തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ തിരുവമ്പാടിവിഭാഗത്തിന്റെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന് ഇക്കുറി നായകനാവുന്നത് കേളത്ത് കുട്ടപ്പന്‍മാരാര്‍. അര്‍പ്പണബോധവും കലാപാടവവും തികഞ്ഞസാധകശുദ്ധിയും അച്ചടക്കവുംകൊണ്ട് വാദ്യകലാരംഗത്ത് സഹപ്രവര്‍ത്തകരുടേയും സഹൃദയരുടേയും ആരാധനാപാത്രമാണ് മാരാര്‍. തോളത്തുതൂങ്ങുന്ന തിമിലയില്‍ തോല്‍പ്പറ്റുള്ള കയ്യും തോല്‍ക്കാത്ത മനസ്സുമായി കഴിഞ്ഞ നാലുപതിറ്റാണ്ടായി ഈ നാദനക്ഷത്രമുണ്ട്.ഇന്നത്തെ തിമിലവാദകരില്‍ ഏറ്റവും കനമുള്ള കൊട്ടിനുടമയുമാണ് കേളത്ത്. തിമിലയില്‍ മാത്രമല്ല ചെണ്ടയിലും അഗാധപാണ്ഡിത്യമുണ്ട് ഇദ്ദേഹത്തിന്. തിയ്യാടി നമ്പ്യാരുടെ തായമ്പക ഇന്ന് കേള്‍പ്പിക്കാന്‍ കഴിയുന്ന ഏകകലാകാരനാണ് കേളന്‍. അച്ഛന്‍ മാക്കോത്ത് ശങ്കരന്‍കുട്ടിമാരാര്‍ തിയ്യാടി നമ്പ്യാരില്‍ നിന്നും അഭ്യസിച്ച തായമ്പക അതേപടി കുട്ടപ്പനെ പഠിപ്പിച്ചു.
കലര്‍പ്പില്ലാതെ അന്ന് അഭ്യസിച്ച ആ തായമ്പകയുടെ പല്ലവികള്‍ ഇന്നും മാരാര്‍ക്ക് ഏറെ പ്രിയം. പതിനൊന്നാമെത്തെ വയസ്സില്‍ എടക്കുന്നി ക്ഷേത്രത്തിലായിരുന്നു കുട്ടപ്പമാരാരുടെ തായമ്പക അരങ്ങേറ്റം. തിമില കൊട്ടും ക്ഷേത്രാടിയന്തിരച്ചടങ്ങുകളും അച്ചന്‍ തന്നെയാണ് അഭ്യസിപ്പിച്ചത്. എന്നാല്‍ പഠനശേഷം കണ്ടും കേട്ടും അനുഭവിച്ചും സ്വപ്രയത്‌നത്തിലൂടെയുമാണ് ് മാരാര്‍ ഇന്ന് വാദ്യങ്ങളുടെ വാദ്യമായ മഠത്തില്‍വരവ് പഞ്ചവാദ്യത്തിന്റെ്പ്രമാണിയായത്. തിമിലയിലും ചെണ്ടയിലുമൊക്കെയായി ഇദ്ദേഹത്തിന് നിരവധി ശിഷ്യരുണ്ട്.മുണ്ടത്തിക്കോട് കണ്ണന്‍, തൃക്കൂര്‍ രാജന്‍, തൃപ്രയാര്‍ രമേശന്‍, ചെറുശ്ശേരി ശ്രീകുമാര്‍, തൃപ്രയാര്‍ മഹേഷ് തുടങ്ങി തിമിലവാദകരില്‍ പലരും കേളത്തിന്റെ ശിക്ഷണത്തില്‍ തിമില അഭ്യസിച്ചവരാണ്..ഇവരില്‍ 3 പേര്‍ മഠത്തില്‍വരവിന്റെ പഞ്ചവാദ്യനിരയി ആശാനൊപ്പമുണ്ട്. .
കഴിഞ്ഞ 37 വര്‍ഷമായി മഠത്തില്‍വരവിന്റെ പഞ്ചവാദ്യനിരയില്‍ കുട്ടപ്പമാരാരുണ്ട്. അതും ഒഴിച്ചുകൂടാനാവാത്ത സ്ഥാനത്ത്.3വര്‍ഷം പങ്കെടുക്കാനായില്ല.പല്ലാവൂര്‍കാര്‍ക്കുശേഷം രണ്ടാംസ്ഥാനക്കാരനാണ്. അററത്തെ തിമിലക്കാരനായല്ല എട്ടാംസ്ഥാനക്കാരനായിട്ടായിരുന്നു ആദ്യം മഠത്തില്‍വരവിന്റെ പഞ്ചവാദ്യത്തിനെത്തിയത്.പഞ്ചവാദ്യകലാരംഗത്തെ വെറും കൊട്ടുകാരന്‍ മാത്രമല്ല കേളത്ത്. അറിഞ്ഞതും അഭ്യസിച്ചതും മനനം ചെയ്തും പരീക്ഷണത്തിന് വിധേയമാക്കിയും വാദ്യവേദിയില്‍ അതിമനോഹരമാക്കി പ്രകടിപ്പിക്കാന്‍ മാരാര്‍ക്കുള്ള കഴിവ് ഒന്നുവേറെത്തന്നെയാണ്.പല്ലാവൂര്‍ കുഞ്ഞുകുട്ടന്‍മാരാര്‍ക്കൊപ്പം 27 വര്‍ഷം മാരാര്‍ വാദ്യവേദികളില്‍ ഒന്നിച്ചുപങ്കെടുത്തു. അവിടെനിന്നാണ് വാദനത്തിന്റെ വ്യാകരണം മാരാരുടെ വൈഭവമാകുന്നത്. മഠത്തില്‍വരവിന് മണിയന്‍മാരാരും കുഞ്ഞുകുട്ടന്‍മാരാരും കൊട്ടിക്കലാശിപ്പിച്ച ആ നാദപ്പെരുക്കം ഈ പൂരത്തിന് കേളത്തിലൂടെ ആസ്വാദകര്‍ക്ക് അനുഭൂതിയേകും.
കാണികളുടെ ഇഷ്ടത്തിനനുസരിച്ചാവില്ല കലയുടെ ശുദ്ധിയും ശാസ്ത്രീയതയും നിലനിര്‍ത്തിക്കൊണ്ടാവും മഠത്തില്‍വരവിന് താളവട്ടങ്ങള്‍ കൊട്ടിക്കയറുക. പഞ്ചവാദ്യകലയില്‍ അച്ചടക്കം നടപ്പാക്കിയ പൊറത്തുവീട്ടില്‍നാണുമാരാരുടെ വഴിയിലൂടെയാണ് കുട്ടപ്പമാരാരുടേയുംപ്രമാണത്തിലേക്കുള്ള പ്രയാണം. വാദനശുദ്ധികാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചതുകൊണ്ടുതന്നെ ധാരാളം അരങ്ങുകള്‍ തനിക്കു നഷ്ടപ്പെട്ടിട്ടുളളത് തനിക്കറിയാമെന്നും എങ്കിലും വാദനത്തിന്റെ അക്ഷരശുദ്ധി കൈവിടാന്‍ ഒരിക്കല്ലും തയ്യാറല്ല മാരാര്‍ . പ്രമാണത്തിനോ പ്രതിഫലത്തിനോ മാരാര്‍ ഒരിക്കലും കാത്തുനില്‍ക്കുകയും കണക്കുപറയുകയുമുണ്ടായിട്ടില്ല. പൂരങ്ങള്‍ക്ക് വാദ്യവിഷയങ്ങള്‍ ചുമതലയെടുക്കാനും മാരാര്‍ക്ക് താത്പര്യമില്ല. നാളെ മേടപ്പൂരപ്പുലരിയില്‍ മഠത്തില്‍വരവിന് കുട്ടപ്പമാരാരുടെ തിമിലയില്‍നിന്നും പതിനായിരങ്ങളെ കോരിത്തരിപ്പിച്ച് ആ വാദനശുദ്ധി നാദധാരയായി പെയ്തിറങ്ങും.
Feel really happy & proud to have a “nammudekodakara.com” for our own Kodakara people thru which we get to know day-today news etc. Keep it up and my best wishes.
Thanks alot for your support.