കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകള്‍ പൂരപ്പറമ്പിലെത്തിച്ച രേവത്ത്

Kalabhavan Maniകൊടകര : മൂന്നാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ അച്ഛനുപേക്ഷിച്ച തന്നെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന കലാഭവന്‍ മണിയുടെ മരണം ഇനിയും വിശ്വസിക്കാനാകുന്നില്ല വരന്തരപ്പിള്ളി കരിയാട്ടുപറമ്പില്‍വീട്ടില്‍ രേവത്ത്ബാബു എന്ന യുവാവിന്. പിതാവുപേക്ഷിച്ച ശേഷം അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പമായിരുന്ന ഈ ബാലന്‍ 8 വയസ്സുമുല്‍ ലോട്ടറിക്കച്ചവടം തുടങ്ങി. മണ്ണംപേട്ടയില്‍ ലോട്ടറിക്കച്ചവടത്തിനിടെയാണ് ചാലക്കുടി ശ്രീലക്ഷ്മി സില്‍ക്‌സിലെ മാനേജരായിരുന്ന വിനോദിനെ കാണുന്നതും പരിചയപ്പെടുന്നതും.

തൊട്ടടുത്തദിവസം ചാലക്കുടിപള്ളിയില്‍ മണിയുടെ മാനേജരുടെ വിവാഹമാണെന്നും അവിടെഎത്തണമെന്നും പറഞ്ഞതനുസരിച്ച് രേവത്ത് ചാലക്കുടിയിലെത്തി. നൂറാംനമ്പര്‍ കാറില്‍ ചാലക്കുടി പള്ളിയങ്കണത്തില്‍ വന്നിറങ്ങിയ മണിച്ചേട്ടനെ അന്നാണ് രേവത്ത് ആദ്യമായി കാണുന്നത്. വിവാഹശേഷം മണിച്ചേട്ടന്‍ തന്നെ ശ്രീലക്ഷ്മിയിലേക്ക് വിളിച്ചതും തനിക്ക് 10000 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങിത്തന്നതും രേവത്ത് ഓര്‍ക്കുന്നു. പിന്നെ ഇടയ്ക്കിടക്ക് മണിചേട്ടന്‍ സാമ്പത്തികമായും പഠനോപകരണങ്ങള്‍ വാങ്ങിത്തന്നും തന്നെ സഹായിച്ചു.

മണിച്ചേട്ടന്റെ വീട്ടില്‍ ഇടയ്ക്ക് പോകാറുണ്ട്. കലാഭവന്‍ മണിയുടെ നാടന്‍പാട്ടുകളുടേയും ഭക്തിഗാനങ്ങളുടേയും കാസറ്റുകള്‍ കേരളത്തിലെ പൂരപ്പറമ്പുകളില്‍ വില്‍പ്പനനടത്തി മണിനാദത്തെ ജനകീയമാക്കിയ മണിയുടെ കടുത്ത ആരാധകനാണ് ഈ യുവാവ്. മണിയുടെ എന്റെ പൊന്നുമണികണ്ഠന്‍ എന്ന ഭക്തിഗാനവും നാടന്‍പാട്ടുകാരന്‍ ചങ്ങാതി, ചിങ്ങത്തിലെ കണ്ണിമാങ്ങ തുടങ്ങി മുപ്പതോളം വരുന്ന സി.ഡി കള്‍ ഉത്സപ്പറമ്പുകളെ ഇളക്കിമറിച്ചത് രേവത്തിന്റെ ശ്രമത്തിലൂടെയാണ്.

Kalabhavan Mani Sevasamithiമണിയുടെ ഗാനങ്ങളുടെ സി.ഡി ശേഖരവുമായി കേരളത്തിലെ പ്രധാന ഉത്സവപ്പറമ്പുകളിലെല്ലാം രേവത്ത് എത്താറുണ്ട്. കലാഭവന്‍ മണി സേവന സമിതി എന്ന പേരിലുള്ള രേവത്ത് പ്രസിഡണ്ടായ സംഘടനയുടെ നേതൃത്വത്തിലാണ് ഉത്രാളിയിലും പന്തല്ലൂരിലും പാര്‍ക്കാടിയിലും കുറ്റിയങ്കാവിലും നെന്‍മാറയിലും പൂരപ്പറമ്പുകളില്‍ ആ മണിനാദം വലിയ ശബ്ദസംവിധാനം സംഘടിപ്പിച്ച് ഒരുക്കിയിരുന്നത്. മാത്രമല്ല ഈ സ്റ്റാളില്‍ സൗജന്യമായി ചുക്കുകാപ്പിയും നല്‍കിവന്നിരുന്നു. വെറും സ്‌ററാളല്ല. നിലവിളക്ക് കൊളുത്തിവച്ച് മണിയുടെ ചിത്രമുള്ള മനോഹരമായ കോലവുമായിട്ടാണ് സ്റ്റാള്‍. ഈ സ്റ്റാളുകള്‍ക്കുമുമ്പിലെത്തുന്ന മണിയുടെ ആസ്വാദകര്‍ നാടന്‍പാട്ടുകള്‍ക്കൊപ്പം നൃത്തംചെയ്യുന്നതും പല പൂരപ്പറമ്പുകളിലും കാണാമായിരുന്നു.

ഇക്കഴിഞ്ഞ മണ്ഡലകാലത്ത് പാലിയേക്കര ടോള്‍പ്ലാസയില്‍ കലാഭവന്‍ മണിയുടെ ചിത്രം വച്ച് സേവനസമിതിയുടെ ബാനറില്‍ അയ്യപ്പഭക്തര്‍ക്ക് സൗജന്യ ചുക്കുകാപ്പിവിതരണം നടത്തിയതും രേവത്തായിരുന്നു.  ഞായറാഴ്ച വൈകീട്ട് 8 മണിയോടെയാണ് ഓട്ടോഡ്രൈവര്‍ ക്രിസ്റ്റി മണിയുടെ വിവരം രേവത്തിനെ അറിയിക്കുന്നത്. കേട്ടമാത്രയില്‍ താന്‍ മരിച്ചെന്നാണ് ആദ്യം തോന്നിയതെന്ന് രേവത്ത് പറഞ്ഞു. തിങ്കളാഴ്ച ആമ്പല്ലൂര്‍ മുതല്‍ വരന്തരപ്പിള്ളിവരെ തന്റെ പ്രിയ മണിച്ചേട്ടന് ആദരാഞ്ജലികളര്‍പ്പിച്ച് നൂറോളം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ രേവത്ത് സ്ഥാപിച്ചു.

me copyക്രിസ്റ്റിയുടെ ഓട്ടോ അന്ന് ഓടിയത് മണിയുടെ മൃതദേഹവുമായുള്ള ആംബുലന്‍സിനുപുറകേ രേവത്തിനേയും കൊണ്ടാണ്. മെഡിക്കല്‍കോളേജിലും തൃശൂര്‍ സംഗീതനാടകഅക്കാദമിയിലും തുടര്‍ന്ന് മണികൂടാരത്തിലും രേവത്തെത്തി. മണിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് തന്നാല്‍ സാധിക്കുന്ന സഹായങ്ങള്‍ രേവത്ത് ചെയ്തു. മണിച്ചേട്ടന്‍ മരിച്ചിട്ടില്ല. ഇനിയും ജീവിക്കും. ആ നാടന്‍പാട്ടുകളിലൂടെ. നാടായ നാട്ടിലൊക്കെ ഈ പാട്ടുകള്‍ കേള്‍പ്പിക്കാന്‍ കൂടുതല്‍ ആവേശത്തിലാണ് രേവത്ത്.

മാത്രമല്ല കലാഭവന്‍ മണി സേവനസമിതിയെ കൂടുതല്‍ ആളുകളിലെത്തിക്കാനും ഈ സംഘടയെ കേരളത്തിനകത്തും പുറത്തും പ്രചരിപ്പിക്കാനും മണിച്ചേട്ടന്റെ ആരാധകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ 20 കാരന്‍. എനിക്ക് മണിച്ചേട്ടന്‍ പിതാവിന്റെ സ്ഥാനമാണ്. എന്റെ മരണംവരെ മണിച്ചേട്ടന്റെ പേരിലുള്ള സേവനങ്ങള്‍ക്കും ആ പാട്ടുകളുടെ പ്രചരണത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ചെന്നാണ ചങ്കുപൊട്ടുന്ന വേദനയില്‍ രേവത്ത് പറയുന്നത്.റിപ്പോര്‍ട്ട് : കൊടകര ഉണ്ണി

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!