കൊടകര : ദേശീയപാതയില്‍ കൊടകര പേരാമ്പ്രയില്‍ കാറില്‍ കടത്തുകയായിരുന്ന നൂറ്റിയന്‍പത് കിലോയോളം കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. ആലുവ ചുണങ്ങംവേലി വടക്കേലാന്‍ വീട്ടില്‍ ടോംജിത്ത് ടോമി എന്ന നെടിലാന്‍ ടോംജിത് (25) , ആലുവ എടത്തല പഞ്ചായത്തോഫീസിനു സമീപം കൂറ്റിയേടത്ത് വീട്ടില്‍ വിന്‍സന്റ് സെബാസ്റ്റ്യന്‍ എന്ന കുറുക്കന്‍ വിന്‍സെന്റ് (30) എന്നിവരാണ് പിടിയിലായത്.
രണ്ടു കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനംകഞ്ചാവാണ് ഇവരില്‍നിന്നും പിടികൂടിയത്. കഞ്ചാവുകടത്തുന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷിന്റെയും കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്റെയും നേതൃത്വത്തില്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്.
ആന്ധ്രയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേല്‍ത്തരം ഗ്രീന്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വില്‍പന നടത്തുമ്പോള്‍ ഗ്രാമിന് അഞ്ഞൂറു മുതല്‍ മുകളിലേക്കാണ് വില ഈടാക്കുന്നത്. ആന്ധ്രയില്‍ നിന്ന് ആഡംബര കാറില്‍ പാക്കറ്റുകളാക്കി തുണി കൊണ്ട് മൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.
ചാലക്കുടി ഡിവൈഎസ്പി സി .ആര്‍ . സന്തോഷ് , കൊടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍,, എസ് ഐ ജെയ്‌സണ്‍ ജെ .ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം മൂസ, വി.യു സില്‍ജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ മരായ സോജന്‍ , പി.പി ഷാജന്‍, റിജി എം.എം. എ.എസ്.ഐ മാരയ തോമസ്, റെജി മോന്‍, വിനോദ് ഇ.ബി,സീനിയര്‍ സിപിഒ മാരായ ബൈജു എം.എസ്, സിജു റെനീഷ് പി.എസ്, സിജു ആലുക്ക , ഷാജു സി.എ, ആന്റണി, അനീഷ്, ജെറിന്‍ സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ രജീഷ്, പ്രജിത്ത്, സനൂബ് സി.ആര്‍, സില്‍ജോ, മനു കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്. ഒരു മാസത്തിനുള്ളില്‍ ചാലക്കുടി ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ അഞ്ഞുറ് കിലോയോളം കഞ്ചാവ് കൊരട്ടി, കൊടകര എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയിരുന്നു.
ചെറുപ്പത്തിലേ മുതല്‍ ക്രിമിനല്‍ പശ്ചാത്തലമുളളവരാണ് പിടിയിലായ ഇരുവരുമെന്ന് പോലീസ് അറിയിച്ചു. കൊരട്ടി, മാള, ഇരിങ്ങാലക്കുട മുതലായ സ്റ്റേഷനുകളിലെ നിരവധി കേസുകളില്‍ പ്രതിയാണ് ടോംജിത്ത്. ആലുവ ഈസ്റ്റ്, കുന്ദംകുളം മുതലായ സ്റ്റേഷനുകളില്‍ വിന്‍സെന്റിനെതിരെ നിരവധി കേസുകളുണ്ട്.