Breaking News

ചുവപ്പുനാടയില്‍ കുരുങ്ങി കൊടകര ഹാന്‍ഡ് പേപ്പര്‍ പ്രതാപം.

PaperFileകൊടകര: സര്‍ക്കാര്‍ ഓഫീസുകളിലെ ചുവപ്പുനാട പൊതുജനങ്ങള്‍ക്ക് കുരുക്കാണെങ്കിലും കൊടകരക്കാര്‍ക്ക് ജീവിതമാര്‍ഗ്ഗമാണ്. ചുവപ്പുനാട കെട്ടിയ പേപ്പര്‍ ഫയലുകള്‍ ഉണ്ടാക്കി അമ്പതു വര്‍ഷത്തോളമായി ജീവിതം കണ്ടെത്തുന്ന ഒരു കൂട്ടം തൊഴിലാളികളുണ്ടിവിടെ. ഒന്നരലക്ഷം പേപ്പര്‍ ഫയലുകളാണ് പ്രതിവര്‍ഷം ഇവിടെ നിര്‍മ്മിക്കുന്നത്.

ഖാദി കമ്മീഷനില്‍ ഉദ്യോഗസ്ഥനും കൊടകര സ്വദേശിയുമായ എ. ദാമോദരമേനോനാണ് കൊടകരയില്‍ സൊസൈറ്റി പ്രവര്‍ത്തനത്തിനും പേപ്പര്‍ നിര്‍മ്മാണ സംരംഭത്തിനും മുന്‍കൈയെടുത്തത്. 1962-ല്‍ തുടങ്ങിയ കൊടകര മറ്റത്തൂര്‍ ഹാന്‍ഡ് പേപ്പര്‍ ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് സഹകരണ സംഘത്തില്‍ 40 തൊഴിലാളികള്‍ തുടക്കത്തിലുണ്ടായിരുന്നു. സംസ്ഥാന സ്റ്റേഷനറി വകുപ്പിനു വേണ്ട ഒട്ടുമിക്ക പേപ്പര്‍ സാമഗ്രികളും ഇവിടെ ഉണ്ടാക്കിയിരിക്കുന്നു. കൂടാതെ ഖാദി നൂല്‍ നൂല്‍പ്പ് കേന്ദ്രങ്ങളില്‍ നൂല്‍ ചുറ്റാന്‍ ഉപയോഗിച്ചിരുന്ന ആയിരക്കണക്കിനു പേപ്പര്‍ കോണുകളും ഉണ്ടാക്കിയിരുന്നത് ഇവിടെയാണ്. സ്വന്തമായുള്ള 30സെന്റ് ഭൂമിയില്‍ വലിയ കെട്ടിടത്തിലാണ് ഇപ്പോഴും പ്രവര്‍ത്തനം.

സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് അംഗമായിരുന്ന ടി. അരവിന്ദാക്ഷനാണ് ഇപ്പോഴത്തെ പ്രസിഡന്റ്. വര്‍ഷങ്ങളായി ജോലിയില്‍ തുടരുന്ന തൊഴിലാളികളുണ്ടിവിടെ. 38 കൊല്ലമായി തുടരുന്ന സരസ്വതിയും സെലീനയും ഇപ്പോഴും ഏറെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യുന്നു. രാവിലെ 8.30 മുതല്‍ 5.30വരെയുള്ള സമയം കൊണ്ട് ഉണ്ടാക്കുന്ന പേപ്പര്‍ ഫയലിന്റെ എണ്ണത്തിന്റെ തോത് അനുസരിച്ചാണ് ഇപ്പോഴും കൂലി കണക്കാക്കുന്നത്. പേപ്പര്‍ നിര്‍മ്മാണ യൂണിറ്റിനായി പേപ്പര്‍ പള്‍പ്പ് യൂണിറ്റും ഹൈഡ്രോളിക് പ്രസ്സും മറ്റ് അനുബന്ധ മെഷീനുകളും ഇപ്പോഴും ഇവിടെയുണ്ട്. എന്നാല്‍ പഴയ പേപ്പറിന് വിലകൂടിയതും തൊഴിലാളികളുടെ കുറവുമൂലവും പള്‍പ്പ് ഉണ്ടാക്കിയുള്ള പേപ്പര്‍ നിര്‍മ്മാണം രണ്ടു വര്‍ഷമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

നൂല്‍ നൂല്‍പ്പ് കേന്ദ്രങ്ങളില്‍ പേപ്പര്‍ കോണിനുപകരം പ്ലാസ്റ്റിക് സാമഗ്രികള്‍ വന്നതോടെ അത്തരം നിര്‍മ്മാണങ്ങളും നിലച്ചു. ഒരു ഫയലിന് 13രൂപ 50 പൈസയാണ് വിലയായി സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ നിന്നും കൂലി കണക്കാക്കുമ്പോള്‍ ഒരു ദിവസത്തെ കൂടിയ കൂലി 70രൂപ മാത്രമാണെന്ന് തൊഴിലാളികള്‍ പറയുന്നു. മഴക്കാലത്ത് പേപ്പറുകള്‍ കെട്ടിടത്തിനുപുറത്ത് ഉണക്കാന്‍ പറ്റാതെ വരുമ്പോള്‍ കൂലി പേരിനു മാത്രം. കൂലി കുറഞ്ഞതിനാല്‍ പുതു തലമുറയിലുള്ളവര്‍ വരുന്നില്ല. അതിനാല്‍ 58വയസ്സില്‍ പെന്‍ഷന്‍പറ്റി പോയവരെ തിരികെ വിളിച്ചാണ് പണികള്‍ പൂര്‍ത്തിയാക്കുന്നത്. ജില്ലയില്‍ ഖാദി ബോര്‍ഡിന്റെ കീഴില്‍ ഒളരിക്കരയുള്ള ഹാന്‍ഡ് പേപ്പര്‍ യൂണിറ്റ് ഒഴിച്ചാല്‍ ആദ്യകാലത്ത് ഉണ്ടായിരുന്ന മറ്റു സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ഓര്‍മ്മയിലെ പഴയകാലം തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അനവധി പേപ്പര്‍ ഫയലുകള്‍ക്ക് ചുവപ്പുനാട കെട്ടി കാത്തിരിക്കുകയാണിവര്‍.

കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!