കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ ഊട്ടുതിരുനാള്‍ മെയ് 1 ന് ആഘോഷിക്കും. ഇതോടനുബന്ധിച്ച കൊടിയേററത്തിന് ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഡോ. ഫാ. നെവിന്‍ ആട്ടോക്കാരന്‍ കാര്‍മികത്വം വഹിച്ചു. തിരുന്നാള്‍ ദിനം വരെ ദിവസവും ഇടവകയിലെ കുടുംബയൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വൈകീട്ട് 5 ന് നടക്കുന്ന ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നീ തിരുകര്‍മ്മങ്ങള്‍ക്ക് രൂപതയിലെ വിവിധ വൈദികര്‍ കാര്‍മ്മികത്വം വഹിക്കും. 24 ന് വൈകീട്ട് 5 നുള്ള ദിവ്യബലിക്കുശേഷം വാഹനവെഞ്ചിരിപ്പ് ഉണ്ടാകും. 29 വൈകീട്ട് 5 നുള്ള ദിവ്യബലിക്ക് ശേഷം ഊട്ടുശാലയുടെ ആശീര്‍വാദം തെക്കന്‍ താണിശ്ശേരി ഇടവക അസി. വികാരി ഫാ. ഫ്രാന്‍സണ്‍ തന്നാടന്‍ നിര്‍വ്വഹിക്കും.
30 ന് രാവിലെ തിരുനാള്‍ കുര്‍ബ്ബാനയ്ക്ക് ശേഷം നേര്‍ച്ചപായസം ആശീര്‍വദിക്കല്‍, രൂപം എഴുന്നള്ളിച്ച് വയ്ക്കല്‍ എന്നിവയ്ക്ക് ചാന്ദ രൂപത മൈനര്‍ സെമിനാരി വൈസ് റെക്ടര്‍ ഫാ. റോബി താളിപറമ്പില്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ചപായസം വിതരണം ആരംഭിക്കും. തിരുനാള്‍ ദിനത്തില്‍ രാവിലെ 6.30 നുള്ള ദിവ്യബലിക്ക് ശേഷം ഊട്ടുവെഞ്ചിരിപ്പ് ഇടവക വികാരി ഫാ. തോമസ് ആലുക്കല്‍ നിര്‍വ്വഹിക്കും. കാല്‍ ലക്ഷത്തോളം പേര്‍ക്കുള്ള നേര്‍ച്ച സദ്യ തയ്യാറാക്കുന്നുണ്ട്.
8.30 നുള്ള ദിവ്യബലിക്കും, തുടര്‍ന്നുള്ള സന്ദേശത്തിനും ഇടവക അസി. വികാരി ഫാ. മെഫിന്‍ തെക്കേക്കര കാര്‍മ്മികത്വം വഹിക്കും. 10 ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഈസ്റ്റ് കല്ലൂര്‍ ഇടവക വികാരി ഫാ. ഡേവീസ് പിടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. സഹൃദയ കോളേജ് ഡയറക്ടര്‍ ഫാ. ആന്റോ ആലപ്പാടന്‍ തിരുനാള്‍ സന്ദേശം നല്‍കും. 11.30 നുള്ള ദിവ്യബലിക്ക് ആനത്തടം മേരി മാത ഷേന്‍സ്റ്റാര്‍ട്ട് ഭവന്‍ സുപ്പീരിയര്‍ ഫാ. ജോബി പോത്തന്‍ കാര്‍മ്മികത്വം വഹിക്കും. 4.30 ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം വൈകീട്ട് 7 ന് പള്ളിയില്‍ സമാപിക്കും. മെയ് 2 ന് രാവിലെ 10 മണിക്ക് സമര്‍പ്പിതസംഗമം നടക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ. തോമസ് ആലുക്കല്‍, അസി. വികാരി ഫാ. മെഫിന്‍ തെക്കേക്കര, തോമസ് ചിരണയ്ക്കല്‍, ഫ്രാന്‍സീസ് തന്നാടന്‍, കെ.ആര്‍.ജോസഫ് എന്നിവര്‍ പങ്കെടുത്തു.