കൊടകര : ഉത്തരേന്ത്യയില്‍ ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള വിഖ്യാതമായ ”നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൗണ്ടറി ആന്റ് ഫോര്‍ജ് ടെക്‌നോളജി” എന്ന സ്ഥാപനത്തില്‍ രജിസ്ട്രാറായി ഡോ. രഘുനാഥന്‍ ടി. നിയമിതനായി. കോഴിക്കോട് ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി’യില്‍ ഡെപ്യൂട്ടി രജിസ്ട്രാറായ ഇദ്ദേഹം കഴിഞ്ഞ 25 വര്‍ഷമായി ഇവിടെ സേവനമനുഷ്ഠിച്ചുവരവേയാണ് പുതിയ നിയമനം.
കൊടകര കാവില്‍ പരേതനായ വേട്ടേക്കുടത്ത് ഗോവിന്ദന്‍നായരുടേയും തോട്ടാപ്പിള്ളി മാലതിയമ്മയുടേയും മകനായ ഡോ. രഘുനാഥന്‍ കൊടകര ഗവ. ഹൈസ്‌ക്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. പിന്നീട് നിയമത്തിലടക്കം നാലു വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും, കര്‍ണ്ണാടക എന്‍.ഐ.ടി.യില്‍ നിന്ന് മാനേജ്‌മെന്റില്‍ ഡോക്ടറേറ്റും നേടി. ഉത്തരേന്ത്യയില്‍ സ്ഥിതിചെയ്യുന്ന കേന്ദ്ര ഗവണ്‍മെന്റ് അധീനതയിലുള്ള പ്രമുഖ സാങ്കേതിക കലാലയത്തില്‍ ഒരു മലയാളി രജിസ്ട്രാറായി സ്ഥാനമേല്‍ക്കുന്നത് ഇതാദ്യമായാണ്.