ചെമ്പുച്ചിറ : ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കായിക മേളയിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്ത വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി അനുമോദന റാലി സംഘടിപ്പിച്ചു. മറ്റത്തൂർ പഞ്ചായത്തും ചെമ്പുച്ചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച അനുമോദന റാലി കോടാലി ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു മറ്റത്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ സമാപിച്ചു.
റാലിയിൽ വിജയികളെ അനുമോദിച്ചുകൊണ്ട് മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അശ്വതി വിബി സംസാരിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. തിരുവനന്തപുരത്തുവച്ച് നടന്ന 64 മത് സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 4×100 മീറ്റർ റിലേ മത്സരത്തിൽ തൃശ്ശൂർ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മൂന്നാം സ്ഥാനം നേടുകയും ചെയ്ത ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 8 എട്ടാം ക്ലാസ്സ് വിദ്യാർഥിയായ മാസ്റ്റർ വിഷ്ണു സി എസ് ന് പ്രത്യേക അഭിനന്ദനങ്ങൾ നൽകി.
കൂടാതെ സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈ ജംപ് മത്സരത്തിൽ സംസ്ഥാനതലത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കിയ യാദവ് കൃഷ്ണ എപി, ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ലോങ്ങ് ജമ്പ് മത്സരത്തിൽ പങ്കെടുത്ത ഹരിഗോവിന്ദ് സി എൽ, തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ അണ്ടർ40 kg വിഭാഗത്തിൽ പങ്കെടുത്ത നയന ഇ എസ്, കണ്ണൂർ ജില്ലയിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിൽ പങ്കെടുത്ത അഭിജിത്ത് എന്നിവരെയും പ്രത്യേകമായി റാലിയിൽ അനുമോദിച്ചു.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദിവ്യ സുധീഷ്, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ പി, വൈസ് പ്രസിഡൻറ് എന്നിവർ വിദ്യാർത്ഥികളെ അനുമോദിച്ച് സംസാരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.ചെമ്പുചിറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ലിജ ടീച്ചർ, എച്ച് എം ഇന്‍ ചാർജ് ശ്രീമതി ഗീത ടീച്ചർ , സ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ സുധീഷ്, എം പി ടി എ പ്രസിഡൻറ് ശ്രീമതി മഞ്ജു സജി മറ്റ് പിടിഎ അംഗങ്ങൾ അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു. റാലിയിൽ ഉപജില്ല, റവന്യൂ ജില്ല കലാ-കായിക,പ്രവർത്തി പരിചയ, ശാസ്ത്രമേളകളിൽ വിജയികളായ മറ്റു വിദ്യാർത്ഥികളെയും അനുമോദിച്ചു.