മനക്കുളങ്ങരയുടെ ആല്‍മരമുത്തശ്ശി ഇനി ഓര്‍മ

കൊടകര : മനക്കുളങ്ങരയ്ക്കു തണലേകിയിരുന്ന ആല്‍മര മുത്തശ്ശി ഇനി ഓര്‍മ. കൊടകര പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ മനക്കുളങ്ങര പോസ്‌റ്റോഫീസിനും ഗ്രാമീണവായനശാലക്കും സമീപത്തായി ആറുപതിറ്റാണ്ടണ്ടോളമായി നാടിനും നാട്ടാര്‍ക്കും തണലേകിയിരുന്ന അരയാല്‍ ഇനി ഓര്‍മയുടെ തണലൊരുക്കും. ഏതാനും മാസം മുമ്പ് ഇതിന്റെ  ഒരു വലിയശിഖരം അടര്‍ന്നുവീണിരുന്നു. ഒടിഞ്ഞുവീണ ശിഖരം മുറിച്ചുമാറ്റുന്നതിനിടയിലാണ് മരത്തിന്റെ ഉള്ളില്‍ വലിയ പൊത്ത് കണ്ട്. തുടര്‍ന്ന് മറ്റ് ശിഖരങ്ങളും അന്ന മുറിച്ചുമാറ്റിയിരുന്നു.
അവശേഷിച്ച തായ്ത്തടിയില്‍നിന്നും മുളപൊട്ടി ഇലകള്‍ വരാന്‍ തുടങ്ങിയിരുന്നെങ്കിലും ഉള്‍ഭാഗം ദ്രവിച്ചതിനാല്‍ ഏതുസമയത്തും വീഴാവുന്ന അവസ്ഥയിലായിരുന്നു. പൊള്ളയായ ഉള്‍ഭാഗത്ത് നാട്ടുകാര്‍ചേര്‍ന്ന് മണല്‍ ഇട്ട് ബലപ്പെടുത്തിയെങ്കിലും അത് മരം ഒരു ഭാഗത്തേക്ക് ചെരിയാന്‍ കാരണമായി. മാത്രമല്ല വേരുമായുള്ള ബന്ധവും ഇല്ലാതായിരുന്നു. ഇതോടെ കടപുഴകാനുമുള്ള സാധ്യത വര്‍ധിക്കുകയായിരുന്നു. ഇറിഗേഷന്‍വകുപ്പ് ലേലം ചെയ്ത ആല്‍മരം ഞയറാഴ്ച ഉച്ചയോടെ ജെ.സി.ബി കൊണ്ടുവന്ന് പൂര്‍ണമായും മറിച്ചിടുകയായിരുന്നു.
മനക്കുളങ്ങരയുടെ സാംസ്‌കാരികഭൂപടത്തില്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥാനമലങ്കരിച്ച ആലും പരിസരവും ഇനി അന്യമാവുകയാണ്. മനക്കുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിലെ മീനമാസത്തില്‍ നടന്നുവരാറുള്ള തിരുവുത്സവത്തിന്റെ പള്ളിവേട്ട നടക്കാറുള്ളത് ഈ ആലിന്‍ചോട്ടിലായിരുന്നു. അതുകൊണ്ടുതന്നെ കുറച്ചുമാസംമുമ്പ് ആലിന്റെ ശിഖരങ്ങള്‍ മുറിച്ചുമാറ്റിയവേളയില്‍ സമീപത്തായി ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍  അന്ന് പ്രസിഡണ്ടായിരുന്ന സി.കെ.ജോണ്‍സന്റെ നേതൃത്വത്തില്‍ സെക്രട്ടറി എന്‍..ബി.സത്യന്‍, ലൈബ്രേറിയന്‍ റോസിലിപാപ്പച്ചന്‍, ഇ.എല്‍.പാപ്പച്ചന്‍, എന്‍.ബി.ബിജു,, ആശവര്‍ക്കര്‍ പ്രമീള തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് പുത്തന്‍ ആലിന്‍തൈ നട്ടുപിടിപ്പിച്ചിരുന്നു. എന്നാല്‍ വായനശാല പ്രസിഡണ്ട്് ജോണ്‍സണ്‍ രണ്ടുമാസം മുമ്പു ഹൃദയാഘാതത്തെത്തുടര്‍ന്ന്  വിടപറയുകയായിരുന്നു.
കഴിഞ്ഞ 9 വര്‍ഷത്തോളമായ ഗ്രാമീണവായനശാലയുടെ മാസാമാസം നടക്കുന്ന പരിപാടികളുടെ സ്ഥിരംവേദിയായിരുന്നു ഈ ആലിന്‍ചുവട്. അതിനായി പ്രത്യേകസ്റ്റേജും തയ്യാറാക്കിയിരുന്നു. ഒരുകാലത്ത് ഓണാഘോഷത്തിനും ചതയാഘോഷത്തിനുമൊക്കെ വേദിയായിരുന്നു ഈ ആല്‍മരത്തണല്‍. പണ്ട് കടോര്‍ ബാലമേനോന്‍ എന്ന വ്യക്തിയാണ് മനക്കുളങ്ങരയിലെ തരംഗം ക്ലബിനായി ആലിന്‍ച്ചോട്ടിലെ ഈ സ്ഥലം കൈമാറിയത്. പിന്നീട് തരംഗത്തിന്റെ പ്രവര്‍ത്തനം താഴേക്കുപോയങ്കിലും ഈ കെട്ടിടത്തില്‍ ഗ്രാമീണവായനശാലയും പോസ്‌റ്റോഫീസും സജീവമായി.
 (കൊടകര ഉണ്ണി)

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!