Breaking News

ആദ്യകാവടി കുന്നിന്‍മുകളിലെത്തിച്ച് ആതിഥേയ കാവടി നിര്‍മാതാവ്

കൊടകര കുന്നതൃക്കോവില്‍ സുബ്രഹ്മണ്യക്ഷേത്രത്തില്‍ നടന്ന കാവടി പൂജ

കൊടകര :  വീഥികളില്‍ വിസ്മയക്കാഴ്ചകളൊരുക്കി കാവടിക്കൂട്ടങ്ങള്‍ വിലാസനൃത്തത്തിനിറങ്ങുന്ന  കൊടകര ഷഷ്ഠിക്കുമുമ്പായി കുന്നിന്‍മുകളിലെ മുരുകസന്നിധിയില്‍ ആദ്യകാവടിയെത്തിച്ച് പൂജയും കര്‍പ്പൂരാരതിയും നടത്തി ആതിഥേയകാവടി നിര്‍മാതാവ്.

കൊടകരയിലെ കാവടി നിര്‍മാതാവായ വെങ്ങലശ്ശേരി രാജനാണ് ഇക്കുറി പുതുതായി നിര്‍മിക്കുന്ന 10 കൊട്ടക്കാവടികളില്‍ ആദ്യകാവടി  കുന്നതൃക്കോവില്‍ സുബ്രഹ്മണ്യസ്വാമിയുടെ തിരുസന്നിധിയില്‍  പൂജക്കായി  പടികയറ്റിയത്.  കോവിഡ് കാലത്തിനുമുമ്പും രാജന്‍ കാവടിപ്പണി കഴിഞ്ഞാല്‍ മുരുകനുമുന്നില്‍ ആദ്യാര്‍ച്ചന നടത്താറുണ്ടായിരുന്നു. വൃശ്ചികമാസത്തിലാണ് ഉത്സവസീസണ്‍ ആരംഭിക്കുന്നതും ഈ മാസത്തില്‍തന്നെയാണ് കൊടകര, ആറേശ്വരം ഷഷ്ഠികളും ആഘോഷിക്കുന്നത്. വൃശ്ചികത്തിലെ ആദ്യശനിയാഴ്ചയായ  നവംബര്‍ 19 ന് ആറേശ്വരം ഷഷ്ഠിക്കും  29 ന് നടക്കുന്ന കൊടകര കുന്നത്തൃക്കോവില്‍ ഷഷ്ഠിക്കും രാജകാവടികളുടെ  നിറഞ്ഞാട്ടമുണ്ട്.
വര്‍ണക്കാവടികള്‍ വസന്തോത്സവം തീര്‍ക്കുന്ന കൊടകര ഷഷ്ഠിക്ക് 22 കാവടിസംഘങ്ങളാണ് ഇക്കുറി പങ്കെടുക്കുന്നത്. ആതിഥേയകാവടിസംഘമായ കാവില്‍ എന്‍.എസ്.എസ് കരയോഗം സെറ്റിലും വെല്ലപ്പാടി യുവജനസംഘം സെറ്റിലും ഇക്കുറി രാജന്റെ കാവടികളുണ്ടാകും.  കേരളത്തിലെ ഒട്ടുമിക്ക പൂയം, ഷഷ്ഠി, മറ്റു ഉത്സവങ്ങള്‍,പൂരങ്ങള്‍ എന്നിവക്ക്  രാജന്റെ കാവടികളുണ്ടാകും. പണ്ട് കൊടകര ഷഷ്ഠിക്കുള്ള പല സെറ്റുകാരും അതാതുകേന്ദ്രങ്ങളില്‍തന്നെയാണ് കാവടികള്‍ നിര്‍മിച്ചിരുന്നത്. തകില്‍വിദ്വാന്‍മാര്‍കൂടിയായിരുന്ന  തെക്കേമഠത്തില്‍ അപ്പുകുട്ടന്‍നായര്‍, മല്ലാട്ട് നാരായണന്‍നായര്‍,  എന്നിവരെക്കൂടാതെ  കാവുംതറ കൊച്ചുണ്ണി, ലക്ഷ്മണന്‍, നാരായണപിഷാരടി തുടങ്ങി പലരും കാവടി നിര്‍മിച്ചിരുന്നു.  ഗോപുരക്കാവടികളും പൂക്കാവടികളും കൊട്ടക്കാവടികളുമായി കേരളത്തിലെ ഒട്ടുമിക്ക ഷഷ്ഠിപ്പറമ്പുകളിലും ആടിത്തിമിര്‍ത്തിരുന്നത് കൊടകരയിലെ കാവടിക്കൂട്ടങ്ങളായിരുന്നു.നിര്‍മാണം മാത്രമല്ല നിരവധി ആട്ടക്കാരും കൊടകരക്കു സ്വന്തമായിരുന്നു. കാവടിയുമായി കുന്നിന്‍മുകളിലെ മുരുകസന്നിധിയിലെത്തിയ രാജന്റെ പ്രാര്‍ഥന ഇനിയൊരിക്കലും ഉത്സവസസീണുകള്‍ ഉപേക്ഷിക്കേണ്ടിവരരുതേ എന്നായിരുന്നു. ഇക്കുറി ധാരാളം ആഘോഷങ്ങള്‍ രാജന്‍ ഏറ്റിട്ടുണ്ട്. കാവടികള്‍ക്കുള്ള ആട്ടക്കാരേയും രാജനാണ് കൊണ്ടുപോകുക.  കുന്നതൃക്കോവില്‍ ക്ഷേത്രത്തില്‍ നടന്ന കാവടി പൂജക്ക് ക്ഷേത്രം മേല്‍ശാന്തി സ്യമന്ത്് ശര്‍മ്മ കാര്‍മികത്വം വഹിച്ചു. കാവടിനിര്‍മാണത്തില്‍ രാജന് സഹായികളായ ഭാര്യ ലീല ഉള്‍പ്പെടെ വീട്ടുകാരും കാവടി പൂജക്കെത്തി.

കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!