സ്ഥാപിക്കുന്നതിനാല്‍ ആടുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടി വരുന്നു. എന്നാല്‍ ബുദ്ധിമുട്ടുകള്‍ക്കനുസരിച്ച് ആട്ടക്കൂലിയില്‍ വര്‍ധനയുണ്ടായിട്ടുണ്ട്.

പണ്ട് ഒരു പകലും രാത്രിയും കാവടിയാടിയാല്‍ അമ്പതും നൂറും രൂപ കിട്ടിയിരുന്നത് 2500 മുതല്‍ മൂവായിരം രൂപവരെയായി വര്‍ധിച്ചു. കാവടിയാട്ടത്തിന്റെ ശൈലിയില്‍ ഒരു പാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആദ്യകാല കാവടിയാട്ടക്കാര്‍ പറയുന്നു. തലയില്‍ സോഡാക്കുപ്പി വെച്ച് അതിനു മുകളില്‍ കാവടി വെച്ച് ആടുന്നവരുണ്ടായിരുന്നു. കൈവിട്ടും ആടും. തലയില്‍ കമഴ്ത്തിവെച്ച ഗ്ലാസിനു മുകളില്‍ കാവടി ഉറപ്പിച്ച് ആടുന്നവരും ഉണ്ടായിരുന്നു. ഇന്ന് ഇത്തരത്തിലുള്ള ആട്ടക്കാര്‍ കുറഞ്ഞെങ്കിലും ന്യായമായ കൂലികിട്ടുന്ന തൊഴിലായി കാവടിയാട്ടം മാറിക്കഴിഞ്ഞു. റിപ്പോര്‍ട്ട് : ലോനപ്പന്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!