കാവിലമ്മക്ക് കലാര്‍ച്ചനയുമായി  പാര്‍വതി മേനോന്റെ കുച്ചുപ്പുടി

കൊടകര പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്ര നൃത്ത-സംഗീത മണ്ഡപത്തില്‍ പാര്‍വതീ മേനോന്‍ നൃത്തം അവതരിപ്പിക്കുന്നു.

കൊടകര :  നവശക്തി നിറയുന്ന  നവരാത്രിക്കാലത്ത് കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ നൃത്തസംഗീതമണ്ഡപത്തില്‍ നാട്യാര്‍ച്ചനയുമായി  നിയമവിദ്യാര്‍ഥിയും നര്‍ത്തകിയുമായ  പാര്‍വതി മേനോനെത്തി.  കൊടകര അരിക്കാട്ട് വിജയന്‍മേനോന്റെ പേരക്കുട്ടിയും എറണാകുളത്തെ വക്കീല്‍ ദമ്പതിമാരായ ഹരിശങ്കര്‍- മീരമേനോന്‍ എന്നിവരുടെ മകളും  ആര്‍ക്കിടെക്റ്റ്  മധുസൂദന്‍ മേനോന്റെ പത്‌നിയുമാണ് പാര്‍വതീ മേനേേനാന്‍.

ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയായ പാര്‍വതി    എറണാകുളം ലോ കോളേജിലെ നിയമപഠനത്തിന്റെ അവസാന വര്‍ഷ പരീക്ഷയെഴുതി ഫലത്തിന് കാത്തിരിക്കുന്നതിനിടയിലാണ് പൂനിലാാര്‍ക്കാവിലമ്മയുടെ തിരുസന്നിധിയില്‍ കുച്ചുപ്പുടിയര്‍ച്ചനയുമായെത്തിയത്. നാലുവയസ്സുമുതല്‍ ഗുരു കലാമണ്ഡലം മോഹനതുളസിയുടെ ശിക്ഷണത്തില്‍ കുച്ചുപ്പുടിനൃത്തം അഭ്യസിച്ച പാര്‍വതി ബാംഗ്‌ളൂര്‍ അലയന്‍സ് യൂണിവേഴ്‌സിറ്റിയില്‍നിന്നും കുച്ചുപ്പുടിയില്‍ ഡിപ്ലോമ നേടിയ ശേഷം  കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവായ ഗുരു എ.ബി.ബാലകൊണ്ടലറാവുവിന്റെ കീഴില്‍ കുച്ചുപ്പുടിയില്‍ ഉപരിപഠനം നടത്തിവരികയാണ്.
കേന്ദ്രസാംസ്‌കാരിക വകുപ്പിനുകീഴിലുള്ള സാംസ്‌കാരിക പരിശീലന ഇന്‍സ്റ്റിറ്റൂട്ടില്‍നിന്നുള്ള യുവകലാകാരികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ജേതാവാണ് പാര്‍വതിമേനോന്‍. മുംബൈ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് ദേശീയകേന്ദ്രം, ബ്രഹ്മഗാനസഭ നൃത്തോത്സവം, ദാസ്യം ആനന്ദോത്സവം, കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സ് ഫെസ്റ്റിവല്‍, സൂര്യ സ്വരലയ, ഭാരത് ഭവന്‍ നൃത്തോത്സവം, ഇരിങ്ങാലക്കുടി നാദോപാസനയുടെ സ്വാതി തിരുന്നാള്‍ നൃത്തസംഗീതോത്സവം, ചിദംബരം നാട്യാഞ്ജലി നൃത്തോത്സവം തുടങ്ങി കേരളത്തിനകത്തും പുറത്തും ഒട്ടനവധി നൃത്തസംഗീതോത്സവങ്ങൡ കുച്ചുപ്പുടി അവതരിപ്പിച്ചിട്ടുണ്ട്.
ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രസന്നിധികളിലും പാര്‍വതി നൃത്തം അവതരിപ്പിച്ചു. എറണാകുളം ടി.ഡി.എം ഹാളില്‍ അവതരിപ്പിച്ച സ്വാതിതിരുന്നാള്‍ കൃതികളെ ആസ്പദമാക്കിയുള്ള സ്വാതി പ്രണാമം എന്ന കുച്ചുപ്പുടി ആവിഷ്‌കാരവും ശ്രീകൃഷ്ണലീലകള്‍ കോര്‍ത്തിണക്കി അവതരിപ്പിച്ച ഘനശ്യാം എന്ന ആവിഷ്‌കാരവും ആസ്വാദകര്‍ ഏറ്റുവാങ്ങിയവയായിരുന്നു.
നാട്യനിപുണ അവാര്‍ഡ് ജേതാവായ പാര്‍വതി മേനോന്‍  നിയമപഠനതിരക്കുകള്‍ക്കിടയിലും അടുത്ത കുച്ചുപ്പുടി ആവിഷ്‌കാരത്തിനുള്ള പണിപ്പുരയിലാണ്. നടനകലയെ   പ്രണയിച്ച് വേദികളില്‍നിന്നും വേദികളിലേക്കു നീങ്ങുന്ന പാര്‍വതി മേനോന്റെ നൃത്താവിഷ്‌കാരം ആസ്വദിക്കാനായി നൂറുകണക്കിന് പേരാണ് പൂനിലാര്‍ക്കാവിലെ നൃത്തസംഗീത മണ്ഡപത്തിലെത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!