
കൊടകര : നവോദ്ധാനചരിത്രത്തില്‍ നാരീശക്തി മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. കൊടകര പേരാമ്പ്ര സരസ്വതി വിദ്യാനികേതനില്‍ മഹിളാ ഐക്യവേദിയുടെ സംസ്ഥാന ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വിദ്യാഭ്യാസം നേടാനോ വീടിനുപുറത്തുവരാനോ മാറുമറയ്ക്കാനോ സ്വാതന്ത്ര്യമില്ലാതിരുന്ന സ്ത്രീസമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നതും നീതി നിഷേധത്തിനെതിരെ പോരാടിയതും സ്ത്രീ വിദ്യാഭ്യാസത്തിനായി മുന്നോട്ടുവന്നതും മഹിളാരത്‌നങ്ങളായിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സ്ത്രീസമൂഹം രംഗത്തുവരണമെന്നും ശശികല പറഞ്ഞു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷസോമന്‍ അധ്യക്ഷത വഹിച്ചു.
ഡോ.ലക്ഷ്മിവിജയന്‍, പ്രൊ.സരിത അയ്യര്‍ എന്നിവര്‍ ക്ലാസ്സുകളെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമന മുരളി, വര്‍ക്കിംഗ് പ്രസിഡണ്ട് അനിതജനാര്‍ദ്ദനന്‍, സംസ്ഥാന ട്രഷറര്‍ സൗദാമിനി, ഡോ.വിജയകുമാരി, സതികോടോത്ത്, രത്‌ന എസ് ഉണ്ണിത്താന്‍, എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് സ്ത്രീ നീതിയും നിയമങ്ങളും എന്ന വിഷയത്തില്‍ അഡ്വ.ടി.പി.സിന്ധുമോളും സംഘാടകത്വവും സാമൂഹ്യമര്‍പ്പണവും എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ഹരിദാസും ക്ലാസ്സുകളെടുക്കും.