അകക്കണ്ണിന്റെ വെളിച്ചത്തില്‍ കലയുടെ കൈവഴികളില്‍ കൊടകരയുടെ സ്വന്തം വിനോദ്

കൊടകര : അകക്കണ്ണിന്റെ വെളിച്ചത്തില്‍ കലയുടെ കൈവഴികളിലൂടെ പ്രയാണം തുടരുകയാണ് കൊടകര കുന്നത്തറ കുന്നമ്പിള്ളി വിനോദ് എന്ന 49 കാരന്‍. കൊടകര കിഴക്കേ കുന്നമ്പിളളി ലക്ഷ്മിക്കുട്ടിയമ്മയുടേയും പൂക്കോട് പുത്തന്‍വീട്ടില്‍ വിമുക്തഭടന്‍ പരേതനായ നാരായണമേനോന്റേയും മകനായി 1971 ലാണ് വിനോദിന്റെ ജനനം.

ജന്മനാ കാഴ്ചശക്തിയില്ലാതിരുന്ന വിനോദ് കുട്ടിക്കാലം മുതല്‍ സംഗീതത്തിലും മറ്റു കലകളിലും ഏറെ തല്‍പ്പരനായിരുന്നു. കോട്ടയം ഒളശ്ശയിലേയും ആലുവ കീഴ്മാടിലേയും അന്ധവിദ്യാലയങ്ങളിലായിരുന്നു ആദ്യകാലപഠനം. അവിടത്തെ എല്‍.പി, യു.പി വിദ്യാഭ്യാസകാലത്തുതന്നെ വിനോദിന്റെ പ്രതിഭയെ അധ്യാപകരും സഹപാഠികളും അടുത്തറിഞ്ഞിരുന്നു. 1989 ല്‍ എറണാകുളത്തുവച്ചുനടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയതോടെ ഈ കാഴ്ചവൈകല്യമുള്ളവന്റെ കലാവൈഭവം കലാലോകം തിരിച്ചറിഞ്ഞു. ഏഴാംക്ലാസ്സിലായതോടെയാണ് കൊടകര സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളിലെത്തുന്നത്.

90 ലും 93 ലും സംസ്ഥാനകലോത്സവത്തില്‍ മിമിക്രിയില്‍ രണ്ടുതവണ രണ്ടാം സ്ഥാനം ലഭിച്ചു. അക്കാലത്ത് അധ്യാപകരും സഹവിദ്യാര്‍ഥികളുടേയും പ്രോത്സാഹനം വിനോദിന്റെ കലാപ്രതിഭയെ മുന്നോട്ടു നയിച്ചു. കൊടകര പ്രോവിഡന്‍സ് കോളേജില്‍നിന്നും പ്രീഡിഗ്രി വിജയിച്ച വിനോദ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയത് തൃശൂര്‍ കേരളവര്‍മ്മകേളോജില്‍ നിന്നായിരുന്നു. അവിടെ അക്കാദമിക് പഠനത്തിനൊപ്പം കലയും സാംസ്‌കാരികപ്രവര്‍ത്തനങ്ങളും കാമ്പസ് രാഷ്ടീയവുമൊക്കെയായിട്ടായിരുന്നു അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയത്.

മലയാളസാഹിത്യമായിരുന്നു വിനോദിന്റെ വിഷയം. പഠനശേഷം വിനോദ് പ്രീഡിഗ്രിക്കു പഠിച്ച പ്രോവിഡന്‍സ് എന്ന സമാന്തരകോളേജില്‍ 10 വര്‍ഷം മലയാളം അധ്യാപകനുമായി. അനുകരണകലയിലൂടെ അരങ്ങിലേക്കെത്തിയ വിനോദ് അഭ്രപാളികളിലെ അനവധി അതുല്യനടന്‍മാരുടെ ശബ്ദവും ഭാവവും സദസ്സിനു പരിചയപ്പെടുത്തി.തെരഞ്ഞെടുപ്പുകാലത്ത് ്രാഷ്ട്രീയപാര്‍ട്ടികള്‍ക്കുവേണ്ടിയുള്ള പ്രചാരണവാഹനങ്ങളില്‍ നിന്നും വിനോദിന്റെ ശബ്ദം കൊടകരക്കാര്‍ക്കു ചിരപരിചിതമാണ്. സംഗീതവും സാഹിത്യവും വിനോദിന് ജീവിതസപര്യയാണ്. വിനോദ് കൈവക്കാത്ത സംഗീതോപകരണങ്ങള്‍ വിരളമാണ്. പതിനെട്ടുവാദ്യങ്ങള്‍ക്കും മീതെയുള്ള ചെണ്ടയും തമിഴ്‌നാട്ടില്‍ തായ്വേരുള്ള തകിലും കച്ചേരികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത മൃദംഗവും വിനോദിന് വഴങ്ങും. തബലയും മുഖര്‍ശംഖും ഗഞ്ചിറയും ഘടവും വിനോദിന്റെ വിരലുകള്‍ തൊടുമ്പോള്‍ വിസ്മയസൗന്ദര്യമുതിര്‍ക്കും.

നെല്ലായി സതീശന്റേയും ബിന്ദുസതീശന്റേയും കീഴില്‍ കര്‍ണാടകസംഗീതം അഭ്യസിച്ച വിനോദ് പാലക്കാട് കെ.. മഹേഷ്‌കുമാറിന്റെ ശിക്ഷണത്തില്‍ മൃദംഗവും തൃശൂര്‍ ലോനപ്പന്‍ ആശാന്റെ കീഴില്‍ തബലയും കൊടകര മേളകലാസംഗീതസമിതിയില്‍ ചെണ്ടയും പരിശീലിച്ചു. തൃശൂര്‍ കൂട്ടം എന്ന നാടന്‍പാട്ടു സംഘത്തിനെ നയിച്ച വിനോദ് നാടന്‍പാട്ടുരംഗത്തും ശ്രദ്ധേയനാണ്. വാദ്യ-സംഗീതരംഗത്തു നിറസാന്നിധ്യമായ വിനോദിന്റെ സാഹിത്യത്തിലുള്ള വൈഭവം കാണാതിരിക്കരുത്.

കവിതകള്‍ ആലപിക്കുന്നതിലും വൃത്തനിബദ്ധമായ കവിതകളും ശ്ലോകങ്ങളും രചിക്കുന്നതിലും വിനോദിന്റെ പ്രതിഭ വിവരണാതീതമാണ്. കൊടകര അക്ഷരശ്ലോകസംഘം എന്ന വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലെ സജീവഅംഗമാണ് വിനോദ്. കാഴ്ചപരിമിതിയുണ്ടെങ്കിലും ആയിരക്കണക്കിനു ശ്ലോകങ്ങള്‍ വിനോദിന് മനപ്പാഠമാണ്. എല്ലാം കേട്ടു പഠിക്കുന്നതാണെന്നതാണ് വിനോദിന്റെ വിശേഷത. ഇങ്ങിനെ കലയും സാഹിത്യവും കരഗതമാണെങ്കിലും ജീവിതസാഗരത്തില്‍ കരയണയുന്നതിനായി അനവധികാലം ഭാഗ്യക്കുറി വില്‍പ്പനക്കാരനായും വിനോദ് വേഷമണിഞ്ഞു. എന്നാല്‍ ജീവിക്കാന്‍ വേണ്ടി ഭാഗ്യം വില്‍ക്കുന്നതിനിടയിലും മനസ്സാക്ഷി മരവിച്ച മനുഷ്യജന്മങ്ങളിലെ കപടവേഷധാരികള്‍ ഈ കാഴ്ചവൈകല്യമുള്ള കലോപാസകനെയും കബളിപ്പിച്ചു കടന്നുകളഞ്ഞത് വിനോദിനുമാത്രമല്ല നാടിനും നാട്ടാര്‍ക്കുമാകെ പ്രയാസമുണ്ടാക്കിയിരുന്നു.

ഏതാനും മാസം മുമ്പ് കൊടകര പൂനിലാര്‍ക്കാവ് ക്ഷേത്രത്തിനുമുമ്പില്‍ ഭാഗ്യക്കുറി വിറ്റുകൊണ്ടിരുന്ന വിനോദിനെ അജ്ഞാതനായ ഒരാള്‍ പണം നല്‍കാതെ ലോട്ടറി ടിക്കറ്റെടുത്ത് ഏകദേശം 2000 രൂപയോളം പറ്റിച്ച് മുങ്ങുകയായിരുന്നു. കൊറോണക്കാലം വന്നതോടെ വിനോദിന് യാതൊരു വരുമാനമാര്‍ഗവുമില്ല. വീട്ടിലെ വാദ്യോപകരണങ്ങളെ ഇടക്കിടെ പൊടിതട്ടിമിനുക്കുകയും അവയില്‍ ഒറ്റക്കിരുന്ന് താളമിടുകയുമാണ് വിനോദിന്റെ വിനോദം. വാസുപുരം കറുത്തേടത്ത് വേലായുധന്‍നായരുടേയും തലപ്പുലത്ത് അമ്മിണിയമ്മയുടേയും മകള്‍ പ്രേമയാണ് വിനോദിന്റെ ഭാര്യ.

കൊടകര ഉണ്ണി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!