വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയിലേക്ക് കുടിവെള്ളമെത്തിക്കുന്ന മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജലപദ്ധതിയുടെ പ്രവര്‍ത്തനം അവതാളത്തിലായി. കിഴക്കേ കോടാലി പമ്പ്ഹൗസിലുള്ള മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് പമ്പിംഗ് നിലച്ചതോടെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം നിലച്ചിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ സ്ഥാപിച്ച 40 എച്ച്.പി.യുടെ പുതിയ സബ്‌മേഴ്‌സിബിള്‍ മോട്ടോറാണ് തകരാറിലായിട്ടുള്ളത്. ഇതിനു പകരം ശേഷികുറഞ്ഞ മോട്ടോര്‍ ഉപയോഗിച്ച് പമ്പിംഗ് നടത്തുന്നുണ്ടെങ്കിലും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനാവുന്നില്ല.
മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് മുരുക്കുങ്ങല്‍ , പുത്തനോളി, താളൂപ്പാടം, മാങ്കുറ്റിപ്പാടം ലക്ഷംവീട് കോളനി പരിസരം , മാങ്കുറ്റിപ്പാടം ശാന്തിനഗര്‍ , കടമ്പോട്, കുട്ടിച്ചിറ, വെള്ളിക്കുളങ്ങര, പോത്തന്‍ചിറ, കൊടുങ്ങ, കുറിഞ്ഞിപ്പാടം തുടങ്ങിയ പ്രദേശങ്ങളിലേക്ക് രണ്ടുദിവസത്തോളമായി കുടിവെള്ളം എത്തുന്നില്ല. വെയിലിന് കാഠിന്യമേറിയതോടെ പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി തുടങ്ങിയ സാഹചര്യത്തില്‍ കുടിവെള്ള വിതരണം നിലച്ചത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കയാണ്. പമ്പിംഗ് സ്റ്റേഷനുകളിലെ ഷിഫ്റ്റ് വര്‍ധിപ്പിക്കാത്തതും ജലക്ഷാമം രൂക്ഷമാക്കുന്നുണ്ട്. നിലവില്‍ രണ്ട് ഷിഫ്റ്റ് മാത്രമേ പമ്പിംഗ് നടത്തുന്നുള്ളു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ മൂന്ന് ഷിഫ്റ്റ് ഏര്‍പ്പെടുത്തി രാത്രിയിലും പമ്പിംഗ് നടത്തിയാല്‍ മാത്രമേ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കാനാവൂ.