Breaking News

പാഠം മൂന്ന് കപ്പ കൃഷി; ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ കപ്പകൃഷിയുടെ വിളവെടുപ്പ്

ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ കപ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം കര്‍ഷകരായ കൊച്ചപ്പന്‍, അരവി, ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.

ആനന്ദപുരം : കൈതോലപ്പായ വിരിച്ച്, പായേലൊരിത്തിരി വിത്തുവിതച്ച് …… നാടന്‍ പാട്ടിന്റെ ഈണത്തിനൊപ്പം നാട്ടിലെ മുതിര്‍ന്ന കര്‍ഷകരായ കൊച്ചപ്പന്‍ ചേട്ടനും അരവി ചേട്ടനും ജോസ് ചേട്ടനും കപ്പമൂടുകള്‍ ആഞ്ഞുവലിച്ചു. അതിലുമേറെ ആവേശത്തോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും… ചെറുപ്പത്തില്‍ തങ്ങള്‍ക്കുണ്ടായിരുന്ന കാര്‍ഷികാഭിവാജ്ഞ അന്യം നിന്നുപോയിട്ടില്ലെന്ന് തിരിച്ചറിഞ്ഞ കൊച്ചപ്പേട്ടനും, ജോസേട്ടനും, അരവിയേട്ടനും ദീര്‍ഘശ്വാസമുതിര്‍ത്തു.

പിന്നെ ഹൃദയം തുറന്ന് പിന്‍തലമുറയെ അഭിനന്ദിച്ചു. ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സ്‌കൂള്‍ മുറ്റത്തെ അര ഏക്കറില്‍ നടത്തിയ കപ്പകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനച്ചടങ്ങാണ് രണ്ട് തലമുറകളുടെ കാര്‍ഷിക സംഗമത്തിന് വേദിയായത്. കരനെല്‍, ചെണ്ടുമല്ലി കൃഷികള്‍ക്കുശേഷമാണ് പാലായില്‍ നിന്നും കൊണ്ടുവന്ന ”റൊട്ടികപ്പ” ഇനത്തില്‍പ്പെട്ട കപ്പക്കമ്പുകള്‍, പതിനെട്ട് വാരങ്ങളിലായി നട്ടത്.

തുടര്‍ന്ന് അവധി ദിനങ്ങളിലും ഒഴിവു പിരീഡുകളിലുമെല്ലാം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍ കൃഷിയുടെ ചുമതല ഏറ്റെടുത്തു. ജൈവവളം ഉപയോഗിച്ച് നടത്തിയ കൃഷിയിലൂടെ വിളഞ്ഞ കപ്പ സ്‌കൂള്‍ വാര്‍ഷികദിനത്തില്‍ കാന്താരിചമ്മന്തിയ്ക്കും, കട്ടന്‍ചായയ്ക്കുമൊപ്പം വാഴയിലയില്‍ ആനന്ദപുരം ഗ്രാമവാസികള്‍ക്കു വിളമ്പാനാണ് തീരുമാനം. വിളവെടുപ്പ് ഉദ്ഘാടന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് കെ.ബി. ആരോമുണ്ണി അദ്ധ്യക്ഷനായിരുന്നു.

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍, പഞ്ചായത്തംഗങ്ങളായ എ.എം. ജോണ്‍സന്‍, ടി.വി. വത്സന്‍, പ്രിന്‍സിപ്പല്‍ ബി. സജീവ്, ഹെഡ്മിസ്ട്രസ് എ. ജയശ്രീ, പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, മാനേജര്‍ എ.എന്‍. നീലകണ്ഠന്‍ നമ്പൂതിരി, കെ.ആര്‍. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ്. വളണ്ടിയര്‍ ലീഡേഴ്സായ ഷാരോണ്‍, എഡ്വിന്‍, അക്ഷര, അഞ്ജന എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!