Breaking News

പ്രളയാനന്തര പനി; മറ്റത്തൂര്‍ കാര്യമായെടുത്തത് സുരേഷിന്റെ മരണശേഷം

കൊടകര: മലയോരഗ്രാമമായ മറ്റത്തൂര്‍ പഞ്ചായത്തിലെ പലരും ഗുളിക കഴിച്ചതിനുശേഷമേ വീട് ക്ലീന്‍ ആക്കാനിറങ്ങാവൂ എന്നത് ആദ്യം കാര്യമായെടുത്തില്ല. ആദ്യനാളുകളില്‍ വെള്ളം കയറിയ വീടുകളിലും ആരോഗ്യകേന്ദ്രങ്ങളിലും പ്രത്യേകകേന്ദ്രങ്ങളിലും പനിയെ പ്രതിരോധിക്കാനുള്ള ഡോക്സിസൈക്ലിന്‍ ഗുളിക വിതരണം ചെയ്തെങ്കിലും വാങ്ങാനുളള ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം എലിപ്പനി ബാധ്ിച്ച് മറ്റത്തൂര്‍ കോപ്ലിപ്പാടം ചീനിക്കവീട്ടില്‍ ഭാസ്‌കരന്റെ മകന്‍ സുരേഷ് മരിച്ചതോടെ പ്രദേശത്തുള്ളവര്‍ ഏറെ ഭീതിയിലായി.

സുരേഷിന് എലിപ്പനി ബാധിച്ചത് ചാലക്കുടിയില്‍ ശുചീകരണപ്രവര്‍ത്തനത്തിനുപോയതിനെത്തുടര്‍ന്നായിരുന്നു. ശുചീകരണപ്രവൃത്തികള്‍ക്ക് പോയവര്‍ ആദ്യമൊന്നും അറിഞ്ഞിരുന്നില്ല ഇത്തരം ഗൊരവമുണ്ടെന്ന്. അതുകൊണ്ടുതന്നെ ആവേശത്തോടെ വീടുകള്‍ വൃത്തിയാക്കാന്‍ ഇറങ്ങിപുറപ്പെട്ടവരായിരുന്നു പലരും.മാത്രമല്ല ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നതിനിടെത്തന്നെ പലരും വീടുകളില്‍ ചെന്ന് വെള്ളം ഒഴിവാക്കാനും ശുചീകരിക്കാനും ശ്രമിച്ചു.

അന്നൊന്നും ഇതിന്റെ ഗൗരവം മനസ്സിലായിരുന്നില്ലെന്നുമാത്രമല്ല ബോധവത്ക്കരണവും ആയിവരുന്നേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ആശുപത്രിയിലും പ്രത്യേക ക്യാമ്പിലും പ്രതിരോധമരുന്നുകള്‍ വാങ്ങാന്‍ ആളുകളുടെ തിരക്കാണ്. കോടാലിയിലെ മറ്റത്തൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രത്യേക കൗണ്ടര്‍ തന്നെ തുറന്നിട്ടുണ്ട്. മൂലംകുടം പാര്‍വണം ട്രസ്റ്റില്‍ ഒരു മാസത്തേക്കായി ക്യാമ്പു തുടങ്ങിയിട്ടുണ്ട്. എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ച കോപ്ലിപ്പാടത്ത് ഇന്നലെ നടത്തിയ ക്യാമ്പില്‍ നൂറുകണക്കിനുപേരാണ് എത്തിയത്. ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരും ജനപ്രതിനിധികളും ജാഗ്രതാനിര്‍ദേശവും പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. മരുന്നുകിട്ടാന്‍ ഒരു ക്ഷാമവുമില്ല.രാവില 9 മുതല്‍ വൈകീട്ട് 4 വരെ വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.

സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസവും 60 ഓളം രോഗികള്‍ പനി ബാധിച്ച് മാത്രം വരുന്നുണ്ട്. ആവശ്യത്തിന് ബ്ലീച്ചിങ്ങ് പൗഡര്‍, ഗുളികകള്‍ എന്നിവ ലഭിക്കുന്നുണ്ട്. ഈ ആവശ്യത്തിന് പഞ്ചായത്തില്‍നിന്ന് ആവശ്യംപോലെ ഫണ്ടും ലഭിക്കുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തനങ്ങളുടെ ആവശ്യങ്ങള്‍ക്കായി വാഹനവും വിട്ടുനല്‍കുന്നുണ്ട്. ബ്ലോക്ക് തലത്തില്‍ 20000 നോട്ടീസ് ഇന്നുമുതല്‍ വിതരണം ചെയ്യും. വാഹനങ്ങളില്‍ മൈക്ക് പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്ലാവരും എലിപ്പനിയില്‍ മാത്രം ശ്രദ്ധ ചെലുത്തുന്നത്. ഏതാനം മാസം മുമ്പ് മറ്റത്തൂരിന്റെ പല ഭാഗങ്ങലിലും ഡെങ്കിപ്പനി പടര്‍ന്നിരുന്നു. അതിനെ വളരെ നല്ലരീതിയില്‍ പ്രതിരോധിക്കാന്‍ ഇവിടത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി.

എന്നാല്‍ പ്രളയത്തെത്തുടര്‍ന്ന് പലയിടത്തും കൊതുകകുകളുടെ ലാര്‍വകള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിനിടിയില്‍ കൊതുകുകളുടെ പെരുകുന്നത് ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോല്‍ എലിപ്പനിക്കൊപ്പം ഡെങ്കിപ്പനിക്കുമുള്ള ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളും നടന്നുവരികയാണെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.ആര്‍. സുരേഷ് പ റഞ്ഞു. എന്നാല്‍ പ്രളയത്തിന്റെ ദുരിതം അനുഭവിക്കാത്തവരും മലിനജലം ചവിട്ടാത്തവരും ആരുമുണ്ടാകില്ലെന്നും ആശാവര്‍ക്കര്‍മാരും ആരോഗ്യപ്രവര്‍ത്തകരും വീടുകള്‍ കയറിയിറങ്ങി ഗുളികകള്‍ വിതരണം ചെയ്യണമെന്നും പഞ്ചായത്തിലെ പലഭാഗത്തുള്ളവര്‍ക്കും അഭിപ്രായമുണ്ട്. മന്തുഗുളികയും വിരഗുളികയും പോളിയോ തുള്ളിമരുന്നും കൊടുത്തിരുന്ന താത്പര്യം പ്രളയശേഷം നല്‍കേണ്ടുന്ന മരുന്നു വിതരണത്തില്‍ കാണാനില്ലെന്നാണ് ഇവരുടെ ആരോപണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!