നിരത്തില്‍ പൊലിച്ച ജീവജാലങ്ങള്‍ക്ക് ജീവന്‍തുടിക്കുന്ന ദൃശ്യഭാഷ്യം

കൊടകര : നിരത്തില്‍ ചതഞ്ഞരഞ്ഞ നിരവധി ജീവജാലങ്ങള്‍ക്ക്  ഫോട്ടോഗ്രാഫിയുടെ പുത്തന്‍തലത്തിലൂടെ  നിറവും നീരും നല്‍കി നിത്യവിസ്മയമൊരുക്കുകയാണ് രഞ്ജിത്ത് മാധവന്‍ എന്ന യുവഫോട്ടോഗ്രാഫര്‍. പൂക്കളും പുഴുക്കളും പുല്‍ച്ചാടിയും പൂത്തുമ്പികളുമെന്നല്ല പാതയോരത്തെ സചേതനവും അചേതനവുമായ വിചിത്രരൂപങ്ങളാണ്  രഞ്ജിത്തിന്റെ  ക്യാന്‍വാസിലൂടെ പുനര്‍ജനിക്കുന്നത്.

എ ബയോഗ്രഫി ഓഫ് റോഡ് എന്ന് നാമകരണം ചെയ്തിട്ടുള്ള ചിത്രപരമ്പരയിലൂടെയാണ് ഇദ്ദേഹം തികച്ചും വൈവിധ്യം നിറഞ്ഞ ചിത്രങ്ങള്‍ സമൂഹത്തില്‍ പങ്കുവക്കുന്നത്. ഇതോടെ ഫോട്ടോഗ്രാഫിരംഗത്ത് ആരും കൈവക്കാത്ത നവീനആശയത്തി ലേക്കാണ് രഞ്ജിത്തിന്റെ രംഗപ്രവേശം.  ചിറകറ്റുവീണ ചിത്രശലഭങ്ങളും ചക്രങ്ങള്‍ക്കടിയില്‍പെട്ട് ചതഞ്ഞരഞ്ഞ ഇഴജന്തുക്കളും  ഞെട്ടറ്റുവീണ മാമ്പഴവും പഴുത്ത് വീണ പഴച്ചക്കയും പൊട്ടിത്തീര്‍ന്ന പടക്കാവശിഷ്ടങ്ങളും അങ്ങിനെ രഞ്ജിത്തിന്റെ ക്യാമറ ഒപ്പിയെടുക്കുന്നത് ഒട്ടനവധി ചിത്രങ്ങളാണ്. എപ്പോള്‍ എവിടെയാണ് തന്റെ ക്യാമറക്ക് ഇത്തരത്തിലുള്ള ഇരയെകിട്ടുന്നതെന്നറിയില്ല.  അതുകൊണ്ടുതന്നെ വല്ലക്കുന്ന് സ്വദേശിയായ രഞ്ജിത്ത്  സൈക്കിളുമായി പുറത്തിറങ്ങുമ്പോഴൊക്കെ തന്റെ  ക്യാമറയുമുണ്ടാകും. ഈ പുത്തന്‍സങ്കേതത്തിനുമുമ്പ് തന്റെ യാത്രകളില്‍  കാമറക്കണ്ണുകളിലൂടെ പകര്‍ത്തിയ നൂറുകണക്കിന് വാര്‍ത്താചിത്രങ്ങളിലെ തെരഞ്ഞെടുത്തവയുടെ പ്രദര്‍ശനം ശ്വാസ് എന്ന പേരില്‍ രഞ്ജിത്ത് കൊടകരയില്‍ സംഘടിപ്പിച്ചിരുന്നു.

ആ ചിത്രശേഖരത്തില്‍   വര്‍ഷങ്ങളായി കാത്തുസൂക്ഷിച്ച ചിത്രങ്ങള്‍മാത്രമല്ല, മനസ്സുകളെ വിറപ്പിക്കുകയും മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുകയും ചെയ്ത മഹാപ്രളയത്തിന്റെ ചിത്രങ്ങള്‍വരെ പ്രദര്‍ശനത്തിനൊരുക്കിയിരുന്നു. കൂടാതെ കഴിഞ്ഞവര്‍ഷം തൃശൂര്‍ ലളിതകലാഅക്കാദിമിയില്‍    ഹൈഡ്രാര്‍ട്ട്് എന്ന പേരില്‍ ജലചിത്രങ്ങളുടേയും പ്രദര്‍ശനം നടത്തിയിരുന്നു. ഛായാഗ്രഹണകലയിലെ വേറിട്ട അനുഭവത്തെ അവതരിപ്പിക്കുന്ന ഇപ്പോഴത്തെ എ ബയോഗ്രാഫി ഓഫ് റോഡിലൂടെ നൂറിലധികം ചിത്രങ്ങളാണ് ഇദ്ദേഹം പകര്‍ത്തിയിട്ടുള്ളത്.

റോഡില്‍  തൊണ്ട് പൊട്ടിപ്പൊളിഞ്ഞ കരിക്ക്  രഞ്ജിത്തിന്റെ ക്ലിക്കിലൂടെ ചിത്രശലഭമായി മാറുന്നു. റോഡിലൂടെ വാഹനങ്ങളില്‍നിന്നും ചോര്‍ന്നൊലിക്കുന്ന  ഇന്ധനങ്ങള്‍ മഴവില്ലാകുന്നു. വാഹനം കയറിയിറങ്ങിയ പഴങ്ങളും  പാഴ് വസ്തുക്കളും കണ്ട്  ഇവയ്ക്ക് മറ്റൊരു രൂപസാദൃശ്യം കല്‍പ്പിച്ചാണ് ഇയാള്‍ ക്യാമറ ചലിപ്പിക്കുന്നത് . പാതയിലെത്തുന്ന ജീവജാലങ്ങള്‍ ചതഞ്ഞരയുന്നതിനെതിരെയുള്ള ബോധവല്‍ക്കരണം കൂടിയാണ് ഇതെങ്കിലും ഫോട്ടോ ഗ്രാഫി എന്ന കലയിലേക്ക് കാല്‍പ്പനിക സങ്കല്‍പ്പങ്ങളെ സന്നിവേശിപ്പിക്കുകയാണ് രഞ്ജിത്ത് മാധവന്‍. നൊമ്പരങ്ങളെ ഉള്ളിലൊതുക്കി നവീനവും അമൂര്‍ത്തവുമായ രൂപങ്ങള്‍ക്ക്് പുത്തന്‍തലങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ യുവഛായാഗ്രാഹകന്‍….
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!