Breaking News

ബീവറേജ് ജനവാസകേന്ദ്രത്തിലേക്ക് മാറ്റാന്‍ ശ്രമം ; പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു

Bivarege issueകൊടകര : ജനവാസകേന്ദ്രത്തില്‍ ബീവറേജ് ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള ശ്രമം നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. കൊടകരയില്‍ ദേശീയപാതയോട് ചേര്‍ന്ന് പഞ്ചായത്ത് ലൈസന്‍സുപോലുമില്ലാതെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ബീവറേജ് ഔട്ട്‌ലെറ്റ് കൊടകര മനക്കുളങ്ങരയിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള ശ്രമമാണ് നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് ഉപേക്ഷിച്ചത്.

ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്ത് അംഗന്‍വാടികള്‍, സ്‌കൂള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയും സ്ഥിതിചെയ്യുന്നുണ്ട്. പഞ്ചായത്തിലോ ബന്ധപ്പെട്ട സ്ഥാപനങ്ങളിലോ യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് പുതിയ ഔട്ട്‌ലെറ്റ് തുടങ്ങുവാനുള്ള ശ്രമമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച രാത്രിയില്‍ വാഹനത്തിലെത്തിയ കെയ്‌സുകള്‍ കോമ്പൗണ്ടിനുള്ളിലേക്ക് ഇറക്കിവെക്കുന്നത് കണ്ടതോടെയാണ് പ്രദേശവാസികള്‍ അറിയുന്നത്.

വിവരമറിഞ്ഞ പ്രദേശവാസികള്‍ ചേര്‍ന്ന് കെയ്‌സുകള്‍ ഇറക്കിവെക്കുന്നത് തടഞ്ഞു. ഇന്നലെ രാവിലെ വീണ്ടും ഔട്ട് ലെറ്റ് തുറക്കുവാനുള്ള ശ്രമം നടന്നതോടെയാണ് പ്രദേശത്തെ ജനങ്ങളും ജനപ്രതിനിധികളും സ്ഥലത്തെത്തി ശ്രമം തടഞ്ഞു. ബി.ഡി.ദേവസി എം.എല്‍.എ., പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിളി സോമന്‍, കൊടകര ഫൊറോന വികാരി തോമസ് ആലുക്കല്‍, അസി. വികാരി മെഫിന്‍, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ നേതാക്കള്‍, സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധിപേര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ബീവറേജ് ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം എന്നന്നേക്കുമായി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രിക്ക് നല്‍കി.

ജില്ലാ കളക്ടര്‍, ജില്ലാ സബ് കളക്ടര്‍, എക്‌സൈസ് എന്നിവിടങ്ങളിലും പരാതികള്‍ നല്‍കി. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടിയ ബിവറേജ് തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിക്കില്ലെന്ന് സ്ഥലഉടമ ഉറപ്പുനല്‍കിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് സ്ഥല ഉടമയും ജനപ്രതിനിധികളും ചേര്‍ന്ന് പ്രദേശവാസികള്‍ക്ക് ഉറപ്പ് നല്‍കിയതിനെതുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!