Breaking News

മഠത്തില്‍ നാരായണന്‍കുട്ടിമാരാര്‍ ശതാഭിഷിക്തനാകുന്നു.

narayanankuttyഇരിങ്ങാലക്കുട : വാദ്യകലയിലും ക്ഷേത്രാടിയന്തിരച്ചടങ്ങുകളിലും കഴിഞ്ഞ 7 പതിറ്റാണ്ടായി നിറസാന്നിധ്യമായ മഠത്തില്‍ നാരായണന്‍കുട്ടിമാരാര്‍ ശതാഭിഷിക്തനാകുന്നു. ഉപാസിക്കുന്ന കലയുടെ സംശുദ്ധി കാത്തുസൂക്ഷിക്കാന്‍ വിട്ടുവീഴ്‌ച ക്കൊരുങ്ങാത്ത, ഏറെ അരിഷ്‌ടതകളേറ്റുവാങ്ങിയ പഴയ തലമുറയിലെ അവസാന കണ്ണിയാണ്‌ ഇദ്ദേഹം. കൊല്ലവര്‍ഷം 1104ല്‍ (എ.ഡി. 1929) ഇരിങ്ങാലക്കുടക്കടുത്ത്‌ മാപ്രാണത്ത്‌ മഠത്തില്‍ മാരാത്ത്‌ ഇച്ചിരി അമ്മയുടേയും, എളമാങ്കണത്ത്‌ നാണുമാരാരുടേയും മകനായി ജനിച്ച മാരാര്‍ 7ാം വയസ്സ്‌ മുതല്‍ കുലത്തൊഴില്‍ പഠനം ആരംഭിച്ചു. അന്തിക്കാട്‌ രാമന്‍കുട്ടിമാരാരുടെ ശിക്ഷണത്തില്‍ ചെണ്ട അഭ്യസിച്ചു. ഈ കാലയളവില്‍ തന്റെ ജ്യേഷ്‌ഠതുല്യനായ ചക്കംകുളം അപ്പുമാരാര്‍ ഒരു മുതിര്‍ന്ന സഹപാഠികൂടിയായിരുന്നു. തന്റെ 10ാം വയസ്സില്‍ അന്തിക്കാട്‌ കാര്‍ത്ത്യായനി ക്ഷേത്രത്തില്‍ അരങ്ങേറ്റം നടത്തി. തിരുവില്ല്വാമല കുളന്തസ്വാമിയില്‍ നിന്നാണ്‌ തായമ്പക പരിശീലിച്ചത്‌.

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിഌ 7 വര്‍ഷം തിരുവമ്പാടി വിഭാഗത്തും 31 വര്‍ഷം പാറമേക്കാവ്‌ വിഭാഗത്തും ഉരുണ്ടു ചെണ്ടയില്‍ ശ്രദ്ധേയനായി. പറ, പാന, വെള്ളരിപൂജ എന്നീ ചടങ്ങുകളില്‍ മാരാര്‍ക്കുള്ള അറിവ്‌ വലുതാണ്‌. പഞ്ചാരി, പാണ്ടി, ചെമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത, ധ്രുവം എന്നീ മേളങ്ങളിലൊക്കെ തികഞ്ഞ വൈദഗ്‌ധ്യമുള്ള മാരാരുടെ മേളം മേളക്കമ്പക്കാര്‍ക്ക്‌ എന്നും ഹരമാണ്‌. മേള കുലപതികളായ പെരുവനം നാരായണമാരാര്‍, പരിയാരത്ത്‌ കുഞ്ഞന്‍ മാരാര്‍, ചക്കംകുളം ശങ്കുണ്ണിമാരാര്‍, മഠത്തില്‍ കൊച്ചുഗോവിന്ദമാരാര്‍, കുറുപ്പത്ത്‌ നാണുമാരാര്‍, കുറുപ്പത്ത്‌ ഈച്ചരമാരാര്‍, പരിയാരത്തു കഞ്ചുമാരാര്‍, കാരേക്കാട്ട്‌ ഈച്ചരമാരാര്‍, മാക്കോത്ത്‌ നാണുമാരാര്‍, കുമരപുരം നാരായണമാരാര്‍, കുമരപുരം അപ്പുമാരാര്‍, പെരുവനം അപ്പുമാരാര്‍, പല്ലാവൂര്‍ അപ്പുമാരാര്‍, എന്നിവര്‍ക്കൊപ്പം നിന്നു മേളം കൊട്ടിയിട്ടുള്ള ജീവിച്ചിരിക്കുന്ന ഒരാള്‍ നാരായണന്‍കുട്ടി മാരാര്‍ മാത്രമാണ്‌. 35 വര്‍ഷക്കാലം തൃപ്പേക്കുളം അച്ചുതമാരാര്‍, മഠത്തില്‍ ഗോപാലമാരാര്‍, മഠത്തില്‍ നാരായണന്‍കുട്ടി മാരാര്‍ എന്ന കൂട്ടായ്‌മയില്‍ ഊരകത്തിന്റെ പഞ്ചാരിയും, പാണ്ടിയും സഹൃദയ ശ്രദ്ധ പിടിച്ചു പറ്റി. കലയെ ഉപാസനയായി കണ്ട മാരാരുടെ ലളിത ജീവിതവും അര്‍പ്പണ മനോഭാവവും പുതിയ തലമുറയ്‌ക്ക്‌ മാതൃകയാണ്‌. ആറാട്ടുപുഴ ശ്രീശാസ്‌താ പുരസ്‌ക്കാരം, കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ സംഗമേശ്വരമുദ്ര, കൊച്ചിന്‍ ദേവസ്വത്തിന്റെ മുല്ലപ്പള്ളി ഗോവിന്ദന്‍ നായര്‍ സ്‌മാരക പുരസ്‌ക്കാരം, ഉണ്ണായിവാരിയര്‍ സ്‌മാരക കലാനിലയത്തിന്റെ മേളകലാരത്‌നാകരം അവാര്‍ഡ്‌, തൃപ്രയാര്‍ ക്ഷേത്രത്തിന്റെ ശ്രീരാമപാദ സുവര്‍ണ്ണമുദ്ര, മാരാര്‍ ക്ഷേമസഭയുടെ കലാചാര്യ തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ മാരാരെ തേടി എത്തി. മഠത്തില്‍ നാരായണന്‍കുട്ടി മാരാര്‍ ഇപ്പോള്‍ ഇരിഞ്ഞാലക്കുട അടുത്ത്‌ മൂര്‍ക്കനാട്‌ മക്കളും മരുമക്കളുമായി വിശ്രമജീവിതം നയിക്കുന്നു. മൂര്‍ക്കനാട്‌ കോക്കാട്ട്‌ മാരാത്ത്‌ പരേതയായ സുലോചനയാണ്‌ ഭാര്യ. സുരജ, സുഭദ്ര, സുനിത, സുജാത, സുധീഷ്‌ (കുവൈറ്റ്‌) എന്നിവര്‍ മക്കളും പോറാത്തു മാരാത്ത്‌ ഉണ്ണിമാരാര്‍, നാരായണന്‍കുട്ടി, ജഗദീശന്‍, ദേവദാസ്‌, വിദ്യ എന്നിവര്‍ മരുമക്കളും ആണ്‌. പഴുവില്‍ രഘുമാരാര്‍, മൂര്‍ക്കനാട്‌ ദിനേശന്‍, സതീഷ്‌ ബാബു തുടങ്ങി ഒരുപാട്‌ ശിഷ്യന്മാര്‍ മാരാര്‍ക്കുണ്ട്‌.

ശതാഭിഷേകത്തോടഌബന്ധിച്ച്‌ ഓഗസറ്റ്‌ 4 ന്‌ കരുവന്നൂര്‍ മൂര്‍ക്കനാട്‌ ശിവക്ഷേത്രമൈതാനിയില്‍ രാവിലെ 9 മുതല്‍ സമാദരണസംഗമം,ഇരട്ടത്തായമ്പക,പാണ്ടിമേളം തുടങ്ങി വിപുലമായ പരിപാടികളാണ്‌ ഒരുക്കിയിരിക്കുന്നത്‌. പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍,അഡ്വ.പി.പ്രമോദ്‌,എം.രാജേന്ദ്രന്‍,പത്മനാഭന്‍ അന്തിക്കാട്‌,ദിനേശന്‍ മൂര്‍ക്കനാട്‌ എന്നിവര്‍ ഭാരവാഹികളായി വിപുലമായ സമാദരണസമിതി പ്രവര്‍ത്തിക്കുന്നു.

റിപ്പോർട്ട്‌ : കൊടകര ഉണ്ണി

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!