ചെമ്പുച്ചിറ: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ചെമ്പുച്ചിറയിൽ വർണ്ണാഭമായ കഥോത്സവത്തിന് തുടക്കം കുറിച്ചു.മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി ഉദ്ഘാടനം നിർവഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പും എസ്.എസ്.കെയും സംയുക്തമായി നടത്തുന്ന പത്തു ഉത്സവങ്ങളിലെ ആദ്യത്തെ ഉത്സവമാണ് കഥോത്സവം. കൊടകര ബി.ആർ.സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ രണ്ടാം വാർഡ് മെമ്പർ എൻ.പി അഭിലാഷ് അധ്യക്ഷത വഹിച്ചു.
പ്രസ്തുത യോഗത്തിൽ പ്രിൻസിപ്പാൾ സ്വാഗതം പറഞ്ഞു. ബി.ആർ.സി ട്രയ്നർ മാർ അനുസ്മിത ടീച്ചറും സൗമ്യ ടീച്ചറും കഥോത്സവ പദ്ധതി വിശദീകരണത്തോടൊപ്പം ആശംസകളും അർപ്പിച്ച് സംസാരിച്ചു. കൂടാതെ സംഘാടക സമിതി അംഗം M. V നിധീഷ്, പ്രീ പ്രൈമറി അദ്ധ്യാപികK. M രമാദേവി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. വേദിയിലിരുന്നവർ വ്യത്യസ്തങ്ങളായ കഥാവതരണ ശൈലിയിലൂടെ ആണ് കുട്ടികളോട് സംവദിച്ചത്. അത് യോഗത്തിന് മാറ്റ് കൂട്ടി.
സീനിയർ അദ്ധ്യാപികK.G ഗീത ടീച്ചർ നന്ദി രേഖപ്പെടുത്തിയതോടെ പൊതുയോഗ പരിപാടികൾ അവസാനിച്ചു. തുടർന്ന് കഥാവതരണം നടത്തി. കട്ടൗട്ടുകളും പപ്പറ്റുകളും ഉപയോഗിച്ച് കാതിന് ഇമ്പമേകുന്ന കിളികൊഞ്ചലോടെ കുരുന്നുകൾ കഥ പറഞ്ഞു . കൂടാതെ രക്ഷിതാക്കൾ ഗുണപാഠ കഥകൾ അവതരിപ്പിച്ചു. വിവിധ തന്ത്രങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള കുട്ടിയുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും കഥാവതരണം ഏറെ കൈയ്യടി ഏറ്റുവാങ്ങി. തുടർന്ന് ഉച്ചഭക്ഷണത്തോടെ കഥോത്സവ പരിപാടികൾ അവസാനിച്ചു.