Breaking News

കൊടകരയില്‍ നൂറ് കുളങ്ങള്‍; ഉദ്ഘാടനം ഇന്ന്

കൊടകര: വരും നാളുകളില്‍ ജല സമൃദ്ധി ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ കൊടകര ഗ്രാമപഞ്ചായത്ത് നൂറ് കുളങ്ങള്‍ കുഴിച്ച് മണ്ണും ജലവും സംരക്ഷിക്കുന്ന, ലോകത്തിനുതന്നെ മാതൃകയാകുന്ന ദീര്‍ഘവീക്ഷണപദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 3 ന് കൊടകര ഗവ.ലോവര്‍ പ്രൈമറി സ്‌കൂളില്‍ ജലവിഭവവകുപ്പുമന്ത്രി അഡ്വ. മാത്യു ടി തോമസ് നിര്‍വഹിക്കും. ബി.ഡി.ദേവസി എം.എല്‍.എ അധ്യക്ഷത വഹിക്കും.

കൊടകര ഗ്രാമപഞ്ചായത്തിലെ സ്വകാര്യ പറമ്പുകളിലാണ് കുളങ്ങള്‍ കുഴിക്കുന്നത്. ഇതില്‍ പകുതിയോളം കുളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ നിര്‍മാണവും ഈ വര്‍ഷംതന്നെ പൂര്‍ത്തിയാക്കും. സ്വന്തം ഭൂമിയില്‍ കുളം നിര്‍മിക്കുന്നതിന് സമ്മതപത്രവുമായി 500 ലധികം ആളുകള്‍ അപേക്ഷ നല്‍കിയിരിക്കയാണ്. കുളം നിര്‍മിച്ച് നല്‍കിക്കഴിഞ്ഞാല്‍ പിന്നീട് വരുന്ന സംരക്ഷണപ്രവര്‍ത്തനങ്ങള്‍ ഭൂവുടമ തന്നെ ചെയ്യണം.

ശരാശരി 10 മുതല്‍ 15 മീറ്റര്‍വരെ നീളവും 10 മീറ്റര്‍ വീതിയും 8 മീറ്റര്‍വരെ ആഴവും ഉള്ളവയാണ് ഈ കുളങ്ങള്‍. ദേശീയ ഗ്രാമീണ തൊഴിലുറപ്പു തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് നിര്‍മാണം. ഒരു കുളത്തിന് 2 ലക്ഷം രൂപവീതം നിലവില്‍ 2 കോടി രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. കുളം നിര്‍മിച്ചശേഷം അവയെ കയര്‍ഭൂവസ്ത്രം അണിയിച്ച് സംരക്ഷിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ അറിയിച്ചു.

ജീവാമൃതമായ ജലം സൂക്ഷിച്ച് ഉപയോഗിക്കേണ്ട ഈ കാലത്ത് ഈ ഗ്രാമം ഏറ്റെടുത്തിട്ടുള്ള പ്രവൃത്തി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. വെള്ളത്തിന്റെ ഉപയോഗം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കൊടകര പഞ്ചായത്തിലെ 19 വാര്‍ഡിലുമുള്ളവര്‍ ഈ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ഇതൊരു ദീര്‍ഘവീക്ഷണമാണ്. വരാന്‍പോകുന്ന പ്രതിസന്ധിയെ മുന്നില്‍ കണ്ട് ഇന്ന് നടത്തുന്ന മുന്നൊരുക്കം…..
റിപ്പോര്‍ട്ട്: കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!