Breaking News

ബസ്സുകള്‍ നിര്‍ത്തുന്നത് തോന്നിയപോലെ; കൊടകര ബസ്സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്ക് നെട്ടോട്ടം

Kodakara Bus Stand copyകൊടകര: പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ സ്വകാര്യബസ്സുകള്‍ കയറാതെ പോകുന്നതും മുന്‍വശത്ത് മാത്രം നിര്‍ത്തി ആളെ കയറ്റുന്നതും മൂലം കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ക്ക് നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. കൊടകര വെള്ളിക്കുളങ്ങര റോഡിലാണ് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ്. ബസ്സുകള്‍ ഒരുവശത്തുകൂടെ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് മറുവശത്തുകൂടി വേണം റോഡിലേക്ക് കടക്കാന്‍ എന്നാണ് വ്യവസ്ഥ. എന്നാല്‍, മിക്ക ബസ്സുകളും ഇത് പാലിക്കുന്നില്ല. സ്റ്റാന്‍ഡിനുള്ളില്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പുകേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുന്നിലാണ് ബസ്സുകള്‍ നിര്‍ത്തേണ്ടത്. എന്നാല്‍, മിക്ക ബസ്സുകളും സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെ റോഡരികില്‍ നിര്‍ത്തിയാണ് ആളെ കയറ്റുന്നത്. കുട്ടികള്‍ ഒപ്പമുള്ളവരും വയോധികരും ഇതുമൂലം ദുരിതമനുഭവിക്കുന്നു. ബസ്സുകള്‍ പ്രവേശിക്കാത്തത് പതിവായതോടെ വ്യാപാരസ്ഥാപനങ്ങളുടെ മുന്നിലാണ് യാത്രക്കാര്‍ നില്‍ക്കുന്നത്. ഇതോടെ കാത്തിരിപ്പുകേന്ദ്രം നോക്കുകുത്തിയായി. വല്ലപ്പോഴും മാത്രം ബസ്സുള്ള കനകമല, പന്തല്ലൂര്‍ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ബസ് കാത്തിരിന്ന് കുഴപ്പത്തിലാകുന്നത് പതിവായിരിക്കയാണ്.

മിക്കപ്പോഴും ബസ്സുകള്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരിക്കുന്നവരെ അവഗണിച്ച് സ്റ്റാന്‍ഡിന്റെ മുന്‍വശത്ത് നിര്‍ത്തി, തിരിച്ചുപോകുന്നത് മൂലം ബസ്സില്‍ കയറാന്‍ കഴിയാറില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു. മുന്‍വശത്ത് കടകള്‍ക്ക് മുന്നില്‍ നില്‍ക്കുന്നവരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് ചില ബസ്സുകള്‍ നേരെ കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലേക്ക് പോകും. അതില്‍ കയറാനുള്ള യാത്രക്കാര്‍ അങ്ങോട്ടു ഓടണം. ബസ്സില്‍ കയറാന്‍ എങ്ങോട്ട് ഓടണമെന്ന ആശങ്കയിലാണ് യാത്രക്കാര്‍ പലപ്പോഴും. പരാതിയെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് എല്ലാ ബസ്സുകളും സ്റ്റാന്‍ഡില്‍ പ്രവേശിക്കണമെന്ന് പഞ്ചായത്തും പോലീസും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

യാത്രക്കാരുടെ ദുരിതത്തിന് അടിയന്തര പരിഹാരം വേണമെന്ന് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കൊടകര പഞ്ചായത്ത് സെക്രട്ടറിക്കും ചാലക്കുടി ജോയിന്റ് ആര്‍.ടി.ഒ., ജില്ലാ കളക്ടര്‍, കൊടകര പോലീസ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇരിങ്ങാലക്കുട – വെള്ളിക്കുളങ്ങര റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസ് അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഈ റൂട്ടില്‍ നിലവില്‍ സ്വകാര്യ ബസ്സുകളുടെ സമയക്രമം കാലങ്ങളായി മാറ്റമില്ലാതെ തുടരുകയാണെന്നും പരാതിയുണ്ട്. കല്ലേറ്റുംകര റെയില്‍വേഗേറ്റില്‍ ഉള്ള സമയനഷ്ടം കണക്കിലെടുത്താണ് റണ്ണിങ് സമയം ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നത്. എന്നാല്‍, കല്ലേറ്റുംകരയില്‍ മേല്‍പ്പാലം നിര്‍മ്മിച്ച് റോഡുഗതാഗതം സുഗമമാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പഴയ സമയത്തില്‍ തന്നെയാണ് ഇപ്പോഴും സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നത്. ഇരിങ്ങാലക്കുടയില്‍നിന്ന് വെള്ളിക്കുളങ്ങരയിലേക്ക് എത്താന്‍ ആവശ്യമുള്ളതിനേക്കാള്‍ ഇരുപത് മിനിട്ട് കൂടുതല്‍ സമയമെടുത്താണ് ഇപ്പോഴും സര്‍വീസ് നടത്തുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി റഷീദ് ഏറത്ത്, സുബീഷ് അണലിപ്പറമ്പില്‍, ശശി ആര്യാടന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!