നടപ്പുരയില്‍ വര്‍ണച്ചാര്‍ത്തൊരുക്കി  പഴക്കുലവിതാനം

കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രിയോടനുബന്ധിച്ചു നടന്ന പഴക്കുലവിതാനം. ചിത്രം ; അഭിനവ് കൊടകര

കൊടകര: കണ്ണനും കദളിയും കര്‍പ്പൂരവള്ളിയും പൂവനും ചാരപ്പൂവനും നേന്ത്രനുമൊക്കെയായി നൂറുകണക്കിനു പഴക്കുലകളാല്‍ വര്‍ണാഭമാണ് കൊടകര പൂനിലാര്‍ക്കാവ്  ദേവീക്ഷേത്രസന്നിധി. നവരാത്രിയോടനുബന്ധിച്ചാണ്  നൂറ്റെട്ടുദുര്‍ഗ്ഗാലയങ്ങളില്‍ പ്രധാനക്ഷേത്രമായ കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേതനടപ്പുര വിവിധയിനത്തിലുള്ള പഴക്കുലകളെക്കൊണ്ട് സ്വര്‍ണ്ണവര്‍ണമൊരുക്കിയത്. നവരാത്രിക്കാലം തുടങ്ങിയേശേഷം പൂനിലാര്‍ക്കാവ് ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ദേശത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഭക്തരുടെ പറമ്പുകളില്‍നിന്നും വെട്ടിക്കൊണ്ടുവന്ന കായക്കുലകള്‍ ക്ഷേത്രത്തിന്റെ കലവറയില്‍വച്ച്് പഴുപ്പിക്കുകയായിരുന്നു .  തുടര്‍ന്ന്് പൂജവെപ്പ് ദിവസമാണ്  ക്ഷേത്രനടപ്പുരയില്‍ പ്രത്യേകംതയ്യാറാക്കിയ ഇരുമ്പിന്റെ ചട്ടക്കൂടില്‍ കുലകള്‍ അലങ്കരിച്ചത്.  ആദ്യദിവസം മുഴുവനായി പഴുത്തിരുന്നില്ലെങ്കിലും ആദ്യരാവുപിന്നിട്ടപ്പോഴേക്കും പൂര്‍ണമായും സ്വര്‍ണവര്‍ണമായി..പഴക്കുലകള്‍ മാത്രമല്ല   ചെന്തെങ്ങിന്‍ കുലയും കുലവാഴയും കുരുത്തോലയും പൂമാലയുമൊക്കയായി നടപ്പുരയെ മനോഹരമായാണ് അലങ്കരിച്ചിരിക്കുന്നത്. ദേവസ്വം ഭാരവാഹികളും ഭക്തരും സംഘമായാണ്  വാഴക്കുലവെട്ടാന്‍ ഗ്രാമാന്തരങ്ങളിലെ വീടുവളപ്പിലെത്തുക. ഓരോ പറമ്പില്‍നിന്നും വെട്ടിയെടുക്കുന്ന വാഴക്കുലകളിന്‍മേല്‍ നമ്പറിടുകയും അതേനമ്പറും ആ വീട്ടുടമസ്ഥന്റെ പേരുംവിലാസവും നോട്ട്ബുക്കില്‍ കുറിക്കുകയുമാണ്. നടപ്പുരയെ മനോഹരമാക്കിയ പഴക്കുലകളെ പാറാടയും മറ്റുപക്ഷികളും കൊത്താതിരിക്കാനുമൊക്കെയായി  വിജയദശമിവരെയുള്ള പകലിരവുകള്‍ ഈ പഴക്കുലകള്‍ക്ക്് കാവലായി ചെറുപ്പക്കാരും മധ്യവയസ്‌കരും വൃദ്ധരുമൊക്കെയടങ്ങുന്ന ഭക്തരുടെ കൂട്ടായ്മയുമുണ്ട്. ഇക്കുറി നവരാത്രിയിലെ മൂന്നുരാത്രിയിലാണ് കാവല്‍. രാത്രിയില്‍ കഥകളും കട്ടന്‍കാപ്പിയുമായാണ് ഈ പഴക്കുലകള്‍ക്ക് സംരക്ഷണമൊരുക്കുന്നത്. അഷ്ടമിയും നവമിയും പിന്നിട്ട് വിജയദശമിനാളില്‍ രാവിലെ സരസ്വതിസന്നിധിയില്‍ കുരുന്നുകളെ ഹരിശ്രീകുറിക്കലും പൂജിച്ചപുസ്‌കതങ്ങള്‍ സ്വീകരിക്കലും കഴിഞ്ഞാലാണ് ഈ പഴക്കുലകള്‍ ഉടമസ്ഥര്‍ക്ക്് വെട്ടിക്കൊടുക്കുക. കായക്കുലകളിലെ നമ്പറും നോട്ടുപുസ്തകത്തിലെ പേരും വിലാസവും ഒത്തുനോക്കി ആരുടെ കുലയാണോ വെട്ടിയതെന്ന് ഉറക്കെ വിളിച്ചുപറയും . ആസമയത്ത്് ഉടമസ്ഥര്‍ അവരുടെ പഴക്കുലകള്‍ ഏറ്റുവാങ്ങും. ക്ഷേത്രത്തിലേക്ക്് പഴക്കുലകള്‍ സമര്‍പ്പിക്കുന്ന ഭക്തരുമുണ്ട്. അറിവിന്റേയും ഐശ്വര്യത്തിന്റേയും ഉത്സവമായ നവരാത്രിക്കാലത്ത്് ഇത്രയധികം പഴക്കുലകളാല്‍ അലങ്കാരം നടത്തുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് കൊടകര പൂനിലാര്‍ക്കാവ്.
കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!