Breaking News

വീട് തകര്‍ന്നു; സിസിലിക്ക് അന്തിയുറങ്ങാന്‍ അയല്‍വീട്

veedu photo (1)വെള്ളിക്കുളങ്ങര: വീട് തകര്‍ന്ന് വീണതോടെ ആശ്രയമില്ലാതെ മൂന്നുദിവസമായി അയല്‍വീട്ടില്‍ അഭയം തേടിയിരിക്കുകയാണ് 63കാരിയായ സിസിലി. മറ്റത്തൂര്‍ പഞ്ചായത്തിലെ മോനൊടിയില്‍ പരേതനായ എളപ്പുങ്കല്‍ ഏല്യാസിന്‍െറ ഭാര്യ സിസിലിയുടെ വീടാണ് ശനിയാഴ്ച തകര്‍ന്നത്. മൂന്നുസെന്‍റില്‍ ജീര്‍ണാവസ്ഥയിലുള്ള വീട് പുതുക്കിപ്പണിയാന്‍ അധികൃതരുടെ സഹായം തേടിയെങ്കിലും റേഷന്‍കാര്‍ഡ് എ.പി.എല്‍ ആയതിനാല്‍ അനുവദിച്ചില്ല.

കഴിഞ്ഞദിവസം വൈകീട്ടോടെയാണ് സിസിലിയുടെ വീടിന്‍െറ അടുക്കള ഭാഗത്തെ ചുമരും മേല്‍കൂരയും നിലംപൊത്തിയത്. കോണ്‍ക്രീറ്റ് സ്ളാബിനുമുകളില്‍ സ്ഥാപിച്ചിരുന്ന വാട്ടര്‍ടാങ്കും ഇടിഞ്ഞുവീണു. വീടിന്‍െറ ബാക്കി ഭാഗങ്ങള്‍ ഏതുസമയവും തകര്‍ന്നുവീഴാമെന്ന നിലയിലാണ്. അടുക്കളയിലായിരുന്ന സിസിലി അപകടസമയത്തിന് അല്‍പം മുമ്പ് പുറത്തിറങ്ങിയതിനാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. അടുക്കളയില്‍ ഉണ്ടായിരുന്ന ഭക്ഷണവും പാത്രങ്ങളും വീട്ടാവശ്യ ത്തിനുള്ള സാധനങ്ങളും ഗ്യാസ് അടുപ്പും നശിച്ചു. അഞ്ചുവര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചശേഷം ഒറ്റക്കാണ് ഇവര്‍ താമസിക്കുന്നത്. ഏകമകളുടെ വിവാഹത്തിന് ഉണ്ടായിരുന്ന ഭൂമി നല്‍കിയതോടെ മൂന്നുസെന്‍റ് പുരയിടം മാത്രമായി സിസിലിക്ക് സ്വന്തം. ഇപ്പോള്‍ അയല്‍വീട്ടുകാരുടെ കാരുണ്യത്തിലാണ് ഇവര്‍. രണ്ട് ആടുകളെ വളര്‍ത്തി കിട്ടുന്ന തുച്ഛവരുമാനമാണ് സിസിലിയുടെ ഏക ആശ്രയം.

കഴിഞ്ഞ രണ്ടുവര്‍ഷവും വീടിനുവേണ്ടി അപേക്ഷ നല്‍കിയെങ്കിലും ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളൂ എന്നുപറഞ്ഞ് നിരസിക്കുകയായിരുന്നു. ഈ വര്‍ഷം 10ാം വാര്‍ഡ് ഗ്രാമസഭ ഗുണഭോക്തൃ ലിസ്റ്റില്‍ സിസിലിയുടെ പേരുള്‍പ്പെടുത്തിയിരുന്നു. വാര്‍ഡ് മെംബറുടെ നിര്‍ദേശപ്രകാരം ആറുമാസം മുമ്പ് എഗ്രിമെന്‍റ് നടത്താന്‍ മുദ്രപത്രം വാങ്ങി പഞ്ചായത്തോഫിസില്‍ ചെന്നപ്പോള്‍ റേഷന്‍ കാര്‍ഡ് പരിശോധിച്ച് തിരിച്ചയക്കുകയായിരുന്നെന്ന് സിസിലി പറഞ്ഞു. കാര്‍ഡ് ബി.പി.എല്‍ ആക്കി മാറ്റാന്‍ അപേക്ഷിച്ചിട്ടും ഇതുവരെ പരിഗണിച്ചിട്ടില്ല.

നിയമ തടസ്സമുള്ളതുകൊണ്ടാണ് സിസിലിക്ക് വീടനുവദിക്കാന്‍ കഴിയാതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ശിവദാസന്‍ വിശദീകരിച്ചു. 2009ലെ ബി.പി.എല്‍ ലിസ്റ്റ് പ്രകാരമാണ് ഇപ്പോള്‍ വീടിന് അര്‍ഹതയുള്ളവരെ പരിഗണിക്കുന്നത്. പുതിയ ലിസ്റ്റ് ആയിട്ടില്ലെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!