കൊടകര : പറപ്പൂക്കര പഞ്ചായത്തിലെ ഉളുമ്പത്തുംകുന്ന് പ്രദേശവാസികൾക്ക് വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധീകരിക്കുന്നില്ലെന്ന് പരാതി. ഈ വെള്ളം ഉപയോഗിക്കുന്നവർക്ക് ശരീരത്തിൽ ചൊറിച്ചലും മറ്റ് അലര്‍ജികളും അനുഭവപ്പെടുന്നതായും പാകം ചെയ്യുന്ന ഭക്ഷണം പെട്ടെന്ന് കേടുവരുന്നതായും പരാതിയുണ്ട്.
പഞ്ചായത്ത് അധികാരികളെ ഇക്കാര്യം പലവട്ടം അറിയിച്ചിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വെള്ളം ഉപയോഗിക്കുന്നവർ പറഞ്ഞു. ഇക്കാര്യത്തിൽ പ്രദേശവാസികൾ സമരപരിപാടികൾ ആരംഭിക്കുമെന്നും പറഞ്ഞു. ഇതിന്റെ ഭാഗമായി ബി.ജെ.പി. ഉളുമ്പത്തുംകുന്ന് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിനും പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയെന്ന് ബി.ജെ.പി. പുതുക്കാട് നിയോജക മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് വടുതല നാരായണന് ബൂത്ത് പ്രസിഡന്റ് ഒ.പി. രതീഷ് സെക്രട്ടറി കെ.കെ. ദാസന് എന്നിവർ അറിയിച്ചു.