Breaking News

കടുവകളുടെ കണക്കെടുപ്പ് 16ന് തുടങ്ങും.

കൊടകര: കടുവകളുടെ കണക്കെടുപ്പ് നടക്കുന്നതിനാല്‍ ഈ മാസം 16 മുതല്‍ 23 വരെ ചിമ്മിനി വിനോദസഞ്ചാരകേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം നിരോധിച്ചതായി വനംവകുപ്പധികൃതര്‍ അറിയിച്ചു. പരിശീലനം നേടിയ വനംവകുപ്പു ജീവനക്കാരാണ് ഇത്തവണ കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. കടുവ സെന്‍സസിനു തിരഞ്ഞെടുത്തിട്ടുള്ള ജീവനക്കാര്‍ക്കായി പരിശീലന ക്ലാസുകള്‍ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായിവരികയാണ്. 2010ലാണ് ഏറ്റവും ഒടുവിലായി കടുവകളുടെ കണക്കെടുപ്പ് നടന്നത്. ഇതുപ്രകാരം 112 കടുവകളാണ് കേരളത്തിലെ വനങ്ങളിലുണ്ടായിരുന്നത്. 2010ലെ കണക്കുപ്രകാരം വയനാട് മേഖലയില്‍ 40, പെരിയാര്‍ മേഖലയില്‍ 38, പറമ്പിക്കുളം മേഖലയില്‍ 34 എന്നിങ്ങനെയാണ് കടുവകളെ കണ്ടെത്തിയത്.

Tigerതൃശ്ശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര വനമേഖലയില്‍ പെടുന്ന ആനപ്പാന്തം കാടുകളെ ഈയിടെ പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമായി ചേര്‍ത്തിരുന്നു. നേരത്തെ ആനപ്പാന്തം ആദിവാസി കോളനി സ്ഥിതിചെയ്തിരുന്ന പ്രദേശം അടക്കമുള്ള കാടുകള്‍ ഇപ്പോള്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ്. ഈ ഭാഗത്ത് കടുവകളുള്ളതായി വനംവകുപ്പ് സ്ഥാപിച്ച ഫോട്ടോട്രാപ്പിലെ ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിട്ടുണ്ട്.

പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വ് പരിധിയില്‍ ഇപ്പോള്‍ അമ്പതിലേറെ കടുവകളുള്ളതായാണ് കണക്കാക്കുന്നത്. കണക്കെടുപ്പിനു ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കപ്പെടൂ. കടുവകളെ കാണപ്പെടാനിടയുള്ള കാടുകളെ വിവിധ ബ്ലോക്കുകളാക്കി തിരിച്ചാണ് കണക്കെടുപ്പ് നടത്തുന്നത്. വെള്ളിക്കുളങ്ങര-3, പരിയാരം-9, പാലപ്പിള്ളി -4 എന്നിങ്ങനെ 24 ബ്ലോക്കുകളാണ് ചാലക്കുടി ഡിവിഷനു കീഴിലുള്ളത്.

വാഴച്ചാല്‍ ഡിവിഷനു കീഴില്‍ ഇത്തരത്തിലുള്ള 28 ബ്ലോക്കുകളുണ്ട്. ഓരോ ബ്ലോക്കിലും നാലോ അഞ്ചോ പേരടങ്ങുന്ന വനപാലകസംഘമാണ് വന്യമൃഗങ്ങളുടെ സാന്നിധ്യം നിരീക്ഷിച്ച് രേഖപ്പെടുത്തുക. കടുവകളുടെ സഞ്ചാരമാര്‍ഗങ്ങള്‍, കാലടിപ്പാടുകള്‍ എന്നിവ നിരീക്ഷിച്ചും ഫോട്ടോട്രാപ്പ് പോലുള്ള ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.

കടപ്പാട് : മാതൃഭൂമി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!